ഉദയ്പൂര്‍: വിവേകത്തെ വകരങ്ങള്ക്കു മുന്പില് അടിയറവ് വെയ്ക്കുന്ന സമൂഹത്തിന് മാതൃകയായി ക്ഷീരകര്‍ഷകന്റെ മകള്‍. കാലിത്തൊഴുത്തിന്റെ ഓരത്തിരുന്ന് പഠിച്ച പാല്‍ക്കാരന്റെ മകള്‍ ഇനി ജഡ്ജിയാകും. 26കാരിയായ സൊനാല്‍ ശര്‍മയാണ് പിതാവിന് അഭിമാനാര്‍ഹമായ നേട്ടം സമ്മാനിച്ചത്. രാജസ്ഥാന് ജുഡീഷ്യല്‍ സര്‍വീസിലേക്ക് നടന്ന പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ തന്നെ വിജയിച്ചിരിക്കുകയാണ് സൊനാല്‍. ബിഎ, എല്‍എല്‍ബി, എല്‍എല്‍എം പരീക്ഷകളും സ്വര്‍ണമെഡലോടെയാണ് സൊനാല്‍ പാസായത്. ഒരു
വര്‍ഷത്തെ പരിശീലനത്തിന് ശേഷം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായുള്ള നിയമനം ഉടന്‍ സൊനാലിനെ തേടിയെത്തും. ഖ്യാലി ലാല്‍ ശര്‍മയുടെ നാല് മക്കളില്‍ രണ്ടാമത്തെയാളാണ് സൊനാല്‍. ദിവസവും രാവിലെ നാലുമണിക്ക് ഉറക്കമെഴുന്നോറ്റ് സൊനാല്‍ പിതാവിനെ സഹായിക്കാനെത്തും. പാല് കറക്കാനും തൊഴുത്ത് വൃത്തിയാക്കാനും ചാണകം വാരാനും പാല് വിതരണത്തിനും എല്ലാം സൊനാലിന്റെ സഹായം പിതാവിനുണ്ട്.
2018ല്‍ നടന്ന ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയുടെ ഫലം 2019 നവംബറിലാണ് പ്രസിദ്ധീകരിച്ചത്. അന്ന് വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു സൊനാല്‍. എന്നാല്‍ മെയിന്‍ ലിസ്റ്റില്‍ ഉള്ള ചില ഉദ്യോഗാര്‍ഥികള്‍ എത്താതായതോടെ വെയിറ്റിംഗ് ലിസ്റ്റിലുള്ളവരോട് ജോലിയില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
‘സൊനാലിന് നിയമനം ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഒരു മാര്‍ക്കിന്റെ വ്യത്യാസത്തിന് വെയിറ്റിംഗ് ലിസ്റ്റിലാവുകയായിരുന്നു’- സൊനാലിന്റെ മാര്‍ഗനിര്‍ദേശി കൂടിയായ സത്യേന്ദ്ര സിങ് സങ്ക്ള പറയുന്നു. റാങ്ക് പട്ടികയിലുണ്ടായിരുന്ന ഏഴു പേര് നിയമനത്തിനെത്തിയില്ലെന്ന് മനസിലാക്കിയ സൊനാല്‍ രാജസ്ഥാന് ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കുകയായിരുന്നു. ഒഴിഞ്ഞ കിടക്കുന്ന ഏഴു സീറ്റുകളിലൊന്നില്‍ നിയമനത്തിന് എത്താന്‍ ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം സൊനാലിന് ലഭിച്ചു.
എന്നാല്‍ കോച്ചിങ്ങിനൊന്നും പോകാതെയാണ് സൊനാലിന്റെ ഈ നേട്ടം. പുസ്തകങ്ങളൊന്നും കാശുകൊടുത്ത് വാങ്ങാന്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ സൈക്കിളില്‍ കോളജിലെത്തി, അവിടത്തെ ലൈബ്രറിയില്‍ സമയം ചെലവഴിച്ചാണ് സൊനാല്‍ പഠിച്ചത്. ‘ഞങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് എന്റെ രക്ഷിതാക്കള്‍ കഠിനമായി ശ്രമിച്ചു. പഠനത്തിനായി നിരവധി വായ്പകളാണ് അച്ഛന് എടുത്തത്. പക്ഷേ ഒരിക്കലും ഇതിന്റെ പേരില്‍ പരാതി പറഞ്ഞിട്ടില്ല. ഇനി അവര്‍ക്കൊരു സന്തുഷ്ടമായ ജീവിത സാഹചര്യം ഒരുക്കണം’- സൊനാല്‍ പറയുന്നു. പശുത്തൊഴുത്തിന്റെ അരികില്‍ ഒഴിഞ്ഞ എണ്ണ ടിന്നുകള്‍ അടുക്കിവെച്ചതാണ് സൊനാലിന്റെ സ്റ്റഡി ടേബിള്‍. ‘മികപ്പോഴും എന്റെ ചെരിപ്പുകള്‍ ചാണകത്താല്‍ നിറഞ്ഞിരിക്കും. സ്കൂളിലായിരുന്നപ്പോള്‍ ഞാന്‍ ഒരു ക്ഷീരകര്‍ഷകന്റെ മകളാണ് എന്ന് സഹപാഠികളോട് പറയാന്‍ മടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ രക്ഷിതാക്കളെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു’ – സൊനാല്‍ പറയുന്നു.