ഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്ട്സ് ആപ്പിന്റെ സ്വകാര്യതാനയം സ്വീകരിക്കുന്നത് സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്ന് ഡൽഹി ഹൈക്കോടതി. സ്വകാര്യതാനയം സ്വീകരിച്ച് വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നത് തുടരാനും പ്ലാറ്റ്ഫോം ഉപയോഗിക്കാതിരിക്കാനും സ്വയം തിരഞ്ഞെടുക്കാമെന്നും കോടതി വ്യക്തമാക്കി.
‘ഇത് ഒരു സ്വകാര്യ ആപ്ലിക്കേഷനാണ്. ഇതിൽ ചേരരുത്. ഇത് ഒരു സ്വമേധയാ ഉള്ള കാര്യമാണ്, അത് സ്വീകരിക്കരുത്. മറ്റ് ഏതെങ്കിലും ആപ്പുകൾ ഉപയോഗിക്കൂ’ – വാട്ട്സ് ആപ്പിന്റ് പുതിയ സ്വകാര്യതാനയത്തെ വെല്ലുവിളിച്ച പരാതിക്കാരനായ അഭിഭാഷകനോട് ജസ്റ്റിസ് സഞ്ജീവ് സച്ദേവ പറഞ്ഞു. ഫെബ്രുവരിയിൽ നിലവിൽ വരുമെന്ന് പറഞ്ഞ വാട്ട്സ് ആപ്പിന്റെ സ്വകാര്യതാനയം മെയ് വരെ നീട്ടിയിട്ടുണ്ട്. മിക്ക മൊബൈൽ ആപ്ലിക്കേഷനുകളുടെയും നിബന്ധനകളും വ്യവസ്ഥകളും വായിച്ചാൽ നിങ്ങൾ എന്തിനൊക്കെയാണ് അനുമതി നൽകുന്നതെന്ന് ആശ്ചര്യപ്പെടുമെന്നും കോടതി പറഞ്ഞു. ഗൂഗിൾ മാപ്പ് പോലും നിങ്ങളുടെ എല്ലാ ഡാറ്റയും പിടിച്ചെടുക്കകയും സംഭരിക്കുകയും ചെയ്യുന്നുവെന്നും കോടതി പറഞ്ഞു.
അതേസമയം, വാട്ട്സ് ആപ്പിനും ഫേസ്ബുക്കിനും വേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, മുകുൾ റോഹതഗി എന്നിവരാണ് ഹാജരായത്. ഹർജി നിലനിർത്താനാവില്ലെന്നും അതിൽ ഉന്നയിച്ച പല പ്രശ്നങ്ങളും അടിസ്ഥാനരഹിതമാണെന്നും അഭിഭാഷകർ കോടതിയോട് പറഞ്ഞു.
കുടുംബവും സുഹൃത്തുക്കളും തമ്മിലുള്ള സ്വകാര്യ ചാറ്റ് സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്തതായിരിക്കുമെന്നും
അതൊന്നും വാട്ട്സ്ആപ്പ് ശേഖരിക്കില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. നയത്തിലെ മാറ്റം വാട്ട്സ്ആപ്പിലെ ബിസിനസ് ചാറ്റുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് അവർ പറഞ്ഞു. അതേസമയം, അപ്ഡേറ്റു ചെയ്ത സ്വകാര്യതാ നയം ഭരണഘടന പ്രകാരം ഉപയോക്താക്കൾക്ക് സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നുവെന്ന് പരാതിക്കാരൻ വാദിച്ചു.