വിനായക ചതുര്‍ത്തി ദിനത്തില്‍ പുറത്തിറക്കാനിരുന്ന ജിയോ നെക്‌സ്റ്റ് ഫോണിന്റെ ലോഞ്ച് നീട്ടി. ദീപാവലിക്കു മുമ്പ് ഫോണ്‍ വിപണിയിലെത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

സെമി കണ്ടക്ടര്‍ ചിപ്പിന് ആഗോള തലത്തില്‍ ക്ഷാമം നേരിടുകയാണ്. ഇത് ലോകമെമ്പാടുമുള്ള ഓട്ടോമൊബൈല്‍, പി.സി., സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തെ ഏറെ ബാധിച്ചുകഴിഞ്ഞു. ഇതാണ് ഫോണ്‍ വൈകുന്നതിന്റെ കാരണമെന്നാണ് കമ്പനി വ്യാഴാഴ്ച രാത്രി പത്രക്കുറിപ്പിലൂടെ വിശദീകരിച്ചത്.

ലോകത്തെ ഏറ്റവും വില കുറഞ്ഞ 4ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണാണ് ജിയോ ഫോണ്‍ നെക്‌സ്റ്റ്. ഫോണിന് 2 പതിപ്പുകളാണ് പ്രതീക്ഷിക്കുന്നത്. 2 ജിബി റാം/ 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുള്ള 3,499 രൂപയാണ് വില. 3 ജി.ബി. റാം 32 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയ്ക്ക് അല്‍പം കൂടി വില കൂടും. എന്നാലിതു 5000 ല്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോകനിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫോണ്‍ എത്തുന്നത്. മികച്ച സ്മാര്‍ട്‌ഫോണ്‍ പ്രോസസര്‍ നിര്‍മാണ കമ്പനിയായ സ്‌നാപ്ഡ്രാഗന്റെ 215 — ആണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. നിര്‍മ്മാതാക്കള്‍ എന്‍ട്രി ലെവല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്രോസസറിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യുമ്പോഴാണ് ജിയോ മികച്ചത് മുന്നോട്ടു വയ്ക്കുന്നത്. നോക്കിയ, ടി.സി.എല്‍, അല്‍ക്കാട്ടെല്‍ കമ്പനികള്‍ ഫോണുകളില്‍ ഇതേ പ്രോസസറാണ് ഉപയോഗിക്കുന്നത്.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പ്രത്യേകം ഒരുക്കിയ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോമിന്റെ മറ്റൊരു സവിശേഷത. ആന്‍ഡ്രോയ്ഡ് 11 ഗോ എഡിഷനാകും ഫോണിലുണ്ടാവുക. 5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണ്‍, വിപണിയിലുള്ള മറ്റു സ്മാര്‍ട്‌ഫോണുകള്‍ക്കു തുല്യമായ ഡിസ്‌പ്ലേ നല്‍കും. 13 മെഗാപിക്‌സല്‍ റിയല്‍ ക്യാമറയും 8 മെഗാപിക്‌സല്‍ ഫ്രണട് ക്യാമറയും ഉള്‍പ്പെടുത്ത സ്റ്റാന്‍ഡേര്‍ഡ് ക്യാമറ പാക്കേജാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്‌നാപ്ചാറ്റുമായി സഹകരിച്ച് ഗൂഗിള്‍ ജിയോഫോണിലെ ക്യാമറ ആപ്പിനു വേണ്ടി പ്രത്യേക സ്‌നാപ് ലെന്‍സ് ഫില്‍റ്ററുകളും ഫോണില്‍ ഒരുക്കിയിട്ടുണ്ട്. ഓഗ്‌മെന്റഡ് റിയാലിറ്റി (എആര്‍) സംവിധാനങ്ങള്‍ ഫോണില്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും.

2500 എം.എ.എച്ച് ബാറ്ററിയുമായിട്ടാണ് ഫോണ്‍ എത്തുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ഗൂഗിള്‍ പ്ലേസ്‌റ്റോര്‍, പ്ലേ പ്രൊട്ടക്ട് എന്നിവയും ജിയോ ഫോണ്‍ നെക്‌സ്റ്റില്‍ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here