ഡല്‍ഹി: രൂക്ഷമായ ജലക്ഷാമത്താല്‍ വട്ടംചുറ്റുന്ന സൗത്ത്ആഫ്രിക്കയ്ക്ക് പിന്നാലെ സമീപഭാവിയില്‍ കുടിവെള്ളം മുട്ടുന്ന ലോകത്തിലെ 200 നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ബംഗളുരുവും. സമാനസാഹചര്യമാണ് തമിഴ്‌നാട്ടിലെ ചെന്നൈയിലേതും.

ലോകജലദിനമായ ഇന്ന് ജലദുരുപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്ന പഠനറിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഡൗണ്‍ ടു എര്‍ത്ത് മാഗസിനും സെന്റര്‍ ഫോര്‍ നയന്‍സ് ആന്റ് എന്‍വിയോണ്‍മെന്റും ചേര്‍ന്ന് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരം ഉള്ളത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയായ സി40 യുടെ 2015ലെ പുരസ്‌കാരം നേടിയത് ദക്ഷിണാഫ്രിക്കയായിരുന്നു. മികച്ച ജലപരിപാലനത്തിനായിരുന്നു അവാര്‍ഡ് സമ്മാനിച്ചത്. കേവലം മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അപ്രതീക്ഷിതമായി കടുത്ത ജലക്ഷാമത്തിലേക്ക് വഴുതി വീണ രാജ്യമായി ദക്ഷിണാഫ്രിക്ക മാറിക്കഴിഞ്ഞു. കേപ് ടൗണടക്കമുള്ള നഗരങ്ങളില്‍ ഏപ്രില്‍ 16 മുതല്‍ ടാപ്പുകള്‍ അടച്ചുകൊണ്ട് ‘ഡേ സീറോ’ പ്രഖ്യാപിച്ചു. പ്രത്യേക സ്ഥലങ്ങളില്‍ ജലവിതരണം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പരമാവധി ജലഉപഭോഗം കുറച്ച് പ്രതിസന്ധി തരണം ചെയ്യാനാണ് നീക്കം.

2015ല്‍ നിന്ന് 2018 ലെത്തിയപ്പോഴേക്കുള്ള ദക്ഷിണാഫ്രിക്കയിലെ സ്ഥിതിഗതികള്‍ ലോകത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ആഗോളതാപനവും ജൈവവൈവിധ്യങ്ങളുടെ നാശവും കോണ്‍ക്രീറ്റ് കൂടാരമാകുന്ന ഭൂമിയും ഭീതിതമായ ഭാവിയിലേക്കാണ് നമ്മെ നയിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ പോലെ ഭൂഗര്‍ഭജലവിതാനം കുറഞ്ഞ് കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന 200 നഗരങ്ങളാണ് പട്ടികയിലുള്ളത്. ഇന്ത്യയിലെ ബംഗളുരു, ചൈനയിലെ ബീജിംഗ്, മെക്‌സികോയിലെ മെക്‌സികോ സിറ്റി, യെമനിലെ സന, കെനിയയിലെ നയ്‌റോബി, ടര്‍ക്കിയിലെ ഇസ്താംബൂള്‍, ബ്രസീലിലെ സാവോപോളോ, പാക്കിസ്ഥാനിലെ കറാച്ചി, അഫ്‌നാനിസ്ഥാനിലെ കാബൂള്‍ എന്നിവയും കേപ്ടൗണിന്റെ പാതയിലേക്കാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കൃത്യമായ ആസൂത്രണവും ജലദുരുപയോഗത്തിനെതിരേ ബോധവത്ക്കരണവും നടത്തേണ്ട സമയവും അതിക്രമിച്ചതായും സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിയോണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ സുനിതാ നരേന്‍ പറയുന്നു. ബംഗളരുവിന് പിന്നാലെ ചെന്നൈയും സമീപഭാവിയില്‍തന്നെ ജലക്ഷാമത്തിലേക്ക് നീങ്ങുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

Read More:

വിയര്‍ത്തു കുളിക്കുന്ന കേരളം; ഈ കാലാവസ്ഥ കൈയ്യിലിരിപ്പിന്റെ ഫലം

LEAVE A REPLY

Please enter your comment!
Please enter your name here