മുല്ലപ്പെരിയാറിനെക്കുറിച്ച് ഡോ ഗോസെയിന്‍

0
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ശാസ്ത്രത്തിന്റെ ത്വരിത വളര്‍ച്ച മൂലംപല സാങ്കേതിക മാര്‍ഗ്ഗങ്ങളും ലഭ്യമാണെന്ന് ഡല്‍ഹി ഐ ഐ ടിയിലെ സിവില്‍ എന്ജിനിയറിംഗ് വിഭാഗം മേധാവിയും പ്രമുഖ സിവില്‍ എന്‍ജിനിയറിംഗ് വിദഗ്ദ്ധനുമായ ഡോ എ കെ ഗൊസെയിന്‍ പറഞ്ഞു.
അണക്കെട്ട് ജലശാസ്ത്രപരമായി സുരക്ഷിതമല്ലെന്നും നേരത്തെ സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വം സംബന്ധിച്ച് പഠനം നടത്തിയ ഡോ ഗൊസെയിന്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം സമാപിച്ച സുരക്ഷായനം ശില്‍പ്പശാലയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
പരമാവധി വെള്ളപ്പൊക്ക സാധ്യത മുന്‍നിര്‍ത്തിയാണ് കേരളത്തിനുവേണ്ടി സുരക്ഷാ പഠനം നടത്തിയത്.  പരമാവധി വെള്ളപ്പൊക്ക സാധ്യത അടിസ്ഥാനമാക്കിയുള്ള പ്രബന്ധമാണ് ഡോ ഗൊസെയിന്‍ അവതരിപ്പിച്ചത്. നിലവിലുള്ള അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാനും പുതിയ സ്പില്‍വേ നിര്‍മ്മാണം പരിശോധിക്കാനും അണക്കെട്ടിലേക്ക് വെള്ളം തിരിച്ചുവിട്ടു നടത്തുന്ന പരിശോധനാ മാര്‍ഗ്ഗമാണിത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന കണക്കുകളും പ്രാദേശികമായി തയ്യാറാക്കുന്ന കണക്കുകളും പരമാവധി പെയ്യാവുന്ന മഴ സംബന്ധിച്ച ഭൂപടവും  ഉപയോഗപ്പെടുത്തിയാണ് ഡോ ഗൊസെയിന്‍ മുല്ലപ്പെരിയാറിനുവേണ്ടി ഈ മാതൃക തയ്യാറാക്കിയത്. എല്ലാ പരിശോധനകളിലും ജലനിരപ്പ് അണക്കെട്ടിനേക്കാള്‍ ഉയരത്തിലായിരുന്നുവെന്ന് ഡോ ഗൊസെയിന്‍ പറഞ്ഞു. എട്ടു മുതല്‍ 14 വരെ മണിക്കൂറില്‍ നടത്തിയ പരിശോധനയില്‍ ഏതാനും മണിക്കൂറുകള്‍ ജലനിരപ്പ് 158 അടിയിലും മുകളിലായി.
ഏത് അണക്കെട്ടും ഈ അവസ്ഥയില്‍ ജലശാസ്ത്രപരമായി സുരക്ഷിതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു വര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങളുടെ ഫലം സംസ്ഥാന സര്‍ക്കാരിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
 വെള്ളപ്പൊക്കം സാധ്യത ഉണ്ടാകുമ്പോള്‍ മുന്‍കൂട്ടിത്തന്നെ അണക്കെട്ടിലെ വെള്ളം ഒഴുക്കിക്കളഞ്ഞാല്‍  ആഘാതം കുറയ്ക്കാനാകും. സ്പില്‍വേ വലിപ്പം കൂട്ടി ആഘാതം കുറയ്ക്കുകയാണ് മറ്റൊരു വഴി. വെള്ളം ഒഴുക്കിക്കളയാന്‍ മറ്റുസംവിധാനങ്ങളും ആലോചിക്കാവുന്നതാണെന്ന് ഡോ ഗൊസെയിന്‍ പറഞ്ഞു. മറ്റൊരു മെച്ചപ്പെട്ട അണക്കെട്ടു പണിയുകയാണ് വേറൊരു പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. ഭൂചലനം വഴിയുണ്ടാകാവുന്ന ഭീഷണി നേരിടാന്‍ ഉപയോഗത്തിലുണ്ടായിരുന്ന വസ്തുക്കളുപയോഗിച്ചു ശക്തിപ്പെടുത്തുകയാണ് വേണ്ടത്.
സാങ്കേതികമായി ഇനി മാര്‍ഗ്ഗങ്ങളൊന്നും ഇല്ലെന്നു പറയാനാവില്ല. പ്രയോഗസാധ്യത കണക്കിലെടുത്ത് ഏതെന്ന് തീരുമാനിക്കാം. ചര്‍ച്ച നടത്തിയും പുറമെ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ വെളിച്ചത്തില്‍ വരുംവരായ്കകള്‍ കണക്കിലെടുത്തും പരിഹാര മാര്‍ഗ്ഗം കണ്ടെത്താം. യഥാര്‍ത്ഥസ്ഥിതി മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. ആത്യന്തികമായി ജനങ്ങളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും ഡോ ഗൊസെയിന്‍ പറഞ്ഞു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here