ഡല്‍ഹി: ഉപഗ്രഹങ്ങളെ ആക്രമിക്കാനുള്ള ശേഷി കൈവരിച്ച് ഇന്ത്യ. ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ചു. ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണ് ഇതിനുള്ള ശേഷി നിലവിലുള്ളത്.

മിഷന്‍ ശക്തി എന്നു പേരിട്ടിരിക്കുന്ന ദൗത്യം മൂന്നു മിനിട്ടു കൊണ്ട് ലക്ഷ്യം നേടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോ എര്‍ത്ത് ഓര്‍ബിറ്റ് ഭ്രമണ പഥത്തിലുള്ള ഉപഗ്രഹങ്ങളെള തകര്‍ക്കാന്‍ ഇനി ഇന്ത്യയ്ക്കു സാധിക്കും. ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റാന്‍ പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞരെയും മോദി അഭിനന്ദിച്ചു. ഇന്ത്യ ഒരു രാജ്യത്തിനുമെതിരെ മിസൈല്‍ പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരക്ഷയ്ക്കുവേണ്ടിയുള്ള പ്രതിരോധ നീക്കം മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണം ഒരു അന്താരാഷ്ട്ര നിയമങ്ങളെയോ കരാറുകളെയോ ലംഘിക്കുന്നതല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തോട് ഒരു സുപ്രധാന വിവരം അറിയിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്ത ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here