അപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ചതാര് ? ആംബുലന്‍സ് ജീവനക്കാര്‍ ചൂണ്ടിക്കാണിച്ച ദുരൂഹത ചര്‍ച്ചയാകുന്നു

0
2

കൊല്ലം: കൊല്ലത്ത് തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരണപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. കുറ്റക്കാര്‍ ആശുപത്രികള്‍ മാറ്റമല്ലെന്ന വെളിപ്പെടുത്തലുമായി കൊല്ലത്തെ ഒരു വിഭാഗം ആംബുലന്‍സ് ജീവനക്കാര്‍ രംഗത്ത്.

കൊട്ടിയം കിംസ് ആശുപത്രിയില്‍ നിന്ന് രോഗിയെ ഷിഫ്റ്റ് ചെയ്തതു മുതലുള്ള ലൈഫ് സേവ് ആംബുലന്‍സിന്റെ നടപടികളില്‍ ദുരൂഹത ചൂണ്ടിക്കാട്ടിയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരും ടെക്‌നീഷ്യന്‍മാരും രംഗത്തെത്തിയിരിക്കുന്നത്. ലൈഫ് സേവ് ആംബുലന്‍സുകാരുടെ നടപടികളും ആംബുലന്‍സ് ഉടമയ്ക്ക്് മെഡിസിറ്റി ആശുപത്രിയുമായുള്ള പിണക്കവും ചൂണ്ടിക്കാട്ടി, ഒരു ജീവന്‍ പൊലിയുന്നതുവരെ എത്തിയകാര്യങ്ങള്‍ വിശദീകരിക്കുന്ന വോയിസ് ക്ലിപ്പുകള്‍ സമൂഹ മാധ്യമങ്ങളിലെത്തി.

മെഡിസിറ്റി ആശുപത്രി ജംഗ്ഷനിലെ സ്റ്റാന്‍ഡില്‍ ഏഴു വര്‍ഷമായി ആംബുലന്‍സ് ഡ്രൈവറായ സുധീറിന്റെ വോയിസ് ക്ലിപ്പില്‍ പറയുന്നതിങ്ങനെ:

ഇത്തിക്കരയില്‍ റോഡ് അപകടത്തില്‍ തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റ്. രണ്ടു വാഹനങ്ങളിലായി ഇവരെ കിംസില്‍ എത്തിച്ചു. പെട്ടെന്ന് ഓപ്പറേഷന്‍ നടത്തേണ്ടതിനാല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.

വിളിച്ചത് ലൈഫ് സേവിന്റെ ആംബുലന്‍സ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ 10 കിലോമീറ്റര്‍ ചുറ്റളവിലില്‍ സൗജന്യസേവനമാണെന്നാണ് അവര്‍ വിശദീകരിച്ചു. അടുത്തുള്ള ആശുപത്രിയില്‍ സൗജന്യമായി എത്തിക്കാമെന്ന് പറഞ്ഞു. മെഡിട്രീനയിലേക്ക് വിളിച്ചശേഷം റഫറന്‍സ് വാങ്ങി.

ഹോളിക്രോസ് ആശുപത്രി, അഷ്ടമുടി ആശുപത്രി, മെഡിസിറ്റി ആശുപത്രി, സഹകരണ ആശുപത്രി എന്നിവ കഴിഞ്ഞാണ് മെഡിട്രീന ആശുപത്രിയിലേക്ക് പോകേണ്ടത്.മെഡിട്രീനയില്‍ ഡോക്ടര്‍ പരിശോധിച്ചശേഷം പെട്ടന്ന് വണ്ടി മെഡിസിറ്റിയില്‍ എത്തി. ഇതിനു തൊട്ടുമുമ്പ് ന്യൂറോ ഐ.സി.യുവില്‍ ബഡില്ലാത്തതിനാല്‍, മെഡിസിറ്റിയില്‍ നിന്ന് രണ്ടു രോഗികളെ മാറ്റിയത് സ്റ്റാന്‍ഡിലെ തന്നെ വണ്ടികളാണ്. 20 മിനിട്ട് കഴിഞ്ഞ് ആംബുലന്‍സ് ഉടമയും ട്രാക്ക് എന്ന സംഘടനയുടെ ഐ.ടി. ചെയര്‍മാനുമായ രാഹുലും ട്രാക്ക് പി.ആര്‍.ഒ റോണയും വന്ന് തിരുവനന്തപുരത്തേക്ക് പോയി.

‘…ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നു. ഒന്ന് കൊല്ലത്ത് ഏതെങ്കിലും ഒരു ആശുപത്രിയില്‍ ഒരു രോഗിയെ എത്തിച്ചാല്‍ എടുത്തില്ലെങ്കില്‍ ട്രാക്കിന്റെ ഭാരവാഹികളെ കോണ്‍ടാക്ട് ചെയ്യും. വിളിച്ചു പറഞ്ഞാല്‍ അവിടെ പോലീസ് ഇടപെടും, ഉത്തരവാദിത്വപ്പെട്ട സംവിധാനങ്ങള്‍ ഇടപെടും. രോഗിയെ ഏതു ആശുപത്രിയിലാണോ കൊണ്ടുവന്നത് അവിടെ തന്നെ ചികിത്സ ഉറപ്പാക്കും. അങ്ങനെ അനുഭവമുള്ളവരാണ് ഞങ്ങള്‍. വന്നുനിന്ന് ചികിത്സ വാങ്ങിക്കൊടുത്ത് പരിചയമുള്ള രണ്ടു ഭാരവാഹികളാണ് മെഡിസിറ്റിയില്‍ നിന്ന് ആംബുലന്‍സ് പോകുമ്പോള്‍ അതില്‍ കയറിയത്. രണ്ടാമത്തെ സംഗതി. ഏഴു വര്‍ഷത്തെ പരിചയത്തില്‍ റോഡില്‍ കിടക്കുന്ന കേസുകള്‍, ആരെന്നുപോലും അറിയാതെ എടുത്തുകൊണ്ടു ചെന്നവരെയൊക്കെ മെഡിസിറ്റിയില്‍ ഒന്നും ചോദിക്കാതെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. രക്തം കഴുകികളയാനും ആംബുലന്‍സ് വൃത്തിയാക്കാനുമൊക്കെ അവിടെ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

മുരുകന്റെ വിഷയം ഉണ്ടായി, മീഡിയയില്‍ വാര്‍ത്തയായി അത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഇവിടൊരു മാര്‍ച്ച് നടന്നു. പിക്കപ്പ് ബൈക്കില്‍ ഇടിച്ച് പരിക്കുപറ്റിയ യുവ എന്‍ജിനിയറെ ആ മാര്‍ച്ചില്‍ പങ്കെടുത്ത ആളുകള്‍ എടുത്തു ചാരി ഇരുത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് രോഗിയെ എത്തിച്ച് മടങ്ങി വരുമ്പോള്‍ സംഭവം കണ്ട് നിര്‍ത്തി. രോഗിയെ സ്ട്രക്ച്ചറില്‍ കയറ്റാന്‍ എല്ലാവരുടേയും സഹായം അഭ്യര്‍ത്ഥിച്ചു. ഒരാളും തയാറായില്ല. ഹോളോ ബ്രിക്‌സ് ജോലി ചെയ്യുന്ന, ഒരു കൈക്ക് സ്വാധീനമില്ലാത്ത വിരളുകളില്ലാത്ത ഒരാള്‍ മാത്രമാണ് മുന്നോട്ടു വന്നത്. പരിക്കു മാരകമായിരുന്നു. എത്തിച്ചത് മെഡിസിറ്റിയിലാണ്.

കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിനു മുന്നിലെ ആംബുലന്‍സ് ഡ്രൈവറായ അഖില്‍ പറയുന്നതിങ്ങനെ:

രാഹുല്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍. മാധ്യമങ്ങള്‍ അന്വേഷിച്ച് സത്യാവസ്ഥ മനസിലാക്കണം.

‘…പറയാതിരിക്കാന്‍ വയ്യ, അതുകൊണ്ടാണ് പറയുന്നത്. കിംസില്‍ മുരുകനെ കൊണ്ടുവന്നപ്പോള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനാണ് നിര്‍ദേശിച്ചത്. 10 കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യമായി എത്തിക്കാമെന്ന് ആംബുലന്‍സ് പറയുന്നു. ചില സംശയങ്ങളുണ്ട്. മെഡിട്രീന ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ആറു കിലോമീറ്റര്‍ കിംസില്‍ നിന്ന് ഉണ്ട്. ഇതിനിടെ നാലു ആശുപത്രികളുണ്ട്. ഇവിടെങ്ങും വിളിക്കാതെ മെഡിട്രീനിയില്‍ വിളിച്ചുചോദിക്കുന്നു. ന്യൂറോ സര്‍ജന്‍ ഇല്ലായെന്ന് പറഞ്ഞ് മെഡിസിറ്റിയില്‍ കയറ്റി. മെഡിസിറ്റിയില്‍ ഡോക്ടര്‍ എത്തിനോക്കിയേയുള്ളൂവെന്ന് ലൈഫ് സേവുകാര്‍ പറയുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. ഞാന്‍ സ്‌പോട്ടിലുണ്ടായിരുന്ന, നേരില്‍കണ്ട വ്യക്തിയാണ്. ഡോ. ബിലാല്‍ വണ്ടിക്കകത്തു നിന്നുകൊണ്ടാണ് സംസാരിച്ചത്. പിന്നാലെ ക്യാഷ്വാല്‍റ്റിയിലേക്ക് പോയി….. മുരുകനെ കൊണ്ടുവരുമ്പോള്‍ രാഹുലോ ആരും ഉണ്ടായിരുന്നില്ല.

1298 ആംബുലന്‍സിലെ കൊല്ലം ജില്ലയിലെ മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിഷ്ണുവിന്റെ വാക്കുകള്‍:

ഈ മേഖലയിലെ ആംബുലന്‍സുകാര്‍ക്കും വിഷയത്തില്‍ ചിലത് പറയാനുണ്ട്. അതാരും ചോദിച്ചിട്ടില്ല.

‘പേഷ്യന്റിനെ എടുക്കുമ്പോള്‍ കൊണ്ടുപോകുന്ന ആശുപത്രിയില്‍ ബെഡ് ബുക്ക് ചെയ്തിട്ടുണ്ടെന്നു പറഞ്ഞാലും നേരിട്ട് ഉറപ്പുവരുത്തും. രോഗിയുടെ കണ്ടിഷന്‍ പുറപ്പെടുന്നതിനു മുമ്പ് വിളിച്ചു പറഞ്ഞ് കാര്യങ്ങള്‍ വ്യക്തമാക്കും. ബൈസ്റ്റാന്‍ഡര്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. കാരണം സഹായത്തിന് അവിടെ പോലീസ് എയ്ഡ് പോസ്റ്റുകള്‍ ഉണ്ട്. രോഗിയെ അഡ്മിറ്റ് ചെയ്യാന്‍ ആറും ഏഴും മണിക്കൂറുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാത്തു കിടക്കേണ്ടി വന്നിട്ടുണ്ട്. അതു സ്വാഭാവികമാണ്. മെഡിസിറ്റിയെ മാത്രം രാഹുല്‍ ടാര്‍ജറ്റ് ചെയ്യുന്നത് നേരത്തെ അവിടെ നിന്ന് പുറത്താക്കിയിട്ടുള്ളതുകൊണ്ടാകാം. ‘

 

 

LEAVE A REPLY

Please enter your comment!
Please enter your name here