സ്വപ്‌നം വിതച്ച് നടക്കും കലാലയങ്ങളെ ഓര്‍മ്മിപ്പിച്ച് അഭിമന്യുവിന്റെ പാട്ട്

0

വലുതും ചെറുതുമായ എല്ലാ കലാലയങ്ങളും പങ്കുവയ്ക്കുന്നത് ഒരേ സ്വപ്‌നങ്ങളാണ്. യുവത്വത്തിന്റെ തുടിപ്പുകളും രസങ്ങളും പങ്കുവയ്ക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ ഒരാഘോഷക്കാലം. കാലങ്ങള്‍ക്കിപ്പുറത്തും അപ്പുറത്തും ഓരോ കലാലയങ്ങളും മോഹിപ്പിക്കുന്ന ആ കാഴ്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ആ സ്വപ്‌നങ്ങളില്‍ നഷ്ടങ്ങളും പ്രതീക്ഷകളുമുണ്ട്.

കത്തിമുനയില്‍ ചോരയൊളിപ്പിച്ച് നിഷ്‌കളങ്കവേഷംകെട്ടി കലാലയത്തിനുള്ളില്‍ കലാപം സൃഷ്ടിക്കാനിറങ്ങുന്നവര്‍ക്ക് ആ കലാലയഭാഷ മനസിലാക്കാനാവില്ല. കാമ്പസിനു പുറത്തുനിന്നുള്ള ഗുണ്ടാസംഘമെത്തി, അഭിമന്യു എന്ന പത്തൊമ്പതുകാരനെ കുത്തിക്കീറിയിട്ടപ്പോള്‍ കേരളം തേങ്ങുന്നതും ആ കാരണം കൊണ്ടുതന്നെ.

നവമാധ്യമങ്ങളില്‍ ആ പത്തൊമ്പതുകാരന്റെ പാട്ട് ആ തേങ്ങലിന് ആക്കംകൂട്ടുന്നുണ്ട്. ”റോസാപ്പൂ മാല തരാം, റോഡരികില് വീടു തരാം…എന്റെ കൂടെ പോരുമോ പെണ്ണേ…” എന്ന പാട്ടിനൊപ്പം കൈകൊട്ടി താളംപിടിച്ചിരിക്കുന്ന കുട്ടികള്‍. മഹാരാജാസിന്റെ ഇടനാഴിയിലിരുന്ന് അവന്‍ പാടിയ ”പെണ്ണേ എടി പെങ്കൊച്ചേ നീ എന്നെ മറന്നില്ലേ…” എന്ന ഗാനവും ഏവരുടെയും കലാലയസ്മരണങ്ങളിലെ കണ്ണുനീരാകുകയാണ്.

ഓരോ കലാലയത്തിന്റെയും ഇടനാഴികളില്‍ അവന്റെ പാട്ട് എക്കാലത്തും മുഴങ്ങിക്കേള്‍ക്കും. കാലങ്ങള്‍ക്കപ്പുറത്തും ഇപ്പുറത്തും എത്രയോ പേരറിയാപ്പാട്ടുകാര്‍ ഇരുന്നുപാടുന്നുണ്ട്. അതില്‍ അഭിമന്യുയെന്ന കണ്ണുനീര്‍തുള്ളിയും.

ആ ആഘോഷക്കാലത്തിനെ ചോരയില്‍ മുക്കിയെടുക്കാനിറങ്ങുന്നവര്‍ക്ക് മനസിലാകാതെ പോകുന്നതും കലാലയത്തിന്റെ ഈ പാട്ടുകളാണ്. ഹൃദയമില്ലാത്തവരുടെ മുന്നില്‍ എന്തു പാട്ട്…?


Loading...

LEAVE A REPLY

Please enter your comment!
Please enter your name here