അട്ടപ്പാടിയില്‍ ആറു ദിവസമായി മഴ തകര്‍ത്തു പെയ്യുകയാണ്. ഭവാനിപ്പുഴ ദൗദ്രഭാവം പൂണ്ടപ്പോള്‍ പട്ടിമാളം കോണാര്‍ തുരുത്തില്‍ ഒരു കുടുംബം ഒറ്റപ്പെട്ടു.

പതിനൊന്നു മാസമായ മൈനയെയും എട്ടു മാസം ഗര്‍ഭിണിയായ അമ്മയെയും രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ ദിവസങ്ങളായി നടന്നിരുന്നു. എന്നാല്‍ വിജയിച്ചിരുന്നില്ല. തുടര്‍ച്ചയായ മഴയെ അവഗണിച്ച് ഇന്ന് നാട്ടുകാരും പ്രാദേശിക ഭരണകൂടവും അഗ്നിശമന സേനയുടെ സഹായത്തോടെ കുടുംബത്തെ രക്ഷപ്പെടുത്തി.

അറുപതുകാരിയായ പഴനിയമ്മയെ ആദ്യം പുഴയ്ക്കു മുകളിലൂടെ ഇക്കരെ എത്തിച്ചു. മകന്‍ മുരുകേശനും മുരുകേശന്റെ നെഞ്ചോടു ചേര്‍ന്നിരുന്ന് പേരക്കുട്ടി മൈനയും പിന്നാലെ എത്തി. എട്ടുമാസം ഗര്‍ഭിണിയായ മരുമകള്‍ ലാവണ്യ രൗദ്രരൂപിണിയായ ഭവാനിയുടെ മുകളിലൂടെ റോപ്പില്‍ എത്തിയത് പഴനിയമ്മയും മുരുകേശനും ശ്വാസം നിലച്ച് നോക്കി നിന്നു.

ഭവാനിപ്പുഴയ്ക്കു കുറുകേ സഞ്ചരിക്കാന്‍ നിര്‍മ്മിച്ചിരുന്ന മണ്‍തിട്ടയും താല്‍ക്കാലിക പാലവും കുത്തിയൊലിച്ചുപോയതോടെയാണ് കുടുംബം ഒറ്റപ്പെട്ടത്. ഗര്‍ഭിണിയെ റോപ്പിലൂടെ എത്തിച്ചാലുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മറികടക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് ഇന്ന് ഇവരെ രക്ഷപെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here