കാരവന് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ ട്വിറ്റര്‍ താല്‍ക്കാലികമായി തടഞ്ഞുവെച്ചു. നിയമപരമായ കാരണങ്ങളാലാണ് അക്കൗണ്ട് താല്‍ക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നത് എന്നാണ് ട്വിറ്റര്‍ അധികൃതര്‍ അറിയിക്കുന്നത്. തങ്ങളെ ഒരു വിധേയനെയും അറിയിക്കാതെയാണ് അക്കൗണ്ട് തടഞ്ഞുവെച്ചതെന്ന് എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഇന്ത്യക്ക് എന്നത്തേക്കാളും ധീരമായ, ന്യായമായ പത്രപ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിരവധി പേര് ട്വിറ്ററിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.
ഇതിന് മുമ്പ് ജനുവരി 26ന് ഡല്‍ഹി ഐ.ടി.ഒ ഇന്റര്സെക്ഷന് സമീപം കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ പൊലീസ് വെടിവെപ്പില്‍ കര്ഷകന് കൊല്ലപ്പെട്ടതായി കാരവന് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. ദൃക്സാക്ഷിയെ ഉദ്ധരിച്ചാണ് കാരവന് ട്വീറ്റ് ചെയ്തിരുന്നത്. ഈ വാര്‍ത്തക്കെതിരെ ഡല്‍ഹി പൊലീസ് ‘വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു’ എന്നാരോപിച്ച് പിന്നീട് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി തടഞ്ഞുവെച്ചതിലേക്ക് എത്തിച്ചതെന്നാണ് സൂചന.
ഇതേ ആരോപണം ഉന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകര്‍ രജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ്, മൃണാള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ നോയിഡ പൊലീസ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ നിന്ന് പിറകോട്ടില്ലെന്നാണ് വിനോദ് കെ ജോസ് വ്യക്തമാക്കിയത്.