ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ ഇലയിട്ട് കൂൺ ബിരിയാണി കഴിക്കുന്ന വീഡിയോ വൈറലായി. തമിഴ്നാട്ടിൽ നിന്നുള്ള പ്രശസ്ത കുക്കിങ് യൂട്യൂബ് ചാനലായ വില്ലേജ് കുക്കിങ് ചാനലിലാണ് അതിഥിയായി രാഹുൽ ഗാന്ധി എത്തിയത്. പാചകം ചെയ്യുന്ന സംഘത്തോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ ബിരിയാണിക്കൊപ്പം കൂട്ടാൻ സാലഡ് തയാറാക്കുകയാണ് ആദ്യം ചെയ്തത്.
നിങ്ങളുടെ വിഡിയോ കണ്ടിട്ടുണ്ടെന്നും ഇത്തവണ ഭക്ഷണം ഉണ്ടാക്കുന്ന സംഘത്തിൽ തന്നെയും കൂട്ടണമെന്ന് രാഹുൽ ടീമിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കൂൺ ബിരിയാണി ഉണ്ടാക്കാൻ രാഹുലും ചേർന്നത്. തമിഴ് സ്റ്റൈലിൽ വെങ്കായം, തൈര്, കല്ലുപ്പ് എന്നിങ്ങനെ ഓരോ ചേരുവയും എടുത്തുപറഞ്ഞ് രാഹുൽ സംഘത്തിനൊപ്പം ചേർന്നു. ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് മുത്തച്ഛൻ രാഹുലിന്റെ കൈപിടിച്ച് പറഞ്ഞു.
പിന്നീട് ചാനൽ ഉടമകളുമായി സംസാരിച്ചു. വിദേശത്തുപോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് ഇവർ രാഹുൽ ഗാന്ധിയോടു പറഞ്ഞു. ഇവർക്കായുള്ള സഹായങ്ങൾ നൽകാമെന്നും രാഹുൽ വാക്കുനൽകി. ഇലയിട്ട് ബിരിയാണി രുചിച്ച ശേഷം രാഹുൽ പറഞ്ഞു– നല്ലായിറുക്ക്. തമിഴ് രുചിയിലുള്ള ഭക്ഷണം ഏറെ ആസ്വദിച്ചതായും രാഹുൽ പ്രതികരിച്ചു.
ഒരു മാസം പത്തു ലക്ഷത്തിലധികം രൂപ യൂട്യൂബിൽ നിന്ന് ഇന്ന് വരുമാനമായി സംഘത്തിന് ലഭിക്കുന്നു. ഫേസ്ബുക്കിൽ നിന്നുള്ള വരുമാനം വേറെ. രണ്ടു മുതൽ മൂന്നു ലക്ഷം വരെ രൂപയാണ് ഒരു മാസം പാചകത്തിനും ഷൂട്ടിങ്ങിനുമായി ചെലവഴിക്കുന്നത്. ബാക്കിയുള്ള തുക കൃത്യമായി പങ്കിട്ടെടുക്കും.