കോവിഡ് മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധിയില്‍ നിന്ന് ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍. തലസ്ഥാന ജില്ലയില്‍ കോവളം തീരം സഞ്ചാരികള്‍ക്കായി തുറന്നതിനു പിന്നാലെ വേളിയും തിങ്കളാഴ്ച മുതല്‍ സജ്ജമാകും. ഒരിടവേളയ്ക്കുശേഷം വേളിയിലെത്തുന്നവര്‍ക്ക് പുതുമയൊരുക്കി ‘തീവണ്ടി’ സഞ്ചാരം ഏര്‍പ്പെടുത്തിയിരിക്കയാണ് ടൂറിസം വകുപ്പ്. അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുക്കിയ മിനിയേച്ചര്‍ റെയില്‍വെ, സ്വിമ്മിങ് പൂള്‍, വേളി അര്‍ബന്‍ പാര്‍ക്ക് എന്നീ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും.

സൗരോര്‍ജം ഉപയോഗിച്ചുകൊണ്ട് ഓടുന്ന ട്രെയിന്‍ ആണ് പ്രധാന ആകര്‍ഷണം. ഇതാകട്ടെ, രാജ്യത്തുതന്നെ ആദ്യമാണ്. പത്തുകോടിയോളം രൂപ ചെലവിട്ടാണ് ഈ സംവിധാനം ഒരുക്കിയത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടാക്കുന്ന അധിക വൈദ്യുതി കെഎസ്ഇബിക്കു നല്‍കാനാണ് പദ്ധതി.

ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള സ്വിമ്മിങ് പൂളിനായി രണ്ടരക്കോടി രൂപ ചെലവിട്ടിട്ടുണ്ട്. വേളി അര്‍ബന്‍ പാര്‍ക്കില്‍ ലാന്റ് സ്‌കേപ്പിങ്, ഫുഡ് കോര്‍ട്ട് എന്നിവയുമുണ്ട്. അഞ്ചുകോടി രൂപയാണ് ഇതിനായി ചെലവിട്ടത്. കേരളത്തിലാദ്യമായാണ് ഒരു ടൂറിസം കേന്ദ്രത്തില്‍ പ്രകൃതിഭംഗി ട്രെയിന്‍ യാത്രയിലൂടെ ആസ്വദിക്കാനുള്ള സംരംഭം ഒരുങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനുപുറമെ, ടൂറിസ്റ്റ് ഫെസിലിറ്റി സെന്റര്‍, കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവ സജ്ജമായിക്കൊണ്ടിരിക്കുകയാണ് വേളിയില്‍. വേളി ആര്‍ട്ട് കഫെ, അര്‍ബന്‍ വെറ്റ്‌ലാന്റ് നേച്ചര്‍ പാര്‍ക്ക് തുടങ്ങിയവയും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here