ദുരന്തമുഖത്തും അനൗചിത്യം കാട്ടുന്ന മാധ്യമപ്രവര്‍ത്തന രീതിക്കെതിരേ വിമര്‍ശനമുയരുന്ന കാലമാണ്. മരണപ്പെട്ട വീടുകളിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാമറകൊണ്ടുഴിഞ്ഞ് പാതിരാക്ക് ‘കുറ്റപത്രം’ തയ്യാറാക്കുന്ന ചാനല്‍ സിംഹങ്ങളെ പൊളിച്ചടുക്കുന്ന ആര്‍.ജെ. സലിമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

കൊട്ടാരക്കരയില്‍ നടന്ന രണ്ട് ആത്മഹത്യകള്‍ കൂട്ടിച്ചേര്‍ത്ത് ഇക്കിളി കഥമെനഞ്ഞ മനോരമ ചാനലിനെതിരേയാണ് കുറിപ്പ്. പ്രവാസിയുടെ ഭാര്യയെന്ന ഫോക്കസും ജീവിച്ചിരിക്കുന്ന മറ്റുള്ളവരെക്കുറിച്ചോര്‍ക്കാതെയുള്ള ദയാരഹിതമായ റിപ്പോര്‍ട്ടിങ്ങുമാണ് വിമര്‍ശിക്കപ്പെടുന്നത്. മനോരമയില്‍ എഴുതപ്പെട്ടത് വാര്‍ത്തയല്ല, വെറും പതിനൊന്നാംകിട കമ്പി സാഹിത്യമാണെന്നും മറ്റു മാധ്യമങ്ങളില്‍ വന്നത് നോക്കാനുള്ള ധൈര്യമുണ്ടായില്ലെന്നും സലിം കുറിച്ചു.

”നിന്റെയൊക്കെ വീട്ടിലാണ് ഇങ്ങനെയൊരു മരണം നടക്കുന്നതെങ്കില്‍ അപ്പോഴും സ്വന്തം മക്കളെയും അച്ഛനെയും അമ്മെയെയും ഷൂട്ട് ചെയ്ത കമ്പി പറയുമോ നീയൊക്കെ ? ” -എന്നും ചോദ്യമുയര്‍ത്തിയതോടെ നിരവധിപേരാണ് ഇക്കാര്യത്തില്‍ സലിമിനെ അനുകൂലിച്ചും മനോരമയ്‌ക്കെതിരേ പ്രതിഷേധമറിയിച്ചും രംഗത്തുവന്നിട്ടുള്ളതും.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമ്മളൂഹിക്കുന്നതിലും എത്രയോ ഇരട്ടിപ്പേരുടെ ജീവനും ജീവിതവുമാണ് മലയാളത്തിലെ മാധ്യമങ്ങള്‍ ദിവസേനയെന്നോണം തകര്‍ക്കുന്നത് എന്ന് നമ്മളറിയണം.
ഈ ജൂലൈ പതിനഞ്ചിനു കൊട്ടാരക്കരയില്‍ രണ്ട് ആത്മഹത്യകള്‍ നടന്നിരുന്നു. ഒരാണും ഒരു പെണ്ണും. പേരുകള്‍ മനപ്പൂര്‍വ്വം പറയുന്നില്ല. ദുരൂഹ സാഹചര്യത്തിലെ ആത്മഹത്യ എന്ന് കേട്ടപ്പോള്‍ തന്നെ മാധ്യമങ്ങള്‍ പറന്നു വന്നു. മരിച്ചതിലെ സ്ത്രീ പ്രവാസിയുടെ ഭാര്യയാണ്. വളരെ സ്വാഭാവികമെന്നോണം മാധ്യമങ്ങളും പോലീസും എത്തിയ നിഗമനം പ്രണയ നൈരാശ്യം എന്നാണു. പക്ഷെ അവര്‍ ഉപയോഗിച്ച വാക്കിവിടെ പറയാന്‍ കൊള്ളില്ല. പ്രവാസിയുടെ ഭാര്യ എന്നും മാധ്യമങ്ങള്‍ക്ക് ഹോട് ടോപിക് ആണല്ലോ.
പിന്നീട് ഈ കുടുംബത്തിനെ അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. മനോരമയില്‍ എഴുതപ്പെട്ടത് വാര്‍ത്തയല്ല, വെറും പതിനൊന്നാംകിട കമ്പി സാഹിത്യമാണ്. മറ്റു മാധ്യമങ്ങളില്‍ വന്നത് നോക്കാനുള്ള ധൈര്യമുണ്ടായില്ല. സംഗതിയുടെ സത്യാവസ്ഥ എന്തോ ആയിക്കോട്ടെ, അവിടെ ഇപ്പൊ ആ മരിച്ച സ്ത്രീയുടെ രണ്ടു കുട്ടികള്‍ ജീവിച്ചിരിപ്പുണ്ട്, ഭര്‍ത്താവുണ്ട്, അച്ഛനും അമ്മയും മറ്റു വീട്ടുകാരുമുണ്ട്. മനുഷ്യരാണെടോ, മാനവും അഭിമാനവും ഉള്ള മനുഷ്യര്‍. അത് പൊള്ളിപ്പോയാല്‍ ചിലപ്പോ ഇവരും ആ വഴി തന്നെ തിരഞ്ഞെടുത്തെന്നു വരും.
ഓണ്‍ലൈന്‍ പോര്‍ട്ടലിലും പത്രത്തിലും ഇക്കിളി എഴുതിയത് പോരാഞ്ഞിട്ട് കുറ്റപത്രമെന്ന വൈകൃത പരിപാടിയില്‍ അവരുടെ രണ്ടു മക്കളെയും വീടും ബന്ധുക്കളെയും ഉള്‍പ്പെടെ കാണിച്ചു ഇവരുടെ പെര്‍വേഷന്‍ തീര്‍ക്കുന്നു. ദൂരെ നിന്ന് വീട്ടിലേക്ക് സൂം ചെയ്യുന്ന ക്യാമറയില്‍ നിന്ന് ആ കുഞ്ഞു പയ്യന്‍ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്തൊരു അവസ്ഥയാണിത്. കുഴിമാടത്തിനരികെ അധികാരത്തോടെ ഇരുന്നാണ് ആ മാധ്യമ പ്രവര്‍ത്തകന്‍ പരിപാടി അവതരിപ്പിച്ചത്. കുട്ടികളുടെ പിന്നാലെ ക്യാമറ പോവുകയാണ്.
മരിച്ച സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിന്റെയും ഫോട്ടോയും ഈ കുട്ടികളുടെ ദൃശ്യങ്ങളും പബ്ലിക്കാക്കി ഈ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഉറപ്പായും നിയമ നടപടി നേരിടേണ്ട തെറ്റാണ് എന്നാണ് കരുതുന്നത്. ഇവരെ ഉത്തരം പറയിക്കണം. എന്ത് പറഞ്ഞാലും അതില്‍ തരിമ്പും അക്കൗണ്ടബിള്‍ അല്ലാത്തതിന്റെ കുത്തിക്കഴപ്പാണ് ഇവര്‍ക്ക്.
ആ കുട്ടികളും വീട്ടുകാരും നിങ്ങള്‍ക്കുള്ള അതേ മനുഷ്യാവകാശങ്ങള്‍ ഉള്ളവരാണ്. അവര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ മരിച്ചു. അതിന്റെ കാരണം എന്താണെങ്കിലും ഒരല്‍പം കരുണ അവര്‍ അര്‍ഹിക്കുന്നുണ്ട്. ഇങ്ങനെ വേട്ടയാടപ്പെടാന്‍ അവര്‍ എന്ത് തെറ്റാണു ചെയ്തത് ? അവര്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കേണ്ടതാണ്. ഈ വാര്‍ത്തകള്‍ ആ കുട്ടികളിലുണ്ടാകുന്ന ട്രോമ എത്ര വലുതായിരിക്കും ! അങ്ങനെ ഇവര്‍ കൊല്ലാതെ കൊന്ന അത്തരം എത്രയോ ഡാമേജ്ഡ് മനുഷ്യര്‍ എത്രയോ നമുക്ക് ചുറ്റും തന്നെയുണ്ട്. ഇന്നും ആ മുറിവോടെ ജീവിക്കുന്നവര്‍.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് നേരെയുള്ള വ്യാജ വാര്‍ത്തകള്‍ പോലെയല്ലിത്. കുറച്ചു സാധു മനുഷ്യരാണ്. മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ന്യൂസ് എയ്റ്റിനും പോലത്തെ വലിയ മാധ്യമങ്ങള്‍ മുതല്‍ ചെറുകിട മാധ്യമങ്ങള്‍ ഇതില്‍ കുറ്റക്കാരാണ്. രാത്രി ഇത്തരം ക്രൈം പരിപാടി കാണിക്കുന്ന എല്ലാ ചാനലിലും ഓരോ ദിവസം ഓരോ മനുഷ്യരെ ഇവര്‍ കൊന്നു തിന്നുന്നുണ്ട്. കോട്ടും സ്യൂട്ടും ഇട്ടു വന്നു സ്ത്രീകളുടെ പേരില്‍ വൈകൃത കഥകള്‍ പടച്ചുവിടാനാണ് ഇവനോക്കെ ചാനലും പത്രവും ശമ്പളം കൊടുക്കുന്നത്.
നയിച്ച് തിന്നൂടെടോ ?
നിന്റെയൊക്കെ വീട്ടിലാണ് ഇങ്ങനെയൊരു മരണം നടക്കുന്നതെങ്കില്‍ അപ്പോഴും സ്വന്തം മക്കളെയും അച്ഛനെയും അമ്മെയെയും ഷൂട്ട് ചെയ്ത കമ്പി പറയുമോ നീയൊക്കെ ? തെരുവില്‍ പട്ടിയെ തല്ലുന്ന പോലെ മാധ്യമങ്ങളെ ജനങ്ങള്‍ നേരിടുന്നൊരു കാലം വരും.അന്ന് പഠിക്കും നീയൊക്കെ.
ഈ ചെയ്തതില്‍ മനോരമ ഉത്തരം പറയണം. എത്രയും വേഗം അവര്‍ ആ പരിപാടിയുടെ ദൃശ്യങ്ങള്‍ ഇനിയും കൂടുതല്‍ ആള്‍ക്കാരെ കാണിക്കാതെ ആ കുട്ടികളുടെ ഭാവി കരുതിയെങ്കിലും നീക്കം ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here