റിക്രൂട്ടിംഗ് സമയത്ത് സാമ്പിള്‍ ചൂഷണം, പിന്നീട് അങ്ങോട്ട് ചൂഷണത്തിന്റെ കമ്പക്കെട്ട് നടത്തുന്ന ഉതുപ്പുമാരെ എന്തു ചെയ്യണം ?

0

Migrant workers Qatar World Cup‘…ദക്ഷിണ ഇന്ത്യയിലെ ഒരു പ്രമുഖ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ആസ്ഥാനം ചെന്നൈയിലാണ്. അവിടെനിന്നും സ്ഥിരമായി ഒരു പ്രതിനിധി കൊച്ചിയിലെത്തും. മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കുള്ള വരവ് മുടങ്ങിയാല്‍ ഏജന്‍സി വഴി ഗള്‍ഫിലേക്ക് മാസം തോറും നടക്കുന്ന നൂറുകണക്കിന് റിക്രൂട്ടിംഗുകള്‍ക്ക് തടസം നേരിടും…’ വിദേശ രാജ്യങ്ങളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന മറ്റൊരു സ്ഥാപനത്തിലെ മുതിര്‍ന്ന ജീവനക്കാരന്റെ വാക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ ലഭിച്ചത് പാവങ്ങളെ ചൂഷണം ചെയ്ത് കോടികള്‍ സമാഹരിക്കുന്ന ‘ഉതുപ്പുമാരുടെ’ ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ചെന്നൈയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി ഗള്‍ഫിലേക്ക് ജോലിക്കു പോകുന്നവരില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഈടാക്കുന്നുവെന്നാണ് വിവരം. റിക്രൂട്ടിംഗും റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ വിമാന ടിക്കറ്റ് അടക്കമുള്ള ചെലവുകളും കമ്പനികള്‍ വഹിക്കണമെന്നാണ് കുവൈറ്റ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ നിയമം. അവയെല്ലാം മറച്ചുവച്ചാണ് കുടുംബം പുലര്‍ത്താന്‍ ജോലി തേടിപോകുന്നവരെ കൊള്ളയടിക്കുന്നത്. റിക്രൂട്ടിംഗ് ഏജന്‍സികള്‍ പിരിക്കുന്ന ഈ പണത്തില്‍ നിന്ന് വിമാന ടിക്കറ്റ് ഇനത്തിലെന്ന പേരില്‍ കുവൈറ്റിലെ ഒരു മലയാളിയുടെ കമ്പനി 17,500 രൂപ കൈപ്പറ്റുന്നതിന്റെ രേഖകള്‍ ‘റൗണ്ടപ്‌കേരള’യ്ക്കു ലഭിച്ചു.

പ്രവാസി വ്യവസായിയുടെ കൊച്ചിയിലെ ഓഫീസില്‍ ഈ പണം കൃത്യമായി എത്തിയില്ലെങ്കില്‍, റിക്രൂട്ടിംഗ് ഏജന്‍സിക്കു നഷ്ടപ്പെടും. കരുണയില്ലാതെയുള്ള പെരുമാറ്റം കാരണം ജീവനക്കാര്‍ തുടരാന്‍ മടിക്കുന്ന ഈ വ്യവസായിയുടെ കമ്പനിക്ക് പ്രതിവര്‍ഷം 4000 മുതല്‍ 6000 വരെ ജീവനക്കാരെ റിക്രൂട്ട് ചെയ്യേണ്ടി വരുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. അങ്ങനെയെങ്കില്‍, സാധാരണക്കാരനെ അന്യായമായി ചൂഷണം ചെയ്ത് സ്വരൂപിക്കുന്ന പണത്തില്‍ നിന്ന് കമ്പനി ഉടമയുടെ പ്രതിവര്‍ഷ വിഹിതം ഏഴു കോടി രൂപയ്ക്കു മുകളിലാണ്.labour camp slug 3

ഇത് ചൂഷണത്തിന്റെ തുടക്കം മാത്രമാണ്. കുവൈറ്റിലടക്കം സര്‍ക്കാരുകള്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തിനെക്കാള്‍ കുറഞ്ഞ തുകയാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഈ വേതന നിരക്ക് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഡിമാന്റ് ലെറ്റര്‍ വാങ്ങുമ്പോള്‍ ഔദ്യോഗികമായി കാണിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. കുവൈറ്റിലെ നിയമപ്രകാരം 26 ദിവസമാണ് ഒരു മാസത്തെ പ്രവര്‍ത്തി ദിവസം. ഇതിന്റെ അടിസ്ഥാനത്തില്‍ വേണം ഓവര്‍ ടൈം, ലീവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍. എന്നാല്‍, ഈ കമ്പനി 30 ദിവസം പ്രവര്‍ത്തി ദിവസമായി കണക്കാക്കിയും ജീവനക്കാരെ കൊള്ളയടിക്കുന്നു. ഇന്ത്യന്‍ രൂപ 12,000 മുതല്‍ 20,000 രൂപ വരെ മാത്രം ശമ്പളം അനുവദിച്ചിട്ടുള്ള ജീവനക്കാരനില്‍ നിന്നുപോലും തെറ്റായ കണക്കുകള്‍ നിര്‍മ്മിച്ച് രണ്ടായിരവും മൂവായിരവും പിഴിയുന്നതിന്റെ ദയനീയ അനുഭവമാണ് റൗണ്ടപ്‌കേരളയോട് ഫോണിലൂടെ പല ജീവനക്കാരും പങ്കുവച്ചത്. (മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെക്കുറിച്ചുള്ള നല്ല അനുഭവങ്ങളും ഇ-മെയിലിലൂടെയും ഫോണിലൂടെയും ലഭിക്കുന്നുണ്ട്.)

റിക്രൂട്ടിംഗിന്റെ മറവില്‍, ചട്ടങ്ങള്‍ കാറ്റില്‍പറത്തി കോടികള്‍ സ്വരൂപിച്ചശേഷം ഗള്‍ഫിലും പീഡിപ്പിക്കുന്ന ഉതുപ്പുമാര്‍ക്കും ഉതുപ്പുമാരുടെ സഹായികള്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാരും സി.ബി.ഐയും എന്തു നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. കോടതി വഴിയും അല്ലാതെയൂം ലഭിച്ച ഇത്തരം നിരവധി പരാതികള്‍ ബന്ധപ്പെട്ടവര്‍ക്കു മുന്നിലുണ്ട്.

പല പ്രവാസി വ്യവസായികളുടെയും കുവൈറ്റിലെ കമ്പനികളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. 2010ല്‍ വെറും 6000 കെഡി മാത്രം ലാഭമുണ്ടായിരുന്ന കമ്പനിയുടെ മലയാളി ഉടമ ഇതിന്റെ നൂറു മടങ്ങ് പണമാണ് നാട്ടിലേക്ക് ഒഴുക്കിയിട്ടുള്ളത്.

നിയമവിരുദ്ധമായി സമാഹരിക്കുന്ന ഈ പണത്തിന്റെ സ്രോതസിന്റെ വിശദാംശങ്ങള്‍ അടുത്ത ലക്കത്തില്‍.

[junkie-toggle title=”നിങ്ങള്‍ക്ക് ഇത്തരം അനുഭവമുണ്ടോ ?” state=”open”] പ്രവാസി ജീവതത്തില്‍ നിങ്ങള്‍ കണ്ടതും നേരിട്ടതുമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാം: [email protected] [/junkie-toggle]


Loading...

LEAVE A REPLY

Please enter your comment!
Please enter your name here