വായുവിലെ ഈര്‍പ്പത്തില്‍ നിന്ന് കുടിവെള്ളം നേരിട്ട് സംഭരിക്കാനുള്ള നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചതായി ഐഐടി ഗുവാഹത്തിയിലെ ഗവേഷകര്‍. ലോകമെങ്ങും സമീപ ഭാവിയില്‍ വലിയ തോതിലുള്ള ജല ദൗര്‍ലഭ്യമാണ് വരാന്‍ പോകുന്നത്. ഇക്കാര്യം മുന്നില്‍ കണ്ടാണ് ഇത്തരമൊരു ശ്രമം നടത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഐഐടി ഗുവാഹത്തിയിലെ രസതന്ത്രം അസോസിയേറ്റ് പ്രൊഫസര്‍ ഉത്തം മന്നയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ജലം സംഭരിക്കാനായി പ്രകൃത്യാ ഉപയോഗിക്കപ്പെടുന്ന മാര്‍ഗം തന്നെയാണ് ഇവിടെയും അവലംബിക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ലോകമെമ്ബാടും ജല ദൗര്‍ലഭ്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പാരമ്ബര്യേതര മാര്‍ഗങ്ങളിലൂടെ വെള്ളം ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു.

സ്വാഭാവികമായും തുച്ഛമായ മഴയുള്ള ലോകത്തിലെ പ്രദേശങ്ങളില്‍, സസ്യങ്ങളും പ്രാണികളും വായുവില്‍ നിന്ന് വെള്ളം വലിച്ചെടുക്കാനും ശേഖരിക്കാനും തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് അനുകരിച്ചാണ് ശാസ്ത്രജ്ഞര്‍ നേര്‍ത്ത വായുവില്‍ നിന്ന് വെള്ളം പുറത്തെടുക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം നടത്തിയത്. രാസ രൂപത്തിലുള്ള എസ്‌എല്‍ഐപി എന്ന ആശയം ഉപയോഗിച്ചാണ് ഈര്‍പ്പമുള്ള വായുവില്‍ നിന്ന് വെള്ളം സംഭരിക്കാന്‍ ഗവേഷകര്‍ ശ്രമം നടത്തിയത്. പ്രകൃതിദത്ത ഒലിവ് ഓയില്‍, സിന്തറ്റിക് ക്രിറ്റോക്‌സ് അടക്കമുള്ളവയും ഇതിനായി ഗവേഷകര്‍ ഉപയോഗിക്കുന്നുണ്ട്. വായുവിലെ ഈര്‍പ്പം, മൂടല്‍ മഞ്ഞ് എന്നിവയില്‍ നിന്നെല്ലാം ചെലവു കുറഞ്ഞ രീതിയില്‍ ഇത്തരത്തില്‍ വെള്ളം ശേഖരിക്കാമെന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു.

രാജ്യത്തെ ജല ദൗര്‍ലഭ്യത്തിന് ഇത്തരത്തിലുള്ള നൂതന ആശയങ്ങളിലൂടെ പരിഹാരം കാണാമെന്ന് ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ആദ്യഘട്ട പരീക്ഷണങ്ങള്‍ വിജയമായിരുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കി. . 2012 ല്‍ ഫ്രഞ്ച് കമ്ബനിയായ ഇയോള്‍ വാട്ടര്‍ കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ വെള്ളം ഉണ്ടാക്കാന്‍ സാധിക്കുമെന്ന അവകാശവാദം ഉന്നയിച്ചിരുന്നു. WMS 1000 എന്ന മോഡലാണ് കമ്ബനി നിര്‍മ്മിച്ചത്. അബുദാബിക്കു സമീപത്തെ മരുഭൂമിയില്‍ നടത്തിയ പരീക്ഷണത്തില്‍ മണിക്കൂറില്‍ 62 ലീറ്റര്‍ വെള്ളം ഉണ്ടാക്കിയെന്നാണു കമ്ബനി അവകാശപ്പെടുന്നത്. ഒരു ദിവസം ആയിരം ലീറ്ററോളം വെള്ളം ഇങ്ങനെ ഉത്പാദിപ്പിക്കാമെന്നാണു കമ്ബനി അറിയിച്ചത്. എന്നാല്‍ പദ്ധതിക്കു വലിയ ചെലവ് വരുമെന്നതിനാല്‍ അവര്‍ പിന്നോട്ടുപോകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here