മദ്യപാനം, തെറി അഭിഷേകം… വിജിലന്‍സിനെ ‘കൂട്ടിലടച്ച’തുകൊണ്ട് ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ക്ക് എന്തുമാകാമോ ?

0

തിരുവനന്തപുരം: ക്ഷേത്ര വളപ്പില്‍ മദ്യപാനം, മോശമായ പെരുമാറ്റം… ഭക്തരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇവ നിയന്ത്രിക്കേണ്ട വിജിലന്‍സ് സംവിധാനത്തെയും പൊളിച്ചടുക്കി.

ജീവനക്കാരുടെ മദ്യപാനത്തിനെതിരെയും പണാപഹരണത്തിനെതിരെയും ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരുടെ ഭാഗത്തുനിന്ന് പരാതികള്‍ ഉയരുന്നത് പുതിയ കാര്യമല്ല. മുന്‍കാലങ്ങളില്‍ ഇത്തരം പരാതികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശക്തമായ ഒരു വിജിലന്‍സ് സംവിധാനം ഉണ്ടായിരുന്നു. മദ്യപിച്ചുകൊണ്ടിരിക്കുമ്പോള്‍ വിജിലന്‍സിനെ കണ്ട് ഓടി കുളത്തില്‍വീണതും സഹികെട്ട് നാട്ടുകാര്‍ പിടികൂടിയവര്‍ ഒരു വര്‍ഷത്തിലധികം സസ്‌പെന്‍ഷനില്‍ കഴിയേണ്ടിവന്നതുമൊക്കെ ഇതിനു തെളിവാണ്. എന്നാല്‍, ദേവസ്വം ബോര്‍ഡു തന്നെ വിജിലന്‍സിനെ പൊളിച്ചടുക്കി, ‘കൂട്ടിലടച്ചി’രിക്കുകയാണ്. എസ്.പിക്കു കീഴില്‍ മൂന്ന് എസ്.ഐമാരുണ്ടായിരുന്നത് ഒന്നായി ചുരുക്കി. സൗകര്യങ്ങളും വെട്ടിചുരുക്കിയതോടെ പരിശോധനകള്‍ നിലച്ച മട്ടാണ്.

ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തരെ അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കുന്നത് പതിവായതോടെ, ഉള്ളൂര്‍ ബാലസുബ്രഹ്മണ്യം ക്ഷേത്ത്രിലെ ഒരു ജീവനക്കാരനെ കഴിഞ്ഞദിവസം മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദേവസ്വം ഓഫീസിലും പരിസരത്തും പതിവായി മദ്യപാനം നടക്കുന്നുവെന്ന് പലതവണ പരാതി ഉയര്‍ന്നിട്ടും അധികാരികള്‍ കണ്ണടയ്ക്കുകയായിരുന്നു. അര്‍ദ്ധരാത്രിയിലടക്കം ഇവിടുത്തെ ഓഫീസ് തുറന്നു മദ്യപിച്ചു ബഹളം വയ്ക്കുന്നത് പതിവായിരുന്നുവെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്തജനങ്ങളെ അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കിയത് സംഘര്‍ഷ സാധ്യത സൃഷ്ടിക്കുമെന്ന സാഹചര്യത്തില്‍ മാത്രമാണ് കഴിഞ്ഞ ദിവസം അധികൃതര്‍ ഇടപെട്ടതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പോലീസ് കസ്റ്റഡിയിലെടുത്ത പിരപ്പന്‍കോട് സ്വദേശി അരുണിനെ സംരക്ഷിക്കാന്‍ ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടല്‍ നടത്തുന്നതും വിവാദമായിട്ടുണ്ട്. വിജിലന്‍സിനെ നോക്കുകുത്തിയാക്കിയത് ബോധപൂര്‍വ്വമാണെന്ന് വ്യക്തമാക്കുന്നതു കൂടിയാണ് ഒടുവിലത്തെ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here