കൂണുപോലെ മുളച്ചു പൊന്തുന്ന ന്യൂസ്‌ പോര്‍ട്ടലുകള്‍ക്ക് പൂട്ടു വീഴും

0

ദിനപ്പത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ന്യൂസ് പോര്‍ട്ടലുകളും രജിസ്റ്റര്‍ ചെയ്യാനുള്ള നിയമനിര്‍മ്മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ മുമ്പാകെ ന്യൂസ്‌പോര്‍ട്ടലുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് ബില്ലില്‍ പറയുന്നത്.

അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കുന്ന 1867-ലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് ബുക്ക്സ് (പി.ആര്‍.ബി) ആക്ട് ഒഴിവാക്കി ന്യൂസ് പോര്‍ട്ടലുകള്‍ക്ക് കൂടി രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന രജിസ്ട്രേഷന്‍ ഓഫ് പ്രസ് ആന്‍ഡ് പീരിയോഡിക്കല്‍സ് ബില്‍- 2019 ന്റെ കരട് രൂപം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് ന്യൂസ് പോര്‍ട്ടലുകളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത ന്യൂസ് പോര്‍ട്ടലുകള്‍ നിയമവിരുദ്ധമാകുന്നതോടെ തുടര്‍നടപടികള്‍ എളുപ്പമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. വ്യാജവാര്‍ത്തകള്‍ തടയുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വിരുദ്ധവാര്‍ത്തകള്‍ തടകയുകയെന്നതും സമീപഭാവിയില്‍ ഉണ്ടായേക്കുമെന്നും ആക്ഷേപമുണ്ട്.

പത്രങ്ങള്‍, മാസികകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനമാണ് ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍. പി.ആര്‍.ബി ആക്ട് 1956- ലെ ന്യൂസ് പേപ്പര്‍ രജിസ്ട്രേഷന്‍ എന്നിവ അടിസ്ഥാനമാക്കി പത്രങ്ങള്‍, മാസികകള്‍ തുടങ്ങിയവയുടെ അച്ചടി, പ്രസിദ്ധീകരണം ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ടെക്സ്റ്റായോ, ശബ്ദമായോ വീഡിയോ ആയോ ഗ്രാഫിക്സ് ആയോ ഇന്റര്‍നെറ്റിലൂടെയോ മൊബൈല്‍ നെറ്റ് വര്‍ക്കിലൂടെയോ കംപ്യൂട്ടര്‍ വഴിയോ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ എന്ന വിശാല അര്‍ത്ഥത്തിലാണ് ‘ന്യൂസ് ഓണ്‍ ഡിജിറ്റല്‍ മീഡിയ’ എന്ന വാക്ക് കരടു ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം പത്രമാധ്യമങ്ങളുടെ ഇ-പേപ്പറുകള്‍, ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവയ്ക്ക് മാത്രമാണോ ബില്ല് ബാധകമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here