ജാതിപ്പൂച്ച മാന്തിയ മലയാളി പുറംമോടി

0

വീട്ടില്‍ വളര്‍ത്തുന്ന മൃഗത്തിനുപോലും ജാതിവാല്‍ ചേര്‍ക്കുന്ന ലോകത്തിലാണ് സാംസ്‌കാരിക മലയാളി ജീവിക്കുന്നതെന്ന വിമര്‍ശനത്തിനിടയാക്കിയാണ് ഇംഗ്‌ളീഷ് പത്രത്തില്‍ ‘ചിഞ്ചുനായര്‍’ എന്ന പൂച്ചക്കുട്ടി പ്രത്യക്ഷപ്പെട്ടത്. നിര്യാതനായ ആ പാവം പൂച്ച പതുങ്ങിയിരിക്കുന്ന മലയാളിയുടെ ജാതിബോധത്തില്‍ മുഖമുരച്ചു, പുറംമോടികളെ മാന്തിക്കീറിയെടുത്ത് മുന്നേറുകയാണ്.

ആറ്റംബോബ് വീണാലും മിണ്ടാത്ത വിധം സാംസ്‌കാരിക നായകന്മാര്‍ അധഃപതിച്ചെങ്കിലും കൃത്യമായ വിമര്‍ശനത്തോടെ ട്രോളുടെ രാഷ്ട്രീയം ജാതിപ്പൂച്ചയെ പിടികൂടിയതുമാത്രമാണ് മലയാളിക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നത്. രാഷ്ട്രീയ നേതാക്കളോ എഴുത്തുകാരോ ആരും തന്നെ ‘നായര്‍പൂച്ച’ എന്ന ചിന്താഗതിയെ വിമര്‍ശിച്ചില്ല. സമൂഹത്തില്‍ വേരറ്റുപോകാതെ നില്‍ക്കുന്ന സകല വര്‍ഗജാതി ചിന്തകളും വളര്‍ന്ന് മരമാകുന്ന സന്ദര്‍ഭത്തിലും സോഷ്യല്‍മീഡിയായിലെങ്കിലും ഈ പ്രവണതകളിലെ പൊള്ളത്തരം പൊളിച്ചടുക്കാന്‍ ചെറുപ്പാക്കാര്‍ക്കെങ്കിലും കഴിയുന്നത് അഭിനന്ദനീയമാണ്.

ചിഞ്ചു നായര്‍ക്ക് പിന്നിലെ ചേതോവികാരം തെരഞ്ഞുപോയ മാതൃഭൂമിപോലും വീട്ടുകാരുടെ വികാരപ്രകടനമെന്ന നിലയിലാണ് വാര്‍ത്ത കണ്ടെത്തിയത്. പൂച്ചയെ ചികിത്സിക്കാന്‍ വന്ന ഡോക്ടറാണത്രേ ഈ പേരിടല്‍ ചടങ്ങ് നടത്തിയത്. പിന്നെയത് തിരുത്താന്‍ പോയില്ലെന്നാണ് ചിഞ്ചുപ്പൂച്ചയുടെ വീട്ടുകാര്‍ പറയുന്നത്.

ജാത്യാഭിമാനത്തിന്റെ മാരകവേര്‍ഷനെതിരേ വിമര്‍ശനമുന്നയിക്കുന്ന ട്രോളന്മാരെ കുറ്റപ്പെടുത്തുംവിധമാണ് മാതൃഭൂമി വാര്‍ത്തയൊരുക്കിയത്. പൂച്ചയ്ക്കും ജാതിയോ എന്ന ചോദ്യം ട്രോളന്മാരുടെ വിലാപമായും പൂച്ചയുടെ ‘ചിഞ്ചു നായര്‍’ എന്നപേരാണ് ട്രോളന്മാരെ പ്രകോപിതരാക്കിയതെന്നുമാണ് മാതൃഭൂമിയുടെ കണ്ടെത്തല്‍.

സാംസ്‌കാരിക മണ്ഡലത്തില്‍ ആഴ്ചപ്പതിപ്പിലൂടെ വാചോടോപം നടത്തുന്ന മാതൃഭൂമിയാണ് നവി മുംബൈയിലെ ഒരു ഫാമിലിയുടെ നിര്‍ദോഷ പൂച്ചക്കഥയെ പുറത്തുകൊണ്ടുവന്നത്. റിട്ട. അധ്യാപികയാണ് പൂച്ചയ്ക്ക് ജാതി വിശേഷണം നടത്തി ഓമനിക്കുന്നത് എന്നറിഞ്ഞതു മാത്രമാണ് മലയാളി നായന്മാര്‍ക്കും സകലജാത്യാഭിമാനികള്‍ക്കും ആശ്വാസമാകുന്നത്. ട്രോളന്മാര്‍ക്ക് അഭിവാദ്യം…എല്ലാ മിഥ്യാബോധങ്ങള്‍ക്കുമെതിരേ പ്രതികരിക്കാന്‍ നിങ്ങളെങ്കിലും ഈ നാടിനുവേണം.

LEAVE A REPLY

Please enter your comment!
Please enter your name here