2017 നവംബര്‍ 30-നാണ് നടന് അബി വിടപറഞ്ഞത്. മിമിക്രി രംഗത്തു നിന്നും ഉയര്‍ന്നുവന്ന് സിനിമയില്‍ എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കലാകാരനായിരുന്നു അബി. സ്വന്തംകഴിവിനൊത്ത് ഉയരാനുള്ള അവസരങ്ങള്‍ ലഭിക്കാതെപോയ കലാകാരനായിരുന്നു അബി. 1992- ല്‍ അബിയുടെ ആദ്യ അഭിമുഖം പങ്കുവച്ചിരിക്കയാണ് അബിയുടെ മകനും നടനുമായ ഷെയിന്‍നിഗം. അഭിമുഖത്തില്‍ വളരെ പച്ചയായി അഭിപ്രായം പറയുന്ന അബിയെയാണ് കാണാവാനുക.
ഒരിക്കലും കലാകാരനാകാന്‍ ആഗ്രഹിച്ചില്ലെന്നും പട്ടാളക്കാരനാകാനായിരുന്നു ഇഷ്ടമെന്നും അദ്ദേഹം പറയുന്നുണ്ട്. കലയോടുള്ള അമിതമായ സ്നേഹമൊന്നുമില്ലെന്നും പക്ഷേ അഡിക്റ്റായിപ്പോയെന്നും അബി പറയുന്നു. സ്വതവേ മടിയാണെന്നും മിമിക്രി പണമുണ്ടാക്കാനുള്ള വഴിയായാണ് കാണുന്നതെന്നും അബി തുറന്നു പറയുന്നു. സമൂഹത്തിന് ഉപകാരം ചെയ്യുക എന്നതിലുപരി ചിരിക്കാനുള്ള ചെപ്പടിവിദ്യയാണ് മിമിക്രിയെന്നും കുറച്ചുപേര്‍ക്ക് ചിരിക്കാനുള്ള ഉപാധി മാത്രമാണതെന്നും അബി പറയുന്നു.
ഗിമിക്കുകളൊന്നുമില്ലാതെ സംസാരിക്കുന്ന അബി, പലപ്പോഴും ഷെയിന്നിഗത്തെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. അടുത്തിടെ ഷെയിന്‍ സോഷ്യല്മീഡിയായിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍വിവാദമായിരുന്നു. സിനിമയ്ക്കുവേണ്ടി വളരെയധികമൊന്നും ശ്രമിച്ചിട്ടില്ലെന്നും അബി ആദ്യ അഭിമുഖത്തില്‍തന്നെ വ്യക്തമാക്കുന്നുണ്ട്.