വാഴച്ചുവട്ടിലെ കൂടോത്രം ഫെയ്‌സ്ബുക്കിലിട്ട സുധീരന്  നാട്ടുകാരുടെ ‘കൂടോത്രോപദേശം’

'യോഗി ആദിത്യനാഥിന് കൂടോത്രമൊഴിപ്പിക്കാനുള്ള  കഴിവുണ്ട്'

0
ധീരമായ നിലപാടുകളുമായി കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്ന വി.എം.സുധീരന്‍ കുറച്ച്കാലമായി നിശബ്ദനാണ്. എന്തുകൊണ്ടെന്നറിയില്ല, പിണറായി സര്‍ക്കാരിനെതിരേ പ്രസ്താവനകളൊക്കെ ഇറക്കുമെങ്കിലും പഴയപോലെ ‘ഒരിത്’ കിട്ടുന്നില്ല. ഒടുവിലാണ് വാഴച്ചോട്ടിലെ കൂടോത്രത്തെ കഴിഞ്ഞ ദിവസം കൈയോടെ ഒഴിപ്പിച്ചത്.
പലവട്ടം ഇത്തരം ഉമ്മാക്കികള്‍ കിട്ടിയിട്ടുണ്ടെന്നാണ് സുധീരന്റെ നിലപാട്. അതും ഒമ്പത് തവണ. നോക്കിയിരുന്നിട്ട് കാര്യമില്ലാത്തതിനാല്‍ ഫെയ്‌സ്ബുക്കില്‍ തന്നെ ഈ ‘കൂടോത്ര’ത്തെ തുറന്നുവിട്ടു. കെ.പി.സി.സി. പ്രസിഡന്റ് പദമൊഴിഞ്ഞിട്ടും ശത്രുക്കളുടെ പ്രധാന നോട്ടപ്പുള്ളി ഇപ്പോഴും വി.എം.സുധീരനാണെന്നാണ് 9-ാം തവണത്തെയും കൂട്രോത്രപ്രയോഗം തെളിയിക്കുന്നത്.
കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍- എല്ലാ കൂടോത്രസാമഗ്രികളും മെഡിക്കല്‍കോളജ് പോലീസിന്റെ കസ്റ്റഡിയിലാണ്.
തകിടും കൂടുമെല്ലാം ഫെയ്‌സ്ബുക്കിലിട്ടതോടെ രസികന്‍
അഭിപ്രായങ്ങളാണ് പലരും രേഖപ്പെടുത്തുന്നത്. കൂടോത്രം ചെയ്യാന്‍ സാധ്യത കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവര്‍ തന്നെയാകുമെന്നാണ് ഭൂരിപക്ഷംപേരും അഭിപ്രായപ്പെടുന്നത്. മറുപണി ചെയ്യണമെന്നും കൂടോത്രം സത്യമാണെന്നും ചിലര്‍ ഉപദേശിക്കുന്നു. പേടിക്കേണ്ടെന്ന് ആശ്വസിപ്പിക്കുന്നവരും കുറവല്ല. പോലീസിനെ ഏല്‍പ്പിക്കുന്നതിലും നല്ലത് കെ.പി.സി.സി. പ്രസിഡന്റിനെ ഏല്‍പ്പിക്കുന്നതാണെന്നും ചിലര്‍ തട്ടിവിട്ടു. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടേയും എം.എം. ഹസന്റെയും വരെ പണിയാണെന്നും പറയുന്നവരുമുണ്ട്. യോഗിആദിത്യനാഥ് കൂടോത്രമൊഴിപ്പിക്കാന്‍ മിടുക്കനെന്നും ഉപദേശമുണ്ട്.
സുധീരനെയും കണക്കിന് കളിയാക്കുന്നവരുമുണ്ട്. വീടിന്റെ ഉമ്മറത്ത് സ്ഥാപിച്ചിരിക്കുന്ന ‘കുതിരലാട’ത്തിന് ഇതൊക്കെ നിഷ്പ്രഭമാക്കാനാവില്ലേയെന്നും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രയോജനമില്ലാത്ത താങ്കളെ നശിപ്പിച്ചിട്ടെന്തു ചെയ്യാനെന്ന് ഏതോ ‘കടുത്ത’ ശത്രുവും അഭിപ്രായമെഴുതിയിട്ടുണ്ട്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here