കേരളത്തില്‍ താപനില 34 ഡിഗ്രി വരെ, പല സംസ്ഥാനങ്ങളും അത്യുഷ്ണത്തിലേക്കു നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി | കേരളത്തിലെ പകല്‍ സമയത്തെ താപനില 32-34 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നു. മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി വിഭിന്നമല്ല. വരും ദിവസങ്ങളില്‍ പല സംസ്ഥാനങ്ങളും അത്യുഷ്ണത്തിലേക്കു നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര, ഒഡിഷ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അത്യുഷ്ണത്തിനുള്ള സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കുന്നത്.

സമതലപ്രദേശങ്ങളില്‍ താപനില 40 ഡിഗ്രിയില്‍ അധികമാവുകയും തീരപ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാവുകയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 30 ഡിഗ്രി കടക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണ തരംഗ സാധ്യതയുണ്ടാകുന്നത്. സാധാരണ അനുഭവപ്പെടുന്ന കൂടിയ താപനിലയേക്കാള്‍ 4.5 – 6.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനില രേഖപ്പെടുത്തുമ്പോള്‍ അതിനെ ഉഷ്ണതരംഗമായി കണക്കുന്നു. കൂടാതെ, ഒരു പ്രത്യേക പ്രദേശത്തിന്റെ താപനില 45 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ ആകുമ്പോള്‍ ഉഷ്ണതരംഗമായി കണക്കാപ്പെടും. താപനില 47 ഡിഗ്രി സെല്‍ഷ്യസിലധികമാവുമ്പോള്‍ അതിരൂക്ഷ ഉഷ്ണതരംഗമായും പരിഗണിക്കും.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനിലയേക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസോളം താപനിലയില്‍ വര്‍ധനവുണ്ടാകുമെന്നും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവടങ്ങളില്‍ അടുത്ത മൂന്നു നാല് ദിവസങ്ങള്‍ക്കുള്ളില്‍ താപനില 2 4 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പറയുന്നു. മുംബൈയിലെ താപനില ഒരു ഡിഗ്രിയിലധികം വര്‍ധിക്കാനും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് 80 90 ശതമാനമാകാനും സാധ്യതയുണ്ട്. ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാണ, ഉത്തര്‍പ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന താപനില 45 ഡിഗ്രിയോ അതിലധികമോ രേഖപ്പെടുത്തിയിരിക്കുകയാണ്.

കേരളത്തിലെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here