രണ്ടാം വരവിന്റെ ആദ്യ നൂറു ദിനത്തില്‍ ആര്‍ട്ടിക്കിള്‍ 370 പ്രശ്‌നം പരിഹരിച്ച് കാശ്മീരിനെ രണ്ടാക്കുകയും അസാമില്‍ പൗരത്വ രജിസറ്റര്‍ കൊണ്ടുവരുകയുമൊക്കെയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍, ഇതൊക്കെ ട്രെയിലാറാണെന്ന നരേന്ദ്രമോദിയുടെ ഡയലോഗ് ഉണ്ടായതോടെ ചിത്രത്തിന്റെ സീനുകളില്‍ ഉള്‍പ്പെടാന്‍ പോകുന്നത് എന്തൊക്കെയെന്ന ചര്‍ച്ചകള്‍ സജീവമാവുകയാണ്.

ഏകീകൃത സിവില്‍ കോഡ്, വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം, അയോധ്യ തുടങ്ങി ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഏതൊക്കെയാകും ചിത്രത്തിലുണ്ടാവുകയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി കഴിഞ്ഞ ദിവസം സുപ്രീം കോടതി ഏകീകൃത സിവില്‍ കോഡിന്റെ സാധ്യത ഒന്നു കൂടി ബലപ്പെടുത്തിയിരിക്കുകയാണ്.

സുപ്രീം കോടതിയില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിട്ടുപോലും ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കാന്‍ രാജ്യത്ത് ഇതുവരെ ശ്രമം ഉണ്ടായിട്ടില്ലെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. ഹിന്ദു പിന്തുടര്‍ച്ച അവകാശവുമായി ബന്ധപ്പെട്ട് ഗോവയിലെ ഒരു സ്വത്തു തര്‍ക്ക കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം. 1867ലെ പോര്‍ച്ചുഗീസ് വ്യക്തി നിയമവുമായി ബന്ധപ്പെട്ട കോസിലാണ് പരാമര്‍ശം ഉണ്ടായത്. വിവിധ ഘടകങ്ങളിലായി എല്ലാ നിയമങ്ങളും എല്ലാവര്‍ക്കും ഒരുപോലെ എന്നതിലേക്ക് കാര്യങ്ങളെ കൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ കോടതി ആര്‍ക്കും നോട്ടീസ് അയച്ചിട്ടില്ല.

പക്ഷേ മുത്തലാഖിനു പിന്നാലെ കോടതി ഉത്തരവിലൂടെ ഉയര്‍ന്നു വരുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്രം മുന്നിട്ടിറങ്ങുമോയെന്നാണ് വിവിധ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. വിവിധ മതക്കാര്‍ക്കും അതിനുള്ളിലെ ഉപ വിഭാഗങ്ങളും ഇന്ത്യയിലുണ്ട്. ജാതി മത വര്‍ഗ വ്യത്യാസമില്ലാതെ രാജ്യത്തെ ഏതു പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമനിര്‍മാണത്തിനാണ് ഏകീകൃത വ്യക്തി നിയമം കൊണ്ടുദ്ദേശിക്കുന്നത്.

ഭരണഘടനയുടെ 44-ാം ഖണ്ഡികയില്‍ ഏകീകൃത വ്യക്തിനിയമം ഇന്ത്യയില്‍ നടപ്പാക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here