27 വർഷം കോള കുടിച്ചു; യുവതിക്ക് 14 പല്ലുകൾ നഷ്ടമായി!കോള ഉൾപ്പടെയുള്ള ശീതള പാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോയെന്ന ചർച്ച ഏറെക്കാലമായി തുടരുന്നുണ്ട്. എന്നാൽ ശീതള പാനീയ അഡിക്ഷനെ കുറിച്ച് അനുഭവങ്ങൾ പങ്കുവെക്കാൻ ആവശ്യപ്പെട്ട ഒരു ഇംഗ്ലീഷ് വെബ്സൈറ്റിന് ലഭിച്ച പ്രതികരണങ്ങൾ ഞെട്ടിക്കുന്നതാണ്. 27 വർഷം തുടർച്ചയായി കോള ഉപയോഗിച്ചതുവഴി 14 പല്ലുകൾ നഷ്ടമായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി. ലണ്ടനിലെ ലോകപ്രശസ്ത കോള നിർമ്മാണ കമ്പനിയിലെ ജോലിയാണ് തനിക്ക് ഈ അവസ്ഥയുണ്ടാക്കിയതെന്നും അവർ പറയുന്നു. ജീവനക്കാർക്ക് ജോലിക്കിടയിൽ എത്ര വേണമെങ്കിലും കോള കുടിക്കുന്നതിനുള്ള സൌകര്യം അവിടെയുണ്ട്. അതുകൊണ്ടാണ് ദിവസും വലിയ അളവിൽ താൻ കോള കുടിച്ചതെന്നും അവർ പറയുന്നു. ‘രാവിലെ 6 മണിക്ക് ഷിഫ്റ്റിന്റെ തുടക്കത്തിൽ ഞാൻ കോള കുടിക്കുന്നത് സാധാരണമാണ്’
ഒരു കോള ഫാക്ടറിയിൽ ജോലിചെയ്യുമ്പോൾ മിക്ക ബ്രാൻഡുകളും ജീവനക്കാർക്ക് സൌജന്യമായി ലഭ്യമാണ് എന്നാണ്. ദാഹിക്കുമ്പോഴൊക്കെ കോളയാണ് കുടിച്ചിരുന്നത്. സൈറ്റിലെ ഫ്രിഡ്ജുകളിൽ വിവിധ ബ്രൻഡുകളിലെ വരെയുള്ള എല്ലാ ശീതള പാനീയങ്ങളും ഉണ്ടാകും. രാവിലെ 6 മണിക്ക് ഷിഫ്റ്റിന്റെ തുടക്കത്തിൽ ഒരു കുപ്പി കോള കുടിക്കുന്നത് തികച്ചും സാധാരണമാണ്. ഒരു ദിവസം ഞാൻ അഞ്ചോ ആറോ 500 മില്ലി കുപ്പി കോള കുടിക്കാറുണ്ട്.
സ്ഥിരമായി കോള കുടിച്ചതിലൂടെ പലവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായി. കഫീൻ അടങ്ങിയതിനാൽ രക്തസമ്മർദ്ദം കൂടി. ഉത്കണ്ഠ, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളുമുണ്ടായി. അതിനു പുറമെയാണ് ഇക്കാലയളവിൽ 14 പല്ലുകൾ നഷ്ടമായത്. പല്ല് തേഞ്ഞുപോകുകയായിരുന്നു. ഇതോടെ കോള ഉപേക്ഷിച്ചു വെള്ളം ശീലമാക്കി. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ പൂർണമായും കോള ഉപേക്ഷിക്കാൻ സാധിച്ചതായും ഇവർ പറയുന്നു.