‘സുധീര’യുഗം അവസാനിക്കുന്നു, അപ്രതീക്ഷിത രാജിയെന്ന് നേതാക്കള്‍

0
2

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെയോ സ്ഥാനമൊഴിഞ്ഞ കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടേയോ പിന്തുണയില്ലാത്ത സംസ്ഥാന കോണ്‍ഗ്രസിന്റെ അമരക്കാരനായി. അന്നു ഞെട്ടിയവരെയും കൂടി ഞെട്ടിച്ച് വി.എം. സുധീരന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.

പാര്‍ട്ടി ആസ്ഥാനത്ത് പത്രസമ്മേളനം വിളിച്ച്, ആദ്യം മാധ്യമങ്ങളെ അറിയിക്കുന്നുവെന്ന മുഖവുരയോടെയുടെ രാജി പ്രഖ്യാപനം. കോഴിക്കോട്ടു വച്ച് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റിരുന്നു. കുറച്ചു നാള്‍ നീണ്ടു നില്‍ക്കുന്ന ചികിത്സ ആവശ്യമാണെന്ന വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വി.എം. സുധീരന്റെ വിശദീകരണം. അതിന് അവധിയെടുത്താല്‍ പോരെയെന്ന പലരുടേയും അഭിപ്രായത്തെ തള്ളിയാണ് തീരുമാനം.

തീരുമാനം മുന്‍കൂട്ടി അറിയിച്ചത് എ.കെ. ആന്റണി, രമേശ് ചെന്നിത്തല അടക്കമുള്ള ചുരുക്കം ചിലരെ മാത്രമെന്നാണ് സൂചന. കേരളത്തിലെ ഭൂരിഭാഗം നേതാക്കള്‍ക്കും തീരുമാനം അപ്രതീക്ഷിതമായിരുന്നു. എല്ലാവരെയും അല്‍ഭുതപ്പെടുത്തിയ തീരുമാനം. അതിനാല്‍ തന്നെ ഉള്‍പാര്‍ട്ടി രാഷ്ട്രീയത്തിന്റെ ഭാഗമല്ല തീരുമാനമെന്ന നിലപാടാണ് ആദ്യറൗണ്ടില്‍ നേതാക്കള്‍ പങ്കുവയ്ക്കുന്നത്.

രാജി തീരുമാനം അപ്രതീക്ഷിതവും വ്യക്തിപരവുമാണെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. രാജിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. പ്രഖ്യാപനത്തിനു പിന്നാലെ മുതിര്‍ന്ന കേരള നേതാക്കള്‍ ഡല്‍ഹിയില്‍ അനൗദ്യോഗിക കൂടിയാലോചനകള്‍ നടത്തി.

മൂന്നു വര്‍ഷം മുമ്പാണ് സുധീരനെ ഹൈക്കമാന്റ് കേരളത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നത്. അഴിമതി രഹിത ഇമേജിന്റെ ബലത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന സുധീരനെതിരെ പ്രബല ഗ്രൂപ്പുകള്‍ തിരിയുകയും ചെയ്തു. സുധീരനെ മാറ്റാനുള്ള കരുനീക്കങ്ങളുമായി എ ഗ്രൂപ്പ് മുന്നോട്ടു പോകുന്നതിനിടെയാണ് അപ്രതീക്ഷിത രാജി. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് എത്താനിരിക്കുന്നത് ആരെന്ന ചോദ്യങ്ങളും സജീവമായി.

LEAVE A REPLY

Please enter your comment!
Please enter your name here