തിരുവനന്തപുരം: കോവിഡ് 19 പരിശോധനയ്ക്കു സ്രവം ശേഖരിക്കാന്‍ വികസിപ്പിച്ചെടുത്ത സ്വാബുകളുടെ ‘കണ്ടു പിടുത്തം’ വിവാദത്തില്‍. സ്വന്തം കണ്ടെത്തലായി തിരുവനന്തപുരത്തെ ശ്രീചിത്ര അവതരിപ്പിച്ച, അംഗീകാരത്തിനായി ഐ.സി.എം.ആറിനെ സമീപിച്ച രണ്ടു സ്വാബുകളും നിര്‍മ്മിച്ചത് തൃശൂര്‍ അന്തിക്കാട്ടെ സ്വകാര്യ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനി. ‘പുതിയതല്ലാത്ത’ കണ്ടെത്തല്‍ പാറ്റന്റിനായി സമര്‍പ്പിച്ചിരിക്കുന്നതാകട്ടെ, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയെന്ന പേരുകേട്ട സ്ഥാപനത്തിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ പേരിലും.

അന്തിക്കാട്ടെ എ.എന്‍.ബി. ടൂളേഴ്‌സിനെ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയുട്ടിനു വേണ്ടി സ്വാബുകള്‍ നിര്‍മ്മിക്കാന്‍ സമീപിച്ചത് ഇടനിലക്കാരായ മല്ലേലില്‍ ഇന്‍ഡസ്ട്രീസാണ്. എന്നാല്‍, ലോക്ഡൗണ്‍ കാലത്ത് എ.എന്‍.ബി. ടൂളേഴ്‌സിന് സ്വാബിന്റെ നിര്‍മ്മാണത്തിനായി തടസം കൂടാതെ പ്രവര്‍ത്തിക്കുന്നതിന് അനുമതികള്‍ നേടാന്‍ ശ്രീചിത്ര നല്‍കിയ കത്ത് പുറത്തുവന്നു. ഇതിനു പുറമേ കേരളത്തിലെ രണ്ടു കമ്പനികള്‍ക്കു കൂടി എ.എന്‍.ബി. ടൂളേഴ്‌സ് സ്വാബുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിലൊരു കമ്പനി തങ്ങളുടെ ഉല്‍പ്പന്നത്തിന് അംഗീകാരം തേടി ഐ.സി.എം.ആറിനെ സമീപിച്ചിട്ടുമുണ്ട്. ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫില്‍ നിന്നും അവരുടെ താല്‍പര്യത്തിനനുസരിച്ചുള്ള സ്വാബുകള്‍ നിര്‍മ്മിക്കാന്‍ എ.എന്‍.ബി. ടൂളേഴ്‌സിലേക്ക് അന്വേഷണം എത്തിയിട്ടുണ്ട്.

സ്വാബുകള്‍ നിര്‍മ്മിച്ചശേഷം അവയുടെ ഗുണനിലവാര പരിശോധനകളാണ് ശ്രീചിത്രയില്‍ നടന്നതെന്നാണ് അന്തിക്കാട്ടുനിന്നു പുറത്തുവരുന്ന വിവരം. ഇതുകൂടാതെ സ്വബുകളുടെ കഥ എഴുതിയുണ്ടാക്കിയതിന്റെയും അധികാരികള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചതിന്റെയും ക്രെഡിറ്റും ശ്രീചിത്രയിലെ തലമുതിര്‍ന്നവര്‍ക്ക് അവകാശപ്പെടാം.

കൊവിഡ്19 പരിശോധനയ്ക്ക് സ്രവം ശേഖരിക്കുന്നതിനുള്ള രണ്ടുതരം സ്വാബുകളും (Swab) വികസിപ്പിച്ചുവെന്നാണ് അടുത്തിടെ ശ്രീചിത്ര അവകാശപ്പെട്ടത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാനും ഇതിലൂടെ ശ്രീചിത്രയ്ക്ക് സാധിച്ചിരുന്നു. വൈറസിലെ ജീനുകള്‍ ആംപ്ലിഫൈ ചെയ്ത് സാര്‍സ് ‌കോവ് 2ന്റെ സാന്നിധ്യം കണ്ടെത്തി കൊവിഡ്19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്ക് മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്ന് സ്രവം ശേഖരിക്കുന്നത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തവയാണ് പുതിയ സ്വാബുകള്‍. പ്ലാസ്റ്റിക് ഷാഫ്‌റ്റോട് കൂടിയ കൃത്രിമ നാരുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്വാബുകളാണ് സ്രവം ശേഖരിക്കുന്നതിന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ശിപാര്‍ശ ചെയ്യുന്നത്. ലഭ്യമാണെങ്കില്‍ ഫ്‌ളോക്ക് ചെയ്ത (Flocked) സ്വാബുകളാണ് കൂടുതല്‍ അഭികാമ്യം. ചിത്ര എംബെഡ് (EmBed) ഫ്‌ളോക്ക്ഡ് നൈലോണ്‍ സ്വാബ് മല്ലേലില്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തതെന്നും ശ്രീചിത്ര അവകാശപ്പെട്ടിരുന്നു. 30,000 സ്വാബുകളാണ് ശ്രീചിത്രയ്ക്കുവേണ്ടി മല്ലേലിലിനു എ.എന്‍.ബി. നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വഴങ്ങുന്ന പ്ലാസ്റ്റിക് പിടിയോട് (Handle) കൂടിയ ഇവ രണ്ടും സ്രവം ശേഖരിക്കുന്നതിനും ശേഖരിച്ച സ്രവം ദ്രവമാധ്യമത്തിലേക്ക് മാറ്റുന്നതിനും അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ശ്രീചിത്രയുടെ ബയോടെക്‌നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. മായാ നന്ദകുമാര്‍, ഡോ. ലിന്‍ഡ, ഡോ. ഷൈനി എന്നിവരടങ്ങിയ സംഘമാണ് സ്വാബുകള്‍ വികസിപ്പിച്ചെടുത്തതെന്നും ശ്രീചിത്ര അവകാശപ്പെട്ടിരുന്നു.

മോഡ്യൂളുകള്‍ നിര്‍മ്മിക്കാന്നതിന് കോടികണക്കിന് രൂപ വിലയുള്ള ഉപകരണങ്ങള്‍ ശ്രീചിത്രയ്ക്ക് സ്വന്തമാണ്. ലക്ഷങ്ങള്‍ കൈപ്പറ്റി ശാസ്ത്രജ്ഞരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെയുള്ളിടത്താണ് സ്വകാര്യ കമ്പനിയെക്കൊണ്ട് നിര്‍മ്മിപ്പിച്ച് സ്വന്തം പേരില്‍ പുറത്തുവിടേണ്ട കൊറോണക്കാല ഗതികേട്. സ്വാബുകളുടെ നിര്‍മ്മാണം പുതിയ സാങ്കേതിക വിദ്യയോ കണ്ടുപിടുത്തമോ ഒന്നുമല്ലെന്നാണ് അത് രൂപകല്‍പ്പന ചെയ്തവരുടെ പക്ഷം. കൊറോണ കാലത്ത് ഷോര്‍ട്ടേജ് ഉണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍, ലഭിച്ച എന്‍ക്വയറിയുടെ അടിസ്ഥാനത്തില്‍ മുമ്പ് ചെയ്തിട്ടുള്ള ചിലതിന്റെ ചുവടുപിടിച്ച് നിര്‍മ്മിച്ചവയാണ് ഈ രണ്ടു സ്വാബുകളുമെന്നാണ് എ.എന്‍.ബി ടൂളേഴ്‌സിന്റെ ഭാഷ്യം. എന്നാല്‍, ശ്രീചിത്രയിലെ ചില ശാസ്ത്രജ്ഞരുടെ പേരുകളിലാണ് ഇതിനായി പേറ്റന്റിന് അപേക്ഷിച്ചിട്ടുളളത്

LEAVE A REPLY

Please enter your comment!
Please enter your name here