ആലപ്പുഴ: ഒരു സെന്റ് ഭൂമി കൈയേറിയതായി തെളിഞ്ഞാല്‍ എം.എല്‍.എ പണിതന്നെ മതിയാക്കുമെന്ന് പ്രഖ്യാപിച്ച തോമസ് ചാണ്ടിയുടെ ഭാവിയെന്ത് ? മന്ത്രി കായല്‍ കൈയേറിയിട്ടുണ്ടെന്ന ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് തോമസ് ചാണ്ടിയെ മാത്രമല്ല, സര്‍ക്കാരിനെയും വെട്ടിലാക്കുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ അധികാര ഇടനാഴിയില്‍ തോമസ് ചാണ്ടിയെ താങ്ങി നിര്‍ത്തിയവര്‍ സ്വന്തം മുഖം രക്ഷിക്കേണ്ടി വരുമോയെന്ന ചിന്തയിലാണ്.
മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയെന്നും ഭൂസംരക്ഷണ നിയമം ലംഘിച്ചുവെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് ശനിയാഴ്ച ലഭിച്ച റിപ്പോര്‍ട്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനു കൈമാറും. റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയാലും അധികം വൈകാതെ തന്നെ അത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. അതില്‍ നിന്ന് എങ്ങനെ തോമസ് ചാണ്ടിയെ രക്ഷിച്ചെടുക്കുമെന്ന ആലോചനയിലാണ് ഇടതു കേന്ദ്രങ്ങള്‍.
സോളാര്‍ കേസിനെതിരായ വടിയായി പ്രതിപക്ഷവും തോമസ് ചാണ്ടിക്കെതിരായ ആരോപണത്തെ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, മന്ത്രി രാജിക്കില്ലെന്ന സൂചനകളാണ് തോമസ് ചാണ്ടിയുടെ ക്യാമ്പ് നല്‍കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട പഴുതുകളും അവ്യക്തതകളും പ്രയോജനപ്പെടുത്തി പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തിലാണ് മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here