സുനാമിയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 16 വയസ് തികയുന്നു. കേരളത്തില്‍ കൊല്ലം അഴീക്കലിലാണ് സുനാമി ഏറ്റവുമധികം ദുരിതം വിതച്ചത്. ഇപ്പോഴും ആ ദുരന്തത്തില്‍ നിന്നും അഴീക്കലുകാര്‍ പൂര്‍ണമായും കരകയറിയിട്ടില്ല. 2004 ഡിസംബര്‍ 26-നായിരുന്നു സുനാമി എത്തിയത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കു ശേഷം ഉറങ്ങി എഴുന്നേറ്റ പകലിലാണ് അഴീക്കലുകാര്‍ക്ക് എല്ലാം നഷ്ടമാകുന്നത്.

ആഞ്ഞടിച്ച തിരമാല ഇവരില്‍ പലരുടെയും ഉറ്റവരെയും കൊണ്ടുപോയി. 143 ജീവിതങ്ങളാണ് അന്ന് ഒറ്റദിവസം കൊണ്ട് ഈ നാടിന് നഷ്ടമായത്. അതിന്റെ ആഘാതത്തില്‍ നിന്നും അവര്‍ ഇനിയും മുക്തരായിട്ടില്ല.

ക്രിസ്മസ് പിറ്റേന്ന് എത്തിയ സുനാമി തിരമാലക്ക് പിന്നാലെ വര്‍ഷങ്ങളോളം അവര്‍ക്ക് ഒരു ആഘോഷവും ഉണ്ടായിട്ടില്ല. സുനാമിയില്‍ ഭാഗികമായി തകര്‍ന്ന അഴീക്കല്‍ പഴയ പള്ളിയുടെ പുനര്‍നിര്‍മാണം ഇപ്പോള്‍ അതിവേഗം പുരോഗമിക്കുകയാണ്. അന്ന് തകര്‍ന്ന മനസുകള്‍ പുനര്‍നിര്‍മിക്കാന്‍ മാത്രം ഇതുവരെയും ആയിട്ടില്ല.

നൂറടി വരെ ഉയരത്തില്‍ പാഞ്ഞെത്തിയ തിരമാലകള്‍. 9.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. 23000 അണുബോംബുകള്‍ പൊട്ടുമ്പോഴുണ്ടാകുന്ന ഊര്‍ജം. കേരളത്തിലെ തീരപ്രദേശത്തെ ആകെ സുനാമി തകര്‍ത്തു. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ഉണ്ടായ ഭൂചലനമാണ് പ്രഭവ കേന്ദ്രമായത്. ഇതിന്റെ ആഘാതം രാവിലെ 10.45 ഓടെ കേരളത്തിന്റെ തീരപ്രദേശങ്ങളിലുമെത്തി.

കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. പല സ്ഥലങ്ങളിലും എട്ട് കിലോമീറ്റര്‍ ദൂരമാണ് കടലെടുത്തത്. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നു. സംസ്ഥാനത്താകെ നൂറ്റമ്പതിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കന്നുകാലികളും വളര്‍ത്തുമൃഗങ്ങളുമുള്‍പ്പെടെ മറ്റ് നിരവധി ജീവനുകളും പൊലിഞ്ഞു. കോടികളുടെ നാശനഷ്ടം വേറെയും.

ഇന്ത്യന്‍ സമുദ്രത്തില്‍ നൂറടി വരെ ഉയരത്തില്‍ തിരമാലകള്‍ പാഞ്ഞെത്തി. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ഇന്ത്യനേഷ്യയില്‍ 1,67,000 പേര്‍ മരിക്കുകയും അഞ്ചു ലക്ഷത്തിലധികം വീടുകല്‍ തകര്‍ന്നതായുമാണ് കണക്ക്. ഇന്ത്യയില്‍ പതിനായിരത്തോളവും ലോകത്താകെ മൂന്ന് ലക്ഷത്തോളവും പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here