ഉത്തരേന്ത്യയല്ല കേരളമെന്ന് അഭിമാനംകൊള്ളാന്‍ മലയാളികള്‍ക്ക് ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. ആളെത്തല്ലിക്കൊല്ലുന്ന, ജാതിമതവെറി പൂണ്ട ദുരഭിമാനകൊലപാതങ്ങള്‍ നടക്കുന്ന ഉത്തരേന്ത്യന്‍ മനസ്ഥിതിയുടെ കാരണങ്ങള്‍ ഒരുകാലത്ത് നമ്മെ അദ്ഭുതപ്പെടുത്തിയിരുന്നു. ഇന്ന് കാലം മാറുകയാണ്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് സാംസ്‌കാരികമായ ഉന്നതിയില്‍ നമ്മുക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലാതാകുന്ന കാലത്തിലേക്കാണ് നാം നയിക്കപ്പെടുന്നത്. സവര്‍ണ്ണമേധാവിത്വം എല്ലാരംഗത്തും പ്രകടമെന്ന് ദളിതര്‍ മുറവിളികൂട്ടുമ്പോഴും ജാത്യാഭിമാനങ്ങള്‍ വിട്ടൊഴിയാന്‍ അവര്‍ക്കും കഴിയുന്നില്ല. തന്നേക്കാള്‍ താഴ്ന്നവരെന്ന് സമൂഹം മുദ്രകുത്തപ്പെടുന്നവരോട് മുന്തിയ ദളിതനെന്ന് മുദ്രകുത്തപ്പെട്ടവര്‍ കാട്ടുന്നതും ഒരേ ‘സവര്‍ണ’സമീപനമാണ്. ജാത്യാഭിമാനം തലയ്ക്കുപിടിക്കുന്നവരില്‍ സവര്‍ണ്ണനെന്നോ ദളിതനെന്നോ ഇവിടെ വ്യത്യാസമില്ലെന്നുചുരുക്കം.

മലപ്പുറത്ത് ഈഴവജാതിയില്‍ പെട്ട യുവതി പട്ടികജാതിക്കാരനുമായി പ്രണയത്തിലായതിനെത്തുടര്‍ന്ന് പിതാവ് അവളെ കുത്തിക്കൊന്നെന്ന വാര്‍ത്ത കേരളം കണ്ടു. ഒരു സൈനികനായിരുന്നു ആ ദളിത് യുവാവ്. സര്‍ക്കാര്‍ജോലി വിവാഹമാര്‍ക്കറ്റില്‍ മുന്തിയ പരിഗണയുള്ള ഒന്നായിട്ടും ആ ദളിത് യുവാവിന് ആ പരിഗണനയും ലഭിച്ചില്ല.

ശ്രീനാരായണഗുരുവിന്റെ നാട്ടില്‍ ജാത്യാഭിമാനത്തിലെ ‘സവര്‍ണ്ണത’ ചോദ്യചിഹ്നമായിത്തന്നെ പലരൂപത്തിലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വിവിധ മത ജാതി സംഘടനകള്‍ സാംസ്‌കാരികമൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കേരളത്തെ നോക്കി കൊഞ്ഞനംകുത്തുമ്പോഴും വോട്ടുരാഷ്ട്രീയം നോക്കി പ്രതികരിക്കുന്ന നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ഒത്താശ നല്‍കുന്നതും നാം കണ്ടു.

അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചവനെ തല്ലിക്കൊന്ന കേരളം, മകളെ കീഴ്ജാതിപ്രണയത്തിന്റെ പേരില്‍ കുത്തിക്കൊന്ന കേരളം, മകളെ പോലെ കരുതേണ്ട വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കുന്ന അധ്യപകരുടെ കേരളം, മകളെ, അമ്മയെ, അമ്മൂമ്മയെ വരെ മനുഷ്യത്വരഹിതമായി പീഡനവിധേയരാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ കേരളം. നാം പോകുന്നതെങ്ങോട്ടെന്ന് നൂറായിരം ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ പകച്ചുനില്‍ക്കുകയാണ് സാംസ്‌കാരിക കേരളം.

നല്ല ഗുരുക്കന്മാരുടെ അഭാവത്താല്‍ നയിക്കപ്പെടുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വളര്‍ന്നുവന്ന ഒരു തലമുറയാണ് നമ്മുക്കിപ്പോഴുള്ളത്. മതിയായ യോഗ്യതകളുണ്ടായിട്ടും അധ്യാപകമോഹം പൂവണിയാത്ത നിരവധിപേരുണ്ടിവിടെ. സ്‌കൂള്‍ മുതല്‍ കോളജ് തലംവരെ 15 മുതല്‍ 50 ലക്ഷം വരെ മുടക്കാനി ല്ലാഞ്ഞിട്ട് അധ്യാപനമോഹം ഉപേക്ഷിച്ചവരുണ്ടിവിടെ. അവര്‍ക്കുമുന്നില്‍ ജാതിമത സ്വാധീനവും പണക്കൊഴുപ്പുംകൊണ്ട് അധ്യാപകവേഷം കെട്ടാനായവര്‍ നയിക്കുന്ന വിദ്യാഭ്യാസരംഗം. കുട്ടികളോടോ സമൂഹത്തോടോ ഏതൊരു പ്രതിബദ്ധതയും കാണിക്കാത്ത അധ്യാപകരുടെ വലിയൊരു കൂട്ടം തന്നെയാണ് ഭൂരിപക്ഷവും. അവരാല്‍ നയിക്കപ്പെടുന്ന ഒരു തലമുറയ്ക്ക് ഇക്കാണുന്നതില്‍ കൂടുതലൊന്നും സംഭാവന നല്‍കാനാവില്ലല്ലോ.

നാലക്ഷരം കൂട്ടിവായിക്കാനറിയാത്ത മലയാളബിരുദക്കാര്‍ പുരനിറഞ്ഞിറങ്ങുന്ന കാലത്ത് ചുള്ളിക്കാടിന്റെ പ്രതിഷേധത്തിന് പ്രസക്തിയുണ്ട്. തന്റെ കവിതകള്‍ പഠിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞതിനു പിന്നില്‍ കുട്ടികളോടുള്ള അമര്‍ഷമല്ലെന്ന് ഓര്‍ക്കണം. അവരെ ഈ നിലയില്‍ എത്തിച്ച അധ്യാപകസമൂഹമുണ്ടിവിടെ. ജാതി മത പണത്തിനുമീതെ കെട്ടിപ്പൊക്കിയ അധ്യാപകവേഷങ്ങള്‍ നമ്മുടെ സമൂഹത്തില്‍ പടര്‍ത്തുന്ന വിഷം ചുള്ളിക്കാട് തിരിച്ചറിഞ്ഞിരിക്കുന്നു. നാളെ പ്രതിഷേധിക്കാന്‍ നമ്മുക്കൊരു ചുള്ളിക്കാട് ഇല്ലാതാകുന്ന കാലം വരും.

കിനാവും നിലാവും മഴയും നീര്‍മിഴിയും മറിച്ചും തിരിച്ചുമെഴുതുന്ന ചിന്തകളാല്‍ രൂപപ്പെട്ട നിരവധി കവിവേഷങ്ങള്‍ മാത്രമാകും. ഗഹനമായ ചിന്തകളാല്‍ അലട്ടപ്പെടാതെ യൗവനങ്ങളെ ‘കണ്ണിറുക്കലില്‍’ തളയ്ച്ചിടാന്‍ ശ്രദ്ധപതിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്, ഈ കേരളത്തെ ഇങ്ങനെ ആക്കിത്തീര്‍ത്തതില്‍. സമൂഹം ഇങ്ങനെ തലകീഴായി തന്നെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് ചാകര ഒരുക്കുന്ന കളിമണ്‍ തലകളുമായി കേരളത്തിന്റെ യൗവനം മാറാതിരിക്കട്ടെ.

ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതിനെ ഗൗരവമായി എടുക്കാന്‍ ഒരൊറ്റ രാഷ്ട്രീയനേതാക്കാളും തയ്യാറായിട്ടില്ല. ഇടതുപക്ഷമാണ് ഇവിടെ ഭരിക്കുന്നത്. സാംസ്‌കാരിരംഗത്തും ഒറ്റപ്പെട്ട അഭിപ്രായപ്രകടനങ്ങളേ നമ്മള്‍ കണ്ടുള്ളൂ. രാഷ്ട്രീയ യജമാനന്മാര്‍ കണ്ണിറുക്കിയാല്‍ മാത്രം മിണ്ടുന്ന സാംസ്‌കാരിക നേതാക്കന്മാരും ‘കളിമണ്‍’ തലകളുമായി നമ്മുക്കുമുന്നില്‍ ഇളിച്ചുനില്‍ക്കുകയാണ്. കണ്ണുതുറന്ന് കാണുന്ന കാഴ്ചയോളം സുന്ദരമല്ല കണ്ണറുക്കിയാല്‍ കാണുന്ന കാഴ്ചയെന്നുമാത്രം അവരും ഓര്‍ക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here