Site icon Roundupkerala.com

എർത്ത് റൈസ്, ബ്ലൂ മാര്‍ബിള്‍, ഇപ്പോൾ ഹലോ വേൾഡ്… ഒരിക്കൽ കൂടി ഭൂമിയുടെ അത്യപൂർവ്വമായ ഒറ്റ ഫ്രെയിം മനുഷ്യൻ പകർത്തി

സയൻസ് ഡസ്ക്ക് l ഒരിക്കൽ കൂടി ഭൂമിയുടെ അത്യപൂർവ്വമായ ഒറ്റ ഫ്രെയിമിലുള്ള ചിത്രം പകർത്താൻ, മറ്റൊരു ദൗത്യത്തിനായി 53 വർഷം കാത്തിരിക്കേണ്ടി വന്നു. അതിനു സാധിച്ച ആർട്ടെമീസ് 2 സംഘത്തിനു അഭിനന്ദനം. ഹലോ വേൾഡ് എന്നാണ് മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ പകർത്തിയ ചിത്രത്തിനു പേരു നൽകിയിരിക്കുന്നത്.

നീല നിറത്തിൽ പടർന്നു കിടക്കുന്ന അറ്റ്ലാൻ്റിക് സമുദ്രവും വശത്തുകൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിനും താഴെ വലതുവശത്തായി തിളങ്ങുന്ന ശുക്രനേയും ചിത്രത്തിൽ കാണാം. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നു പേടകത്തെ പുറത്തെത്തിക്കുന്ന ട്രാൻസ് ലൂണാർ ഇൻജക്ഷൻ ബേൺ പൂർത്തിയാക്കിയശേഷമാണ് ചിത്രങ്ങൾ പകർത്തിയതെന്ന് നാസ വ്യക്തമാക്കി. 53 വര്‍ഷങ്ങള്‍ക്കുമുമ്പ്, 1972-ലെ അപ്പോളോ 17 ദൗത്യത്തിനിടെ ഹാരിസണ്‍ ഷ്മിറ്റാണ് ഭൂമിയുടെ ഇത്തരത്തിലുള്ള ഒരു ചിത്രം പകര്‍ത്തിയത്. ബ്ലൂ മാര്‍ബിള്‍ എന്നറിയപ്പെടുന്ന ആ ചിത്രം ചരിത്രപ്രസിദ്ധമാണ്.

54 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ്, 2026 ൽ മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. നാല് പേരെയും വഹിച്ച് എസ്എല്‍എസ് റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നു ഏപ്രിൽ ഒന്നിനു കുതിച്ചുയർന്നു. എസ്എല്‍എസ് എന്ന ഭീമന്‍ റോക്കറ്റില്‍ ഒറയോണ്‍ യാത്രാപേടകത്തിലാണ് യാത്ര. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റെയ്ഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജെറെമി ഹാന്‍സന്‍ എന്നിവരാണ് ആ പേടകത്തിലുള്ളത്. വിക്ഷേപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നു മാറി ചന്ദ്രൻ്റെ അരികിലേക്ക് പേടകം യാത്ര തുടങ്ങി. 1972-ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആര്‍ട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആര്‍ട്ടെമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറെയോണ്‍ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരും.

മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്തത്രയും ദൂരത്തില്‍ ദൗത്യത്തിന്റെ ഒരു ഘട്ടത്തില്‍ ഒറയോണെത്തും. ചരിത്രത്തിൻ്റെ നെറുകയിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഈ യാത്രയെക്കുറിച്ച് ഒരുകൂട്ടം സംശയങ്ങൾക്കുള്ള ഉത്തരമാണ് പ്രീയപ്പെട്ട വായനക്കാർ റൗണ്ടപ്കേരള. കോമിൻ്റെ ചാറ്റ് കണക്ടിൽ ആവശ്യപ്പെട്ടത്. അവർക്കായി ബഹിരാകാശ യാത്രികരുടെയും യാത്രയുടെയും ചില വിശേഷങ്ങൾ കൂടി പറയാം.

Exit mobile version