കണ്ണൂര്‍ | വീട് രേഷ്മയുടെ പേരിലല്ല. വാടക കരാറിന്റെ അടിസ്ഥാനത്തില്‍ വീടു നല്കുമ്പോള് നിജില്‍ദാസിന്റെ പേരില്‍ കേസുണ്ടായിരുന്നില്ല….പിണറായിയിലെ സ്കൂള്‍ അധ്യാപിക രേഷ്മ പ്രശാന്തിനെതിരെ പോലീസ് ചുമത്തിയത് കള്ളകേസെന്നു ആരോപണവുമായി കുടുംബം. സൈബര്‍ ആക്രമണങ്ങളിലും അതിനോട് പോലീസ് പുലര്‍ത്തിയ നിസംഗതിയും മനം നൊന്ത് നിയമനടപടിയിലേക്കു കുടുംബം നീങ്ങുന്നു.
തലശ്ശേരി ഹരിദാസന് വധക്കേസിലെ പ്രതിയും ബി.ജെ.പി പ്രവര്‍ത്തകനുമായ നിജില്‍ദാസിനെ കഴിഞ്ഞ ദിവസമാണ് പിണറായി പാണ്ട്യാലമുക്കിലെ വാടകവീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ വീടില് നിന്നും അധികം ദൂരത്തല്ലാത്ത ഇവിടെ ദിവസങ്ങളായി തങ്ങുന്നതിനിടെയാണ് നാടകീയ അറസ്റ്റ്. പ്രതിക്കു ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയതിനു സ്കൂള്‍ അധ്യാപികയായ ആണ്ടലൂര്‍ സ്വദേശി രേഷ്മ പ്രശാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരത്തോടെ കോടതി രേഷ്മയ്ക്കു ജാമ്യം അനുവദിച്ചു.
അറസ്റ്റിനു പിന്നാലെ രേഷ്മയ്ക്കെതിരെ പല രീതിയിലുള്ള ആരോപണങ്ങളുമായി ഒരു വിഭാഗം സൈബര്‍ ആക്രമണം തുടങ്ങി. നിജില്‍ദാസിന്റെ ഭാര്യ ദിപിനയുടെ ചെറുപ്പംമുതലുള്ള സുഹൃത്താണ് രേഷ്മയെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ദിപിനയുടെ ആവശ്യപ്രകാരം നാലു ദിവസത്തേക്കാണ് വീടു നല്‍കിയത്. കരാര്‍ തയാറാക്കി ഒപ്പിട്ടു വാങ്ങിയ ഷേമാണ് വീടു നല്‍കിയതെന്നും ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും അറിവോടെയാണ് വീടു നല്‍കിയതെന്നുമാണ് കുടുംബം വ്യക്തമാക്കുന്നത്.
വീടിന്റെ ഉടമ രേഷ്മയല്ലെന്നും പിണറായിയിലെ വീട്ടില്‍ താമസത്തിനെത്തുമ്പോള്‍ നിജില്‍ദാസ് കേസിലെ പ്രതിയല്ലെന്നും അഭിഭാഷകനായ പി. പ്രേമരാജന്‍ ചൂണ്ടിക്കാട്ടി. ഇവിടെ നിന്നും വളരെ ദൂരെയാണ് അവര്‍ താമസിക്കുന്നത്. വീടിന്റെ താക്കോല്‍ അവരുടെ കൈവശമല്ല. ആ വീട്ടില്‍ നിന്നു അറസ്റ്റ് ചെയ്തുവെന്നു കാണിച്ചു പോലീസ് കളവായി കേസുണ്ടാക്കുകയായിരുന്നു. വൈകുന്നേരം അറസ്റ്റ് ചെയ്തിട്ടു രാത്രി 11.15നു മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുന്നത്. ഇതു ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും സ്ത്രീയെന്ന നിലയ്ക്കു ലഭിക്കേണ്ട ഒരു പരിഗണനയും ന്യൂമാഹി പോലീസ് നല്‍കിയിട്ടില്ലെന്നും അഭിഭാഷകന് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുന്നതിനു മുന്നേ, നിജില്‍ദാസിനെ പ്രതിയാക്കി യാതൊരു റിപ്പോര്‍ട്ടും കോടതിയില്‍ കൊടുത്തിട്ടില്ല. അതിനാല്‍ തന്നെ പിണറായിയിലെ വീട്ടില്‍ താമസിക്കുമ്പോള്‍ അയാല്‍ പ്രതിയല്ലെന്നും അഭിഭാഷകന് വാദിക്കുന്നു. ന്യൂമാഹി പോലീസിന്റെ ഗൂഢാലോചനയ്ക്കും സൈബര്‍ ആക്രമണങ്ങളിലും ബോംബറിലും നടപടി സ്വീകരിക്കാത്തതിനും തുടര്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് കുടുംബത്തിന്റെ നിലപാട്.