കോറോണ വുഹാനില്‍ നിന്നായിരുന്നെങ്കില്‍, ഇക്കുറി ചൈനയുടെ പണി വരുന്നത് ആകാശത്തു കൂടിയാണ്. ചൈനയുടെ ലോങ്മാര്‍ച്ച് 5 ബി റോക്കറ്റിന്റെ 100 അടി ഉയരവും 21 ടണ്‍ ഭാരവുമുള്ള കോര്‍ ഭാഗം നിയന്ത്രണം വിട്ട് ഭൂമിയെ ലക്ഷ്യമായി വരുന്നു. ഭൂമിയെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഈ റോക്കറ്റ് ഏതു നിമിഷം വേണമെങ്കിലും അന്തരീക്ഷത്തിലേക്കിറങ്ങി ഭൂമിയിലെത്താം. ശനിയാഴ്ചയോ അടുത്ത ദിവസങ്ങളിലോ ഇതു സംഭവിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ്.

കൃത്യമായി എവിടെ പതിക്കുമെന്ന് അവസാന ഘട്ടത്തിലല്ലാതെ പറയാനാവില്ല. ഇതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ ഓസ്‌ട്രേലിയ, ന്യൂസിലന്റ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കകയുടെ ചില മേഖലകള്‍ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാര പഥത്തിലുള്ളത്. റഷ്യയോ, ചൈനയോ ഭൂരിഭാഗം പ്രദേശങ്ങളോ, യൂറോപ്പോ സഞ്ചാര പഥത്തിലില്ല.

ചൈനയുടെ സ്വപ്‌ന പദ്ധതിയായ ടിയാന്‍ഗോങ് സ്‌പേസ് സ്‌റ്റേഷന്റെ ആദ്യത്തെ മോഡ്യൂള്‍ സ്ഥാപിക്കാനാണ്, ലോങ് മാര്‍ച്ച് 5 ബി ബിഹിരാകാശത്തേക്ക് കുതിച്ചത്. ഏപ്രില്‍ 29നു ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു. എന്നാല്‍, നിയന്ത്രിത റീ എന്‍ട്രി പ്രക്രിയയിലൂടെ റോക്കറ്റ് തിരിച്ചിറക്കാനുള്ള ശ്രമം പാളിയതോടെയാണ് ലോകം ഭീതിയിലായത്.

നിയന്ത്രം നഷ്ടമായ റോക്കറ്റിന്റെ ഭാഗം ഭൂമിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഭൂമിയിലേക്കു പതിക്കുന്നതിനു മുന്നേ, 30 തവണയെങ്കിലും ഇതു ഭൂമിയെ വലം വയ്ക്കുമെന്നാണ് കണക്കു കൂട്ടുന്നത്. നിലവില്‍ 170 – 300 കിലോമീറ്റര്‍ ഉയരത്തിലാണ് റോക്കറ്റ് സഞ്ചരിക്കുന്നത്. ഇത് ഭൂമിയിലെത്തുകയാണെങ്കില്‍, എവിടെ വേണമെങ്കിലും പതിക്കാമെന്നാണ് വിദഗ്ധരുടെ ജാഗ്രത. 2021 035 ബി എന്നാണ് റോക്കറ്റിന്റെ ഭൂമിയിലേക്കു പതിക്കാന്‍ പോകുന്ന ഭാഗത്തിന് യു.എസ്. നല്‍കിയിരിക്കുന്ന പേര്.

അന്തരീക്ഷത്തിലെ യാത്രയില്‍ റോക്കറ്റ് കത്തി നശിക്കുമെന്നും ഭൂമിയില്‍ ഭീഷണിയുണ്ടാകില്ലെന്നും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, കുറച്ചു ഭാഗങ്ങള്‍ ഭൂമിയില്‍ പതിക്കാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. അതുതന്നെയാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. എല്ലാ രാജ്യങ്ങളും ചൈനീസ് റോക്കറ്റിന്റെ ബഹിരാകാശത്തെ ചലനം സൂക്ഷമമായി നിരീക്ഷിച്ചു വരുകയാണ്.

കഴിഞ്ഞ മേയില്‍ ഇതേ രീതിയില്‍ നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് വന്നിരുന്നു. എന്നാല്‍, അന്നത് പതിച്ചത് അറ്റ്‌ലാന്റിക് സമുദ്രത്തിലായിരുന്നു. അതിനൊപ്പമുണ്ടായിരുന്ന മറ്റു അവശിഷ്ടങ്ങളാകട്ടെ, ആഫ്രിക്കന്‍ രാജ്യമാത ഐവറികോസ്റ്റിലെ ജനവാസമുള്ള ഗ്രാമങ്ങളിലും പതിച്ചു.

പുതിയ സംഭവത്തില്‍ ചൈന വിവിധ മേഖലകളില്‍ നിന്ന് ശക്തമായ വിമര്‍ശനമാണ് നേരിടുന്നത്. ബാഹ്യനിയന്തണങ്ങളില്ലാതെ, ഇത്രത്തോളം വലിപ്പവും ഭാരവുമുള്ള വസ്തുവിനെ ഭൂമിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചതിനോട് യോജിപ്പില്ലെന്നാണ് എതിര്‍ക്കുന്നവരുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here