വളര്‍ത്തുനായയെ കാറില്‍ കെട്ടിയിട്ടു വലിച്ച വാര്‍ത്ത അടുത്തിടെയാണ് വലിയ വിവാദമായിരുന്നു. ശക്തമായ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. ഇപ്പോള്‍ തന്റെ കാഴ്ച ശക്തിയില്ലാത്ത വളര്‍ത്തുനായയുടെ വിശേഷം പങ്കുവെക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പോസ്റ്റാണ് വൈറലാവുന്നത്.

രണ്ടര വര്‍ഷം മുന്‍പാണ് സ്‌കൂബി അദ്ദേഹത്തിന്റെ വീട്ടില്‍ അം​ഗമാകുന്നത്. നീട്ടി വിളിച്ചാല്‍ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലില്‍ ഇടിച്ചു നില്‍ക്കുന്നതു ശ്രദ്ധിച്ചതോടെ ഡോക്ടറെ കണിക്കുകയായിരുന്നു. കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതല്‍ ഇഷ്ടത്തോടെ ഞങ്ങള്‍ ചേര്‍ത്തുപിടിച്ചെ‌ന്നും രമേശ് ചെന്നിത്തല കുറിക്കുന്നു. സ്കൂബിക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് പോസ്റ്റ്.

രമേശ് ചെന്നിത്തലയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

”വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച വാര്‍ത്ത കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്ബോഴാണ് അറിയുന്നത്.റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസര്‍ഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോള്‍, ഞങ്ങളുടെ വളര്‍ത്തുനായ സ്‌കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി. ഇളയമകന്‍ രമിത്ത് രണ്ടര വര്‍ഷം മുന്‍പാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകള്‍ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാല്‍ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലില്‍ ഇടിച്ചാണ് നില്‍ക്കുന്നത്. മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്‌കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലാകുന്നത്. കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതല്‍ ഇഷ്ടത്തോടെ ഞങ്ങള്‍ ചേര്‍ത്തുപിടിച്ചു തുടങ്ങി. ഏതെങ്കിലും ഒരു പോരായ്മ നികത്താനായി മറ്റെന്തെങ്കിലും കഴിവ് ദൈവം കൂടുതല്‍ നല്‍കും എന്ന് പറയുന്നത് സ്‌കൂബിയുടെ കാര്യത്തില്‍ ശരിയാണെന്ന് തിരിച്ചറിഞ്ഞു.

ചെത്തികൂര്‍പ്പിച്ച ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നു. സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്നേഹത്തോടെ പെരുമാറുക. സ്നേഹിച്ചാല്‍ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യര്‍ മാത്രമല്ല, അവര്‍ കൂടി അവകാശികളാണ്”

.

LEAVE A REPLY

Please enter your comment!
Please enter your name here