സോഷ്യല്‍മീഡിയായില്‍ പ്രതിഷേധം കത്തുന്നു

നെയ്യാറ്റിന്‍കരയില്‍ വീടൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തില്‍ സോഷ്യല്‍മീഡിയായില്‍ പ്രതിഷേധം കത്തുന്നു. പോലീസിന്റെ ഉത്തരവാദിത്ത രഹിതമായ ഇടപെടലാണ് ദമ്പതിമാരുടെ ജീവനെടുത്തതെന്ന ആരോപണമാണ് ഉയരുന്നത്.

സ്വന്തം പിതാവിന്റെ കുഴിമാടം വെട്ടുന്ന മകന്റെ വാക്കുകളാണ് ഏവരെയും കണ്ണീരണിയിക്കുന്നത്. പ്രായം കുറഞ്ഞ മേയറുടെ വാര്‍ത്ത പുളകംതീര്‍ക്കുന്ന മാധ്യമങ്ങള്‍ക്കിടയില്‍ നീറുന്ന വാക്കുകളായി കത്തിപ്പടരുകയാണ് രാജന്റെ മകന്റെത്. കുഴിമാടം വെട്ടുന്നത് വിലക്കാന്‍ ശ്രമിച്ച പോലീസുകാനെച്ചൂണ്ടിയാണ് ആ കുട്ടിയുടെ വാക്കുകള്‍.

”അമ്മ വിളമ്പി വെച്ച ചോറ് പോലും കഴിയ്ക്കാന്‍ സമ്മതിയ്ക്കാതെ പപ്പയെ പിടിച്ചു വലിച്ചു പുറത്തുകൊണ്ട് വരികയായിരുന്നു. ആ ചോറ് കഴിച്ചിട്ട് ഞങ്ങള്‍ ഇറങ്ങിക്കോളാം എന്ന് എന്റെ പപ്പ പറഞ്ഞു. അവര്‍ കേട്ടില്ല, എന്റെ പപ്പയെ ഈ സ്ഥലത്ത് അടക്കാന്‍ എങ്കിലും സമ്മതിയ്ക്കണം’ : –

ഈ വാക്കുകളാണ് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടയ്ക്കുമ്പോഴും ഈ വീഡിയോ നവമാധ്യമക്കൂട്ടായ്മകളില്‍ പടരുകയാണ്.


ഏക്കര്‍ കണക്കിന് ഭൂമി കൈയേറിയിട്ടല്ല, മൂന്നു സെന്റില്‍ ഒരു ഷെഡ് തീര്‍ത്തതിന് രണ്ടു ജീവന്‍ നമ്മുടെ മുന്നില്‍ കത്തിക്കരിഞ്ഞു വീണു. സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നില്ല. അച്ഛനും അമ്മയും തീയായി ആളിപ്പടരുന്നത് കണ്ട രണ്ടു മക്കള്‍. അവര്‍ മാത്രമേ ഉള്ളൂ മനസ്സില്‍. അച്ഛന് വേണ്ടി കുഴി വെട്ടുന്ന അവന്റെ നെഞ്ചിലെ തീയുടെ ചൂടാണ് ആ വാക്കുകളില്‍..’- സോഷ്യല്‍മീഡിയായ കൂട്ടായ്മകള്‍ കുറിച്ചു.

https://www.instagram.com/p/CJXmw94DnsWf1-KCELAiQLkzk0mfGP-WL0PJ0c0/

LEAVE A REPLY

Please enter your comment!
Please enter your name here