ശബരിമലയിലെ സ്ത്രീ പ്രവേശനം: ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തത് 15 വര്‍ഷത്തിനുശേഷം, സുപ്രീം കോടതിയില്‍ 13 വര്‍ഷം…

0

സന്നിധാനത്തു വച്ചു നടന്ന, ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു ദിനപത്രം പ്രസിദ്ധീകരിച്ചു. ഈ ചിത്രം ഉള്‍പ്പെടുത്തി, ശബരിമലയില്‍ ചിലര്‍ക്ക് വി.ഐ.പി പരിഗണന ലഭിക്കുന്ന കാര്യവും യുവതികള്‍ ശബരിമലയില്‍ എത്തുന്നതും ചൂണ്ടിക്കാട്ടി ചങ്ങനാശേരി സ്വദേശി എസ്. മഹേന്ദ്രന്‍ ഹൈക്കോടതിക്ക് കത്തയക്കുന്നു. 1990 സെപ്റ്റംബര്‍ 24ന് അയച്ച ഈ കത്താണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഹൈക്കോടതി ഇടപെടലിലേക്ക് വഴിവച്ചത്.

പരാതി ഭരണഘടനയുടെ 226 -ാം അനുഛേദപ്രകാരം റിട്ട് ഹര്‍ജിയായി പരിഗണിക്കാന്‍ കേരള ഹൈക്കോതി ജസ്റ്റിസുമാരായ കെ.പരിപൂര്‍ണന്‍, കെ.ബി.മാരാര്‍ എന്നിവര്‍ തീരുമാനിച്ചു. 1991 ഏപ്രില്‍ 5ന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടന വിരുദ്ധമാണെന്നുമായിരുന്നു വിധിയുടെ സാരം.

അന്നാരം വിധി ചോദ്യം ചെയ്തില്ല. പിന്നീട് 15 വര്‍ഷത്തിന് ശേഷം 2006ലാണ് യംങ് ലോയേഴ്‌സ് അസോസിയേഷനാണ് ശബരിമലയിലെ സ്ത്രീപ്രവേശന ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയത്. സുപ്രീംകോടതിയിലെ ജസ്റ്റിസ് അരജിത് പസായത്ത്, ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ തുടങ്ങി പല കോടതികളിലൂടെ ഈ കേസ് കടന്നുപോയി. 2017ല്‍ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ കോടതിയിലേക്ക് എത്തിയതോടെയാണ് ശബരിമല കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്.

കേസില്‍ ഭരണഘടനപരമായ ചോദ്യങ്ങളുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദീപക് മിശ്രയുടെ കോടതി, 2017 ഒക്ടോബര്‍ 13ന് അഞ്ച് ചോദ്യങ്ങളോടെ ശബരിമല കേസ് ഭരണഘടന ബെഞ്ചിലേക്ക് വിട്ടു. എട്ട് ദിവസം തുടര്‍ച്ചയായി വാദം കേട്ട് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ശബരിമല കേസ് വിധി പറയാന്‍ മാറ്റിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here