പുതിയ കണ്ടുപിടുത്തങ്ങള്‍ ഒക്കെയും നിലവിലെ വ്യവസ്ഥിതികളെ മാറ്റിയെഴുതി പുതുചരിത്രം സൃഷ്ടിക്കാറുണ്ട്. മൊബൈല്‍ഫോണിന്റെ വരവോടെ ലാന്‍ഡ് കണക്ഷനുകളും എസ്.ടി.ഡി.ബൂത്തുകളും നാമാവശേഷമായി. പാലം വരുമ്പോള്‍ കടത്തുകാരന്‍ ഇല്ലാതാകുന്നപോലെ, പെട്ടിക്കടകളുടെ ഒരു വശത്ത് തൂങ്ങിയിരുന്ന ഒരു രൂപാ കോയിന്‍ ബൂത്തുകള്‍ കാണാമറയത്തായി.

വിപണിയെ പൊളിച്ചെഴുതി ചരിത്രം കുറിക്കാനൊരുങ്ങിയാണ് വൈദ്യുതവാഹനങ്ങളുടെ കടന്നുവരവ്. അന്തരീക്ഷ മലിനീകരണം പൂര്‍ണ്ണമായും കുറയ്ക്കാനാകുമെന്നതാണ് വൈദ്യുതവാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കുന്നത്. 2020 ഏപ്രില്‍ മുതല്‍ ബി.എസ്. 6- പരിധിയിലേക്ക് മാറണമെന്ന കര്‍ശനവ്യവസ്ഥയും പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ നടുവൊടിക്കും.

ചാര്‍ജ്ജിംങ്ങ് സ്‌റ്റേഷനുകള്‍ സജീവമാകുന്നതോടെ ഉപഭോക്താക്കള്‍ ക്രമേണ വൈദ്യുത വാഹനങ്ങളിലേക്ക് മാറുകയും ചെയ്യും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍വരെ ഓടിത്തുടങ്ങിയെന്ന കാര്യവും ശ്രദ്ധേയമാണ്. നിലവിലെ നിര്‍മ്മാതാക്കളെല്ലാം വൈദ്യുതവാഹനങ്ങളുടെ പണിപ്പുരയിലാണുതാനും.

പെട്രോള്‍-ഡീസല്‍ ഉപഭോഗം കുറയുന്നതോടെ പത്തുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍ പമ്പുകളെല്ലാം വൈദ്യുത ചാര്‍ജ്ജിങ്ങ് കേന്ദ്രങ്ങളായിത്തീരുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

സാമ്പത്തിക രംഗം തകിടംമറിയുമെന്ന് കരുതുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. പെട്രോള്‍-ഡീസല്‍ കച്ചവടം മാത്രം കൈമുതലാക്കിയ ഗള്‍ഫ് നാടുകളുടെ അവസ്ഥ എന്തായിത്തീരുമെന്ന് കണ്ടുതന്നെയറിയണം.

വൈദ്യുത വാഹനങ്ങള്‍ ലോകം കീഴടക്കുമ്പോള്‍, പൊന്നുരുക്കുന്നിടത്തെ പൂച്ചയുടെ അവസ്ഥയാകും പെട്രോളിനും ഡീസലിനും. ഗള്‍ഫ് സമ്പത്ത് വ്യവസ്ഥയില്‍ ഉണ്ടാകുന്ന ഓരോ ചലനവും ഗള്‍ഫ് പണത്തിന്റെ പച്ചയില്‍ കഴിഞ്ഞുകൂടുന്ന കേരളത്തിനും വന്‍തിരിച്ചടിയാകുമെന്നുറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here