ഒറ്റനോട്ടത്തില്‍ സാധാരണ പാറപോലെ തന്നെ. എന്നാല്‍, ഇരുമ്പ് ഇതിനടുത്തേക്കു കൊണ്ടുവന്നാല്‍ ആകര്‍ഷിക്കും. ഭൂമിക്കുനേരെ തീപിടിച്ചു പാഞ്ഞെത്തിയതിനാല്‍ ചൂടേരിയ പല ഭാഗങ്ങള്‍ക്കും നല്ല തിളക്കവുമായിരുന്നു…
വന്‍ മുഴക്കത്തോടെ അത് ആകാശത്തുനിന്ന് പാഞ്ഞുവന്ന് പാടത്തു പതിച്ചപ്പോള്‍ ബീഹാറിലെ മഹാദേവ ഗ്രാമത്തില്‍ ജോലി ചെയ്തുകൊണ്ട് നിന്നവര്‍ ജീവനും കൊണ്ട് ഓടി. പുകയും ഭയവുമൊക്കെ ഒന്നകന്നശേഷമാണ് പതിച്ച സാധനം എന്തെന്ന് പരിശോധിച്ചത്. ഉല്‍ക്കാശിലയാണ് തലയ്ക്കു മുകളിലൂടെ പാഞ്ഞുവന്നതെന്ന് തിരിച്ചറിഞ്ഞ അവരുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല.
15 കിലോയോളം ഭാരമുള്ള ഉള്‍ക്കയുടെ ഭാഗമാണ് പാടത്ത് പതിച്ചത്. അപൂവമായി ഇത്തരത്തില്‍ സംഭവിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ശിലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അറിയിച്ചു.
ബുധനാഴ്ച പാടത്തു പതിച്ച ശിഖ ഇപ്പോള്‍ ബിഹാര്‍ മ്യൂസിയത്തിലാണ് ഉള്ളത്. വൈകാതെതന്നെ ബിഹാറിലെ ശ്രീകൃഷ്ണ സയന്‍സ് സെന്ററിലേക്ക് ഇതു മാറ്റും. ഇതേ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താനാണ് ബീഹാര്‍ സര്‍ക്കാരിന്റെ തീരുമാനം.