തിരുവനന്തപുരം: സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ച് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ എസ്.ഐ.യു.സി ഒഴികെയുള്ള നാടാര്‍ സമുദായങ്ങള്‍ക്ക് ഒ.ബി.സി സംവരണം നല്കാന് തീരുമാനിച്ചു. നിലവില്‍ നാടാര്‍ സമുദായത്തില്‍പ്പെട്ട ഹിന്ദു, എസ്.ഐ.യു.സി-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബാധിക്കാതെയാണ് ഇത് നടപ്പാക്കുകയെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദമാക്കിക്കൊണ്ടുള്ള പത്രകുറിപ്പിൽ പറയുന്നു.
സംവരണം ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. നേരത്തെ, ഈ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തരുത് എന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സംവരണം നിഷേധിക്കാനാവില്ല എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നത്.
ഈ മാസം അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും സര്‍ക്കാര്‍ നീട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആറ് മാസത്തേക്ക് ആണ് കാലാവധി നീട്ടിയത്. സി-ഡിറ്റിലെ 115 താല്‍ക്കാലിക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും. പല പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്നും നാമമാത്രമായ നിയമനം മാത്രമാണ് നടന്നതെന്ന് പരാതിയുണ്ടായിരുന്നു. റാങ്ക് ഹോള്‍ഡേഴ്സ് പലയിടങ്ങളിലും പ്രതിഷേധവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ആഗസ്ത് 31 വരെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്.
സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്ക് 2021 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം വീതം അരി കിലോഗ്രാമിന് 15 രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണം സംബന്ധിച്ച ആര്‍ബിട്രേഷനു വേണ്ടി റിട്ട. ജസ്റ്റിസ് കുര്യന് ജോസഫിനെ കേരള സര്‍ക്കാരിനെ പ്രതിനിധാനം ചെയ്യുന്ന ആര്‍ബിട്രേറ്ററായി നിയമിക്കാന്‍ തീരുമാനിച്ചു.
കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി വരുന്നത്. പ്ലാന്‍ ലഭിച്ചുകഴിഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം കൈപ്പറ്റ് സാക്ഷ്യപത്രം നല്‍കണം. ഈ രേഖ നിര്‍മ്മാണ പെര്‍മിറ്റായും കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള അനുവാദമായും കണക്കാക്കുന്ന വ്യവസ്ഥകള്‍ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പതിനൊന്നാം ശമ്പളകമ്മീഷന് ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതുക്കിയ ക്ഷാമബത്ത 2019 ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തോടെ നടപ്പാക്കും. കമ്മീഷന് ശുപാര്‍ശ ചെയ്ത അലവന്‍സുകള്‍ക്ക് 2021 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും.