ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 01 വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വി സി 50 ആയിരുന്നു വിക്ഷേപണ വാഹനം. ജിയോ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലുള്ള ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഇസ്രൊ അറിയിച്ചു.
പതിനൊന്ന് വര്‍ഷം മുമ്ബ് വിക്ഷേപിച്ച ജിസാറ്റ് 12ന് പകരക്കാരനായാണ് സിഎംഎസ് 01 വരുന്നത്. ഇസ്രൊയുടെ ഇന്ത്യയുടെ നാല്‍പ്പത്തിരണ്ടാം വാര്ത്താവിനിമയോപഗ്രഹമാണ് ഇത്. നാല് ദിവസത്തിന് ശേഷം ഉപഗ്രഹം നിര്‍ദ്ദിഷ്ട ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തും.
പിഎസ്എല്‍വിയുടെ അടുത്ത ദൗത്യം ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഇസ്രൊ ചെയര്മാന് ഡോ കെ ശിവന് അറിയിച്ചു. സ്വകാര്യ സ്റ്റാര്‍ട്ടപ്പായ പിക്സല്‍ ഇന്ത്യയുടെ ആനന്ദ് എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ഇസ്രൊ പിഎസ്എല്‍വി സി 51 ഉപയോഗിച്ച് വിക്ഷേപിക്കും.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സ്വകാര്യ കമ്ബനി ഭൗമനിരീക്ഷണ ഉപഗ്രഹം നിര്‍മ്മിക്കുന്നതും, അത് ഇസ്രൊ വിക്ഷേപിക്കുന്നതും. പുതിയ ബഹിരാകാശ നയമനുസരിച്ച് ഇന്‍സ്പേസ് മാനദണ്ഡങ്ങളനുസരിച്ചാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. പിക്സല്‍ ഇന്ത്യ ഭൗമ നിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ആദ്യ ഉപഗ്രഹമായിരിക്കും ഇത്. ആനന്ദിനൊപ്പം സതീഷ് സാറ്റും, യൂണിറ്റ് സാറ്റും ഈ ദൗത്യത്തിലൂടെ വിക്ഷേപിക്കും.
പിഎസ്എല്‍വി സി 51 ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ പുതിയ യുഗത്തിന്റെ തുടക്കമായിരിക്കുമെന്ന് കെ ശിവന് പറഞ്ഞു.ചന്ദ്രയാന്‍ 3, ആദിത്യ എല്‍ 1, ഗഗന്യാന് എന്നീ അഭിമാന പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും ഇവ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും ഐഎസ്ആര്‍ഒ ചെയര്മാന് പറഞ്ഞു. ടീം ഇസ്രൊ സന്ദര്‍ഭത്തിനൊത്ത് ഉയരുകയും സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുമെന്നും ഡോ ശിവന് കൂട്ടിച്ചേര്‍ത്തു.