കമ്പനി വിട്ടാല്‍ സമ്മാനം ‘നരക യാതന’, പാസ്‌പോര്‍ട്ട് മടക്കി കിട്ടാതെ നരകിക്കേണ്ടി വന്നവര്‍ നിരവധി

0
nbtc tweet
പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കല്‍ വിഷയത്തില്‍ ഒരു പ്രവാസി കേന്ദ്രമന്ത്രിക്കയച്ച ട്വീറ്റ്

ഒമ്പത് വര്‍ഷമായി രമേശ് (പേര് യഥാര്‍ത്ഥമല്ല) കുവൈറ്റിലാണ്. മാസങ്ങള്‍ക്ക് മുമ്പ് മലയാളി വ്യവസായിയുടെ കമ്പനി വിടാന്‍ തീരുമാനിച്ചത് ജീവിതം തകിടം മറിച്ച നിലയിലാണ് രമേശ്. ഗതികെട്ട് അലയുന്ന അവസ്ഥയിലാണ് താനെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് നല്‍കിയ സങ്കട ഹര്‍ജിയില്‍ രമേശ് വിശദീകരിക്കുന്നു.

10,000 ല്‍ അധികം ജീവനക്കാരുള്ള ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു രണ്ടു വര്‍ഷമായി ദിനേശ്. മികച്ച ഓഫര്‍ ലഭിച്ചപ്പോള്‍, 2016 ഫെബ്രുവരി 11ന് ഇവിടെ രാജി കത്ത് നല്‍കി. എച്ച്.ആര്‍. മാനേജര്‍ അടക്കമുള്ളവരുടെ അനമുതിയോടെ രാജിക്കത്ത് സ്വീകരിച്ച പ്രോജക്ട് മാനേജര്‍, നിയമപ്രകാരമുള്ള നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം തുടരാന്‍ നിര്‍ദേശിച്ചു. നോട്ടീസ് കാലയളവില്‍, കമ്പനിയുടമയായ പ്രവാസി വ്യവസായി രമേശിനെ നേരിട്ട് വിളിപ്പിച്ചു. കമ്പനി വിട്ടാല്‍ അനുഭവിക്കേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തി. തീരുമാനത്തില്‍ ഉറച്ചുനിന്ന രമേശിന്, നോട്ടീസ് കാലാവധി തീര്‍ന്നപ്പോള്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. എന്നാല്‍, പാസ്‌പോര്‍ട്ട് നല്‍കിയില്ല. മാനേജിംഗ് ഡയറക്ടറായ മലയാളി വ്യവസായി പാസ്‌പോര്‍ട്ട് നല്‍കരുതെന്ന് നിര്‍ദേശിച്ചതായി രമേശ് പറയുന്നു. ഇതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കിയതുമില്ല.

സംഭവം അന്വേഷിച്ച കുവൈറ്റ് സര്‍ക്കാരിന്റെ ലേബര്‍ വിഭാഗം കമ്പനി അധികൃതരോട് പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചെങ്കിലും സ്വാധീനത്തിന്റെ ബലത്തില്‍ കമ്പനി ഇതുവരെയും അതിനു തയാറായിട്ടില്ല. കുവൈറ്റ് ലേബര്‍ കോടതിയുടെ നിര്‍ദേശത്തെപ്പോലും വകവയ്ക്കാത്ത വ്യവസായിയുടെ നിലപാട് ഒറ്റപ്പെട്ട സംഭവമല്ലെന്നു മറ്റു തൊഴിലാളികളും പറയുന്നു. മലയാളി വ്യവസായിയുടെ കോപത്തിന് ഇരയായിട്ടുള്ള ആദ്യത്തെ വ്യക്തയല്ല താനെന്ന് രമേശ് കത്തില്‍ പറയുന്നു. മുതലാളിക്ക് അതൃപ്തി തോന്നിയ 400 ജീവനക്കാരെ, ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പ്രയോജനപ്പെടുത്തി, പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഒഴിവാക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ടത്രേ.


   പാസ്‌പോര്‍ട്ട് പിടിച്ചുവച്ച് പീഡനം: വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു

nbtc notice 1പാസ്‌പോര്‍ട്ട് പിടിച്ചുവച്ച് പീഡിപ്പിക്കുന്നതിനെതിരെ അടിയന്തര ഇടപെടലിന് കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അടിയന്തമായി പരിഹരിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെട്ടു തുടങ്ങി. രമേശ് വിഷയത്തില്‍ കമ്പനിക്ക് കുവൈറ്റിലെ ഇന്ത്യന്‍ എംബസി കത്തു നല്‍കി. എംബസിയെ അറിയിച്ചുകൊണ്ട്, സൗഹാര്‍ദത്തോടെ പ്രശ്‌നം പരിഹരിക്കണമെന്ന് ഓഗസ്റ്റ് 21ന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.


sunil jain
കമ്പനികളുമായി ഇന്ത്യന്‍ അംബാസഡര്‍ക്കുള്ള ബന്ധത്തിന്റെ തെളിവായി പരാതിക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്ന ചിത്രം.

പാസ്‌പോര്‍ട്ട് ലഭിക്കാതെ പുതിയ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സാധ്യമല്ല. തിരികെ നാട്ടിലേക്ക് വരാന്‍ പോലുമാകില്ല. രമേശിന്റെ ഭാര്യ കേരളത്തിലെ വീട്ടില്‍ ഗര്‍ഭിണിയാണ്. ഭാര്യയുടെ പ്രസവ സമയത്ത് നാട്ടിലുണ്ടാകാന്‍ സാധിക്കുമോയെന്ന് ഉറപ്പില്ലെന്നു മാത്രമല്ല, കുറച്ചു പണമെങ്കിലും സ്വരൂപിച്ച് അയക്കാനാകുമോയെന്നാണ് രമേശിന്റെ ഇപ്പോഴത്തെ ആശങ്ക. ജീവനക്കാരെ ക്രൂരമായി പീഡിപ്പിക്കുന്ന കമ്പനിക്കെതിരെ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കാനുള്ള ആശങ്കയും കേന്ദ്രമന്ത്രിക്കു ലഭിച്ച കത്തില്‍ വിശദമാക്കുന്നു. ഇതുവരെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ സമയം ലഭിക്കാത്ത ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ഈ കമ്പനിയിലെ നിത്യ സന്ദര്‍ശകനും ഉടമകളുടെ അടുത്ത സുഹൃത്തുമാണത്രേ.

ശമ്പളം വരെ തടഞ്ഞ് നിര്‍ബന്ധപുര്‍വ്വമാണത്രേ ചില കമ്പനികള്‍ പാസ്‌പോര്‍ട്ട് വാങ്ങുന്നത്. ഒരു ജീവനക്കാരനെ റിക്രൂട്ട് ചെയ്യുമ്പോള്‍ അതിന്റെ ചെലവ് കുവൈറ്റ് നിയമപ്രകാരം വഹിക്കേണ്ടത് കമ്പനിയാണ്. ഇതെല്ലാം അവഗണിച്ച് ഒരു ലക്ഷത്തിനു മുകളില്‍ പണം മുടക്കി, കുടുംബത്തെ സംരക്ഷിക്കാന്‍ എത്തിപ്പെടുന്നവരെയാണ് കമ്പനികള്‍ ഇത്തരത്തില്‍ ദയനീയമായി പീഡിപ്പിക്കുന്നത്. ഇന്റര്‍വ്യൂ സമയത്ത് പിരിക്കുന്ന ഈ പണത്തിന്റെ വലിയൊരു ഭാഗം വിവിധ പേരുകളില്‍ കമ്പനികള്‍ സ്വന്തമാക്കുന്നുവെന്ന് റൗണ്ടപ്‌കേരളയുടെ അന്വേഷണത്തില്‍ ബോധ്യമായി.

ദക്ഷിണേന്ത്യയിലെ ഒരു ഏജന്‍സി വഴി മാത്രം നടത്തുന്ന റിക്രൂട്ടിംഗിലുടെ സമാഹരിക്കുന്നത് കോടികളാണ്. ഇന്ത്യയിലും വിദേശത്തുമായി ഈ കമ്പനി മുതലാളിമാരിലെത്തുന്ന കോടികളെക്കുറിച്ച് അടുത്ത ലക്കത്തില്‍.

[junkie-toggle title=”നിങ്ങള്‍ക്ക് ഇത്തരം അനുഭവമുണ്ടോ ?” state=”null”] പ്രവാസി ജീവതത്തില്‍ നിങ്ങള്‍ കണ്ടതും നേരിട്ടതുമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാം: [email protected] [/junkie-toggle]


Loading...

LEAVE A REPLY

Please enter your comment!
Please enter your name here