അടി, അക്രമം, കസേരയേറ്, തുണി വലിച്ചു കീറല്‍് പിടിച്ചു പുറത്താക്കല്‍… പഴയ ‘പരിപാടി’ പുതിയ ‘കുപ്പിയില്‍’

0

അടി, അക്രമം, കസേരയേറ്, തുണി വലിച്ചു കീറല്‍് പിടിച്ചു പുറത്താക്കല്‍… വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴക രാഷ്ട്രീയത്തിന്റെ രീതിക്ക് മാറ്റമില്ല. 28 വര്‍ഷത്തിനു ശേഷം തമിഴ്‌നാട് നിയമസഭയില്‍ ഒരിക്കല്‍ കൂടി അരങ്ങേറിയ വിശ്വാസവോട്ടെടുപ്പ് ചരിത്രത്തിന്റെ ആവര്‍ത്തനമായി മാറി. ജാനകി പക്ഷവും ജയലളിത പക്ഷവുമായി ചേരി തിരിഞ്ഞ് അന്ന് പിളര്‍പ്പിന്റെ വക്കിലെത്തിയ അണ്ണാ ഡിഎംകെയില്‍ ചരിത്രം ആവര്‍ത്തിയ്ക്കുകയാണ്. അണ്ണാ ഡിഎംകെയുടെ സ്ഥാപകന്‍ എംജിആറിന്റെ മരണശേഷം മുഖ്യമന്ത്രിയായ ഭാര്യ ജാനകി രാമചന്ദ്രന്‍ വിശ്വാസവോട്ടെടുപ്പിനെ നേരിട്ടപ്പോള്‍ നിയമസഭയിലുണ്ടായത് നാടകീയരംഗങ്ങളാണ്.

സ്പീക്കറായിരുന്ന പി.എച്ച്. പാണ്ഡ്യന്‍ നടത്തിയ പ്രഖ്യാപനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ധനപാലിന്റെ ഇന്നത്തെ നടപടികള്‍. ധനപാല്‍ ഒരുക്കിയ വേദിയില്‍, പ്രതിപക്ഷമില്ലാതെ, പനീര്‍സെല്‍വ അനുകൂലികളായ 11 പേരുടെ എതിര്‍പ്പ് മാത്രം നിലനിര്‍ത്തി, പളനിസ്വാമി നിയമസഭയില്‍ വിശ്വാസം തെളിയിച്ചു. പിന്തുണ 122 വോട്ട്.

പനീര്‍സെല്‍വത്തിനൊപ്പം നില്‍ക്കുന്ന പാണ്ഡ്യനായിരുന്നു അന്ന് സ്പീക്കര്‍. 97 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന ജാനകിയുടെ വിശ്വാസം തെളിയിക്കാന്‍ സഭ സമ്മേളിച്ചപ്പോള്‍, ഏതാനും കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ച് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് 12 മണിവരെ സഭ നിര്‍ത്തിവച്ചു. വീണ്ടും ചേര്‍ന്നപ്പോള്‍ ജയ വിഭാഗക്കാരായ അഞ്ച് അംഗങ്ങളെ അയോഗ്യരാക്കി. വീണ്ടും ബഹളം മൂന്നു മണിവരെ സഭ നിര്‍ത്തിവച്ചു. ഇതിനിടെ ജയവിഭാഗം കോണ്‍ഗ്രസിലെ ശിവരാമനെ സ്പീക്കറാക്കി പ്രത്യേക സമ്മേളനം ചേര്‍ന്നശേഷം സ്പീക്കറെ കണ്ടു.

നിര്‍ത്തിവച്ച സഭ മൂന്നു മണിക്ക് സമ്മേളിച്ചപ്പോള്‍ രണ്ടു സ്പക്കര്‍മാര്‍ തമ്മില്‍ ഉന്തും തള്ളും. പോലീസ് സഭയിലെത്തി. പിന്നെ ലാത്തി ചാര്‍ജായി. ജയ, കോണ്‍ഗ്രസ് ഐ അംഗങ്ങളെ പോലീസ് പുറത്താക്കി. പാണ്ഡ്യന്‍ വീണ്ടും സഭയിലെത്തി വിശ്വാസ വോട്ട് നടത്തി. 97 പേര്‍ ജാനകി പക്ഷത്തെ അനുകൂലിച്ചതായും എട്ട് ഡി.എം.കെ. എം.എല്‍.എമാര്‍ എതിര്‍ത്തതായും പ്രഖ്യാപിച്ചു. എന്നാല്‍, ഗവര്‍ണര്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് സഭ പിരിച്ചു വിട്ടു.

സമാനമായ രീതിയില്‍ ഇന്ന് അരങ്ങേറിയ സംഭവങ്ങളില്‍ ഗവര്‍ണര്‍ക്കു മുന്നില്‍ പരാതി എത്തിക്കഴിഞ്ഞു. സ്റ്റാലിന്‍ നിരവഹാര സത്യാഗ്രഹവും ആരംഭിച്ച സാഹചര്യത്തില്‍ അധികാര മേറ്റ സര്‍ക്കാരിന് വരും ദിവസങ്ങള്‍ കനത്ത വെല്ലുവിളി തന്നെ ആയിരിക്കും. ഗവര്‍ണറുടെ നടപടി എന്താകും എന്നതും നിര്‍ണായകമാണ്. തമിഴ്‌നാട് രാഷ്ട്രീയം വരും ദിവസങ്ങളിലും കലുഷിതമായിരുന്നുമെന്ന് ഉറപ്പ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here