നൂറു പേരെയും വഹിച്ചുകൊണ്ട് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് ഒരു പേടകം. അവിടെ നിന്നും ചൊവ്വയിലേക്കും മറ്റു ഗ്രഹങ്ങളിലേക്കും. ഭൂമിയില്‍ മടങ്ങിയെത്തിയ ശേഷം വീണ്ടും യാത്രക്കാരുമായി പറന്നുയരുന്നതാണ് ടെക്‌നോളജി സംരംഭകനും എഞ്ചിനീയറുമായ ഈലോണ്‍ മസ്‌ക്ക് വിഭാവനം ചെയ്യുന്ന സ്റ്റാര്‍ഷിപ്പ്.

പദ്ധതിയുടെ ആദ്യ ചുവടുവയ്പ്പായി ഉപയോഗിക്കാനാകുന്ന റോക്കറ്റുകളുടെ ഒരു നിര തന്നെ പുറത്തിറക്കാനാണ് മസ്‌ക്കും അദ്ദേഹത്തിന്റെ ബഹിരാകാശ ഗതാഗത കമ്പനിയായ സ്‌പേസ് എക്‌സും പദ്ധതിയിടുന്നത്.

സ്‌പേസ് എക്‌സ്’ സെപ്തംബര്‍ 28 ന് തങ്ങളുടെ റോക്കറ്റിന്റെ ചിത്രം പുറത്തു വിട്ടിരുന്നു. ‘സ്റ്റാര്‍ഷിപ്പ് മാര്‍ക്ക് വണ്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പടുകൂറ്റന്‍ ബഹിരാകാശ റോക്കറ്റിന് 100 പേരെ വഹിച്ചുകൊണ്ട് ചന്ദ്രനിലേക്ക് പോകാനുള്ള ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും 118 മീറ്റര്‍ ഉയരമുളള ഈ ബഹിരാകാശ വാഹനത്തെ അയക്കണമെന്നാണ് മസ്‌ക്കിന്റെ ആഗ്രഹം. ഒരു തവണ പോയി വന്ന ശേഷവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് സ്റ്റാര്‍ഷിപ്പിന്റെ പ്രത്യേകത. ജാപ്പനീസ് സംരംഭകനും കോടീശ്വരനുമായ യുസാക്കു മേസാവായെയും ഏതാനും കലാകാരന്മാരെയുമാണ് മസ്‌ക്ക് ആദ്യം ബഹിരാകാശത്തേക്ക് അയക്കുകയെന്നാണ് റിപ്പോര്‍ട്ട്.

‘ഫാല്‍ക്കണ്‍ 9’ ‘ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ്‌സ്’ എന്നിവ സ്‌പേസ് എക്‌സ് നേരത്തെ വികസിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here