തിരുവനന്തപുരം: രോഗവ്യാപനമുണ്ടാകുമെന്നതിനാല്‍ പി.പി.ഇ കിറ്റുകള്‍ ധരിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ ബാധിച്ചവരുടെ അടുത്ത് എത്തുന്നത്. ഈയൊരു സാഹചര്യത്തിലാണ് ചൈനയിലെ റോബര്‍ട്ടുകള്‍ ശ്രദ്ധനേടിയത്. അവര്‍ക്കാകാമെങ്കില്‍ എന്തുകൊണ്ട് നമ്മുക്കായിക്കൂടെന്ന ചിന്തയില്‍ കേരളത്തിലും പരിചരണത്തിന് റോബര്‍ട്ട് ജനിച്ചു കഴിഞ്ഞു.

കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള കണ്ണൂരിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി റോബോട്ടും രംഗത്തിറങ്ങിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ‘നൈറ്റിംഗല്‍-19’ രൂപകല്‍പന ചെയ്തത്. ചൈനയേക്കാള്‍ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചൈനയില്‍ ഭക്ഷണവും മരുന്നും മാത്രം നല്‍കാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാല്‍ ഇതില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ കണ്ട് സംസാരിക്കാനും സാധിക്കും.

ആറു പേര്‍ക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കില്‍ 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കണ്‍ട്രോളിലൂടെ ഒരു കിലോമീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നല്‍കിയാല്‍ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും. റോബോട്ടിലെ വീഡിയോ സിസ്റ്റം വഴി ജീവനക്കാരുമായി സംസാരിക്കാനും വേറെന്തെങ്കിലും ആവശ്യമുണ്ടോന്ന് അറിയാനും കഴിയും. ഓരോ തവണത്തെ യാത്രയ്ക്ക് ശേഷവും റോബോട്ടിനെ അണുവിമുക്തമാക്കിയതിന് ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്.

ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം റോബോട്ടിന്റെ വീഡിയോ സംവിധാനം വഴി തിരുവനന്തപുരത്ത് നിന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് ബാധിച്ച ചെറുവാഞ്ചേരിയിലെ കുടുംബാഗങ്ങളുമായി റോബോട്ട് വഴി മന്ത്രി സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here