അപ്പു എന്ന 22 വയസ്സുകാരനും പിതാവിനും മുത്തച്ഛനും സഹോദരനുമെല്ലാം ഒരു പ്രത്യേകതയുണ്ട്. ഇവരുടെ നാലുതലമുറയിലെ പുരുഷന്മാര്ക്ക് വിരലടയാളം ഇല്ല. പകരം അവിടെ മിനുസമാര്‍ന്ന ചര്‍മം മാത്രം. ബംഗ്ലാദേശിലെ വടക്കന്‍ ജില്ലയായ രാജ്ഷാഹിയിലാണ് ഈ അപൂര്‍വ കുടുംബം. അപൂര്‍വമായ ജനിതക വ്യതിയാനമാണ് ഇതിന് കാരണം. ഇത്തരത്തില്‍ വളരെ കുറച്ച് ആളുകള്‍ ഈ ലോകത്തുണ്ട്. എന്നാല്‍ ഈ അത്യപൂര്‍വ അവസ്ഥ ഈ കുടുംബത്തെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. 2008 ല്‍ അപ്പു കുഞ്ഞായിരിക്കെയാണ് ബംഗ്ലാദേശില്‍ മുതിര്‍ന്നവര്‍ക്കായി നാഷണല്‍ ഐ.ഡി. കാര്‍ഡ് നടപ്പാക്കിയത്. ഇതില്‍ വിരലടയാളം കൂടി വേണമായിരുന്നു. എന്നാല്‍ വിരലടയാളം ഇല്ല എന്ന് രേഖപ്പെടുത്തിയ ഒരു കാര്‍ഡാണ് അദ്ദേഹത്തിന് ലഭിച്ചത്
പിന്നീടും പ്രശ്നങ്ങളായി. 2010 ആയതോടെ പാസ്പോര്‍ട്ടിനും ഡ്രൈവിങ് ലൈസന്‍സിനുമെല്ലാം വിരലടയാളം നിര്‍ബന്ധമാക്കി. ഒരുപാട് നാളത്തെ പരിശ്രമത്തിനൊടുവില്‍ അപ്പുവിന്റെ പിതാവ് അമലിന് പാസ്പോര്‍ട്ട് ലഭിച്ചു; വിരലടയാളം ഇല്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റോടെ. പക്ഷേ, നാളിതുവരെ അത് ഉപയോഗിക്കാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടായിട്ടില്ല. എയര്‍പോര്‍ട്ടില്‍ ഇത് പ്രശ്നമാകുമോ എന്നാണ് അദ്ദേഹത്തിന്റെ ഭയം. അത്യാവശ്യമാണെങ്കിലും ഈ പ്രശ്നം മൂലം .ഡ്രൈവിങ് ലൈസന്‍സും ലഭിച്ചിട്ടില്ല. ഫീസടച്ച്, പരീക്ഷ പാസ്സായി എങ്കിലും വിരലടയാളമില്ലാത്തതിനാല് അധികാരികള്‍ ഇതുവരെ ലൈസന്‍സ് അനുവദിച്ചിട്ടില്ല. അതിനാല്‍ തന്നെ ലൈസന്‍സിന് ഫീസ് അടച്ചതിന്റെ രസീതുമായാണ് അമലിന്റെ യാത്രകള്‍. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. രണ്ട് തവണ പിഴശിക്ഷയില്‍ നിന്നും രക്ഷപ്പെടാനായില്ലെന്ന് അമല്‍ പറയുന്നു.
ഇപ്പോള്‍ അമലിനും അപ്പുവിനും ബംഗ്ലാദേശ് സര്‍ക്കാരിന്റെ പുതിയൊരു നാഷണല്‍ ഐ.ഡി. കാര്‍ഡ് ലഭിച്ചു. അതില്‍ വിരലടയാളത്തിന് പകരം മറ്റ് ബയോമെട്രിക് ഡാറ്റകളായ റെട്ടിന സ്കാനും ഫേഷ്യല്‍ റെക്കഗ്നിഷനും ചേര്‍ത്തിട്ടുണ്ട്. എങ്കിലും ഇവര്‍ക്കിപ്പോഴും സിംകാര്‍ഡും ഡ്രൈവിങ് ലൈസന്‍സും പാസ്പോര്‍ട്ടുമൊന്നും എടുക്കാനാവുന്നില്ല.