മണിക്കൂറുകള്‍ കൊണ്ട് ഉക്രെയിന് പിടിക്കാമെന്നു സ്വപ്നം കണ്ട പുടിന്റെ സൈന്യത്തിനു പാടേ തെറ്റി. റഷ്യന്‍ സേനയെ കണ്ട് ഉക്രെയിനികള് ഭയന്നില്ല. ഓടിപോകാതെ, അപ്രതീക്ഷിത രീതിയില്‍ നേരിടുകകൂടി ചെയ്തതോടെ ഏറ്റുമുട്ടല്‍ നാലാം ദിവസത്തിലേക്കു നീങ്ങുകയാണ്.
ഉക്രെയില്‍ ജനതയെ അണിനിരത്തി ഒരുക്കിയ പ്രതിരോധമാണ് റഷ്യന്‍ സേനയുടെ മുന്നേറ്റത്തെ തടഞ്ഞത്. നിരായുധരായും അവര്‍ക്കിടയില്‍ ആയുധധാരികളായും ഉക്രെയിന് ജനത അണിനരന്നപ്പോള്‍ റഷ്യയുടെ മുന്നേറ്റം ലക്ഷ്യങ്ങളിലെത്തിയില്ല. നിരത്തിലെ സൈന്‍ബോഡുകളില്‍ തെറ്റായി രേഖപ്പെടുത്തി വഴിതെറ്റിച്ചും പാലങ്ങളും റോഡുകളും തകര്‍ത്തും ഉക്രെയിനികള് അവരെ ശരിക്കും വെള്ളം കുടിപ്പിച്ചു.

ഉക്രെയിനികള് നശിപ്പിച്ച റഷ്യന്‍ സേനയുടെ വെടികോപ്പുകളും വാഹനങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. പിന്നാലെ ശത്രുക്കളെ നേരിടുന്നത് എങ്ങനെയെന്നതിനുള്ള ഉത്തരവും ഉക്രെയിനില്‍ നിന്നു പുറത്തുവരുന്നു. യുദ്ധത്തിലേര്പ്പെട്ടിരിക്കുന്നവരെ സഹായിക്കാന്‍ ലിവിവ് ആസ്ഥാനമാുള്ള പ്രാവ്ദ ബ്രൂവറി ഉടമകള്‍ ബിയര്‍ നിര്‍മ്മാണം നിര്‍ത്തി പകരമായി മൊളോടോവ് കോക്ടെയില്‍ എന്നറിയപ്പെടുന്ന പെട്രോള്‍ ബോംബുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. കുപ്പിയിലെ ലേബലുകളില്‍ ‘പുടിന് ഒരു തലകറക്കമാണ്’ എന്നാണ് ചിത്രത്തോടൊപ്പം രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്സ്റ്റട്രാമിലേക്കുള്ള പ്രാവ്ദ ബ്രൂവറിയുടെ ഒടുവിലത്തെ പോസ്റ്റില്‍ ആയുധമെടുക്കുന്നവര്‍ക്ക് സൗജന്യ കാപ്പിയും ചായയുമാണ് പ്രോത്സാഹന വാഗ്ദാനം. ഉക്രെയിന് നാഷണല്‍ സെക്യുരിറ്റിറ്റി ആന്‍ഡ് ഡിഫന്‍സ് കൗണ്‍സില്‍ മോളോടോവ് കോക്ടെയിലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന വിവിരങ്ങള്‍ രണ്ടു ദിവസം മുമ്പ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് വിവിധ മേഖലകളില്‍ പെട്രോള്‍ ബോംബ് അടക്കമുള്ള ആയുധങ്ങള്‍ കുടില്‍ വ്യവസായം പോലെ ഞൊടിയിടയില്‍ തയാറാക്കുന്നത്. പെട്രോള്‍ ബോംബു മാത്രമല്ല, സ്വയരക്ഷയ്ക്ക് റഷ്യക്കാര്‍ മനസില്പോലും ചിന്തിക്കാത്ത ഐറ്റങ്ങളാണ് ഉക്രെയിനികള് ഒരുക്കുന്നത്.