ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരങ്ങൾക്കായി എത്തിയ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ചെന്നൈയിൽ ക്വറന്റീനിൽ പ്രവേശിച്ചു. ഇന്ത്യയിലെത്തിയതിന്റെ ആകാംക്ഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ഇംഗ്ലണ്ട് ടീമിൽ നിന്ന് ആദ്യം ഇന്ത്യയിലെത്തിയത് ബെൻ സ്റ്റോക്സാണ്. ഇന്ത്യക്കെതിരെ ക്രിക്കറ്റ് പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീം അംഗങ്ങൾ നാളെ ചെന്നൈയിലെത്തും. ആറു ദിവസത്തെ ക്വറന്റീന് ശേഷമാണ് പരിശീലനത്തിന് അനുമതിയുള്ളത്. ബെൻ സ്റ്റോക്സ് ഇന്നലെയാണ് ചെന്നൈയിലെത്തിയത്. നിലവിൽ ശ്രീലങ്കയിലുള്ള ടീമിനൊപ്പം സ്റ്റോക്സ് ഉണ്ടായിരുന്നില്ല.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോൾ ക്വറന്റീനിൽ കഴിയുന്ന ചെന്നൈയിലെ ഹോട്ടലിലെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് സ്റ്റോക്സ് ഇപ്പോൾ.
“ക്വറന്റീൻ ആദ്യദിനം, എല്ലാ ദിവസവും എന്റെ കിടക്ക ഞാൻ തന്നെ സജ്ജമാക്കണം. മികച്ച ജോലിയല്ല, മറിച്ച് അത് ചെയ്യേണ്ടതുണ്ട്. അതിനാൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇതെല്ലാം ഞാൻ തന്നെ ചെയ്യണം”- ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സ്റ്റോക്സ് പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ വിശ്രമത്തിലായിരുന്ന ജോഫ്ര ആർച്ചറും ഓപ്പണർ റോറി ബേൺസും സ്റ്റോക്സിനൊപ്പം ഉടൻ ചേരും. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് ഇംഗ്ലണ്ട് ജയിച്ചിരുന്നു. മറുവശത്ത്, ജോ റൂട്ടും മറ്റ് ടീം അംഗങ്ങളും ബുധനാഴ്ച ജനുവരി 27 ഇന്ത്യയിലെത്തും. അവരുടെ പരിശീലന ക്യാമ്പിന് പോകുന്നതിന് മുൻപായി അവരും ക്വറന്റീനിൽ പ്രവേശിക്കും. മൂന്ന് ദിവസത്തെ പരിശീലനം മാത്രമേ സന്ദർശകർക്ക് ലഭിക്കൂ.
ഫെബ്രുവരി 5 മുതൽ 9 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 13 മുതൽ 17 വരെയാണ്. ആദ്യ രണ്ട് ടെസ്റ്റുകളും ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇതിനുശേഷം ഒരു പകൽ- രാത്രി ടെസ്റ്റ് ഉൾപ്പെടെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കായി ടീം അംഗങ്ങൾ അഹമ്മദാബാദിലെ പുതുതായി നവീകരിച്ച മോട്ടേര സ്റ്റേഡിയത്തിലേക്ക് പോകും. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അഞ്ച് ടി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും. ടി20 മാർച്ച് 12ന് ആരംഭിക്കും. ഏകദിനങ്ങൾ 23-ാം തീയതി തുടങ്ങും. ഇതിനുശേഷം ഇന്ത്യയിൽ ഐപിഎൽ മത്സരങ്ങൾ നടക്കും.