കൊറോണ പ്രതിരോധത്തിന് മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ഇടയ്ക്കിടെ കഴുകല്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ നമ്മള് സ്വീകരിക്കുന്നുണ്ട്. ഇതിനൊപ്പംതന്നെ അശാസ്ത്രീയമായ പല രീതികളും പ്രചരിപ്പിക്കുകയും വാണിജ്യ വല്ക്കരിക്കുകയും ചെയ്യുന്നവ് വരും നാളുകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിമര്‍ശനം ഉയരുന്നു.
ലോകാരോഗ്യ സംഘടനയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നിരുത്സാഹപ്പെടുത്തുന്ന ഒന്നാണ് ടണല്‍ സാനിറ്റൈസേഷന്‍. ആളുകള്‍ പ്രവേശിച്ചയുടന്‍ മിസ്റ്റ് സ്പ്രേ വഴി കോറോണ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ലായനികള്‍ സ്പ്ലേ ചെയ്യുകയാണ് ടണല്‍ സാനിറ്റൈസേഷനില് പിന്തുടരുന്നത്. 10,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയ്ക്ക് വിവിധ കമ്പനികളുടെ ടണലുകളും ഗേറ്റ്വേകളും ലഭ്യമാണ്.
ഈ രീതി അശാസ്ത്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പരസ്യമായി പറഞ്ഞിട്ടും പുതുതായി നിരവധി സ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെടുകയാണ്. സോഡിയം ഹൈപ്പോക്ലോറൈറ്റ് മിശ്രിതം, ഹൈഡ്രജന്‍ പെറോക്സൈഡ് തുടങ്ങിയവയാണ് കമ്പനികള്‍ സ്പേ ചെയ്യാന്‍ ഉപയോഗിക്കുന്നത്.
മനുഷ്യന്റെ ആരോഗ്യത്തിന് ഏറെ പ്രാധാന്യം നല്കുന്ന തിരുവനന്തപുരത്തെ ശ്രീചിത്രപോലുള്ള സ്ഥാപനങ്ങള്‍ എതിര്‍പ്പുകളെ മറികടന്നും തങ്ങളുടെ ഗേറ്റ്വേകള് പ്രോത്സാഹിപ്പിക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്യുന്നു. ശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന, ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ചുള്ള ടണല്‍ സുരക്ഷിതമാണെന്ന് അവകാശപ്പെടുമ്പോഴും ഹൈഡ്രജന്‍ പെറോക്സൈഡ് ക്യാന്‍സര്‍ അടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ വരെ സൃഷ്ടിക്കാമെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.
ശ്രീചിത്ര പോലുളള സ്ഥാപനങ്ങള്‍ മുതല്‍ വ്യക്തികളുടെ കണ്ടെത്തലായി വരെ ഇത്തരം ഉപകരണങ്ങള്‍ പ്രചാരണം നേടുന്നുണ്ട്. ഇവ നിരുത്സാഹപ്പെടുത്തണമെന്ന് ആവര്‍ത്തിക്കുമ്പോഴും സ്വന്തം നിയന്ത്രണത്തിലുള്ള സ്ഥാനപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും സ്ഥാപിക്കുന്നതും തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറായിട്ടില്ല.
പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍, രണ്ടു ദിവസം മുമ്പ് സ്ഥാപിച്ച ഗേറ്റ്വേ അതിലെ യു.വി. സംവിധാനവും മുട്ടിനു മുകളില്‍ ലായനികള്‍ പതിക്കാത്ത രീതിയില്‍ ക്രമപ്പെടുത്തിയുമാണ് ഉപയോഗിക്കുന്നതെന്നാണ് ഒരു വിമാനത്താവള അധികൃതര്‍ റൗണ്ടപ്കേരള.കോമിനോട് പ്രതികരിച്ചത്. യാത്രക്കാരുടെ ബാഗേജുകളിലെ അണു നശീകരണമാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ഗേറ്റ്വേകള് സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.