സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമൊപ്പം സവര്‍ക്കരെ കണ്ടവര്‍ ‘പൂരം’ തുടങ്ങി, തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തില്‍ സവര്‍ക്കറും കയറിക്കൂടി

തൃശൂര്‍ | പൂരനഗരയില്‍ പുതിയ ‘വെടിക്കെട്ടിനു’ തീകൊളുത്തി ആസാദി കുടകള്‍ എത്തി. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിന്റെ ആനചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ബി.ജെ.പി നേതാവ് സുരേഷ് ഗോപിയാണ് ആസാദിക്കുട പ്രദര്‍ശിപ്പിച്ചത്.

തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ കുടമാറ്റത്തിനുള്ള കുടകളില്‍ ആസാദി കുടകളും ഇക്കുറി ഉയരും. ഹിന്ദുത്വവാദിയായ വി.ഡി. സവര്‍ക്കറുടെ ചിത്രവും സ്വാതന്ത്ര്യസമര സേനാനികളുടെയും ചരിത്ര പുരുഷന്മാരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കുടകളിലുണ്ട്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖരന്‍ ആസാദ്, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പി സ്വാമികള്‍, പട്ടം താണുപിള്ള തുടങ്ങിയവരുടെ ചിത്രങ്ങളും കുടകളിലുണ്ട്.

സൈദ്ധാന്തിക ആചാര്യന്‍ കൂടിയായ സവര്‍ക്കറെ ദേശീയ പ്രതീകമായി ഉയര്‍ത്തിക്കാട്ടാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതിനെതിരെ ദേശീയതലത്തില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും നിലകൊള്ളുമ്പോഴാണ് പൂരനഗരിയിലും സവര്‍ക്കര്‍ ചര്‍ച്ചയാകുന്നത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയതോടെ നടപടി വിവാദത്തിലേക്കും സാമൂഹ്യ മാധ്യമങ്ങളിലെ വാക്‌പോരുകളിലേക്കും നീങ്ങിയിട്ടുണ്ട്. നടപടി വിവാദമായതോടെ സംഘാടകര്‍ പ്രദര്‍ശനവേദിയില്‍ നിന്നു കുട ഒഴിവാക്കിയിട്ടുണ്ട്.

പൂരത്തലേന്നാണ് സാധാരണ ചമയ പ്രദര്‍ശനം നടത്തി വരാറുള്ളത്. ഇക്കുറി തിരുവമ്പാടിയും പാറമേക്കാവും രണ്ടു ദിവസങ്ങളിലായി ചമയപ്രദര്‍ശനം നടത്തുന്നുണ്ട്. തിരുവമ്പാടി ദേവസ്വത്തിന്റെ പ്രദര്‍ശനം റവന്യൂമന്ത്രി കെ. രാജനാണ് ഉദ്ഘാടനം ചെയ്തത. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തിങ്കളാഴ്ച പ്രദര്‍ശന വേദിയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here