ശബരിമല യുവതീ പ്രവേശന വിഷയം പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ മുന്നിലുള്ളത് 65 ഹര്‍ജികളാണ്. ഇവയില്‍ 56 എണ്ണം പുന:പരിശോധനാ ഹര്‍ജികളാണ്. മറ്റുള്ളവ അനുബന്ധ ഹര്‍ജികളാണ്.
പന്ത്രണ്ട് വര്‍ഷത്തിലധികം നിണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനാനുമതി നല്‍കികൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. 1951 മേയ് 18നാണ് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക അറിയിപ്പുണ്ടായത്. 52 നവംബര്‍ 24ന് ഇതുസംബന്ധിച്ച ക്ഷേത്ര വിളംബരമിറങ്ങി. 1965 ല്‍ കേരള പൊതുഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) പ്രകാരം വിലക്ക് നിയമപരമാക്കി.
69ലെ ശബരിമല ദേവപ്രശ്നവും സ്ത്രീ പ്രവേശനത്തിന് എതിരായിരുന്നു. യുവതികള്‍ വരരുതെന്ന് 72 ല്‍ ബോര്‍ഡ് മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്കി. എന്നാല്‍, 86 മാര്‍ച്ച് എട്ടിന് സന്നിധാനത്ത് സിനിമാ ചിത്രീകരണതതില് യുവനടിമാര്‍ നൃത്തം ചെയ്തതടക്കം വിഷയം റാന്നി കോടതിയുടെ മുന്നിലെത്തി. അനുമതി നല്കിയ ഉദ്യോഗസ്ഥര്‍, നടിമാര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവര്‍ ശിക്ഷിക്കപ്പെട്ടു. പിന്നാലെ 91 ല്‍ യുവതി പ്രവേശനം ഹൈക്കോടതിയും വിലക്കി. എന്നാല്‍, 93ല്‍ ശബരിമയില്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ചന്ദ്രികയുടെ പേരക്കുട്ടിയുടെ സന്നിധാനത്തു നടന്ന ചോരൂണില് യുവതികള്‍ പങ്കെടുത്തത് വിവാദമായി.
2006 ലെ ദേവപ്രശ്നത്തോടെയാണ് വിവാദം ചൂടുപിടിച്ചത്. വിഗ്രഹത്തില്‍ സ്ത്രീ സ്പര്ശമുണ്ടായെന്ന പ്രശ്നവിധിക്കു പിന്നാതെ അതുതാനായിരുന്നുവെന്ന് വെളിപ്പെടുത്തി നടി ജയമാലയും രംഗത്തെത്തി. ഇന്ത്യന്‍ യെങ് ലായേഴസ് അസോസിയേഷന് സുപ്രീം കോടതിയെ സമീപിച്ചതും ഇതേ വര്‍ഷമാണ്. അടുത്ത വര്‍ഷം യുവതീ പ്രവേശനത്തിന് അനുകൂലമായി വി.എസ്. സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. 2016ല്‍ യു.ഡി.എഫ സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തി ആചാരം തുടരണമെന്ന നിലപാട് സ്വീകരിച്ചു. ഒക്ടോബര്‍ 13ന് കേസ് മൂന്നംഗ ബെഞ്ചില്‍ നിന്ന് ഭരണഘടനാ ബെഞ്ചിലേക്ക് എത്തി. 2018 സെപ്റ്റര്‍ 28ന് ഉണ്ടായ യുവതി പ്രവേശന വിധിക്കെതിരെ കേരളത്തില്‍ ശക്തമായ പ്രക്ഷോഭം രൂപപ്പെട്ടു. പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്കെത്തി.
ഭരണഘടനയുടെ 25-ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വിഷയം ഹിന്ദുമതത്തിന്റെ അനുപേക്ഷണീയ ആചാരമല്ലെന്നാണ് പുന:പരിശോധനാ ഹര്‍ജികളെ എതിര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ശബരിമല പൊതുക്ഷേത്രമാണെന്നും അതുകൊണ്ട് നിയമം ബാധകമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കാശിയും പുരിയും തിരുപ്പതിയുമൊക്കെ സവിശേഷ സ്വഭാവമുള്ള ക്ഷേത്രങ്ങളാണ്. എന്നാല്‍ അവയെ പ്രത്യേക മതവിഭാഗത്തിന്റേതായി കോടതി അംഗീകരിച്ചിട്ടില്ലെന്നുമുള്ള നിലപാടാണ് കേരള സര്‍ക്കര്‍ സ്വീകരിച്ചത്.
സമൂഹം കാലത്തിനൊത്തു മാറണമെന്നും ക്ഷേത്രാചാരങ്ങള്‍ ഭരണഘടനാ ധാര്‍മികതയ്ക്കു വിരുദ്ധമാകരുതെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് സ്വീകരിച്ചത്. ചരിത്രപരമായ പശ്ചാത്തലം മനസിലാക്കാതെയാണ് ശബരിമലയിലേത് അയിത്തമെന്ന നിലപാട് കോടതി സ്വീകരിച്ചതെന്നാണ് എന്‍.എസ്.എസിന്റെ വാദം. ശബരിമലയിലേക്ക് ജാതി അടിസ്ഥാനത്തിലല്ല, പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചാരി സ്വഭാവത്തിന്റെ അടിസ്ഥാനത്തിലുള്ള ആചാരമാണെന്നും എന്‍.എസ്.എസ് വാദിക്കുന്നു.
ശബരിമലയിലെ ആചാരം ഒരു വിഭാഗം ഹിന്ദുക്കള്‍ തങ്ങളുടെ അടിസ്ഥാന വിശ്വാസമായി അംഗീകരിച്ചതാണെന്ന് ശബരിമല ആചാര സംരക്ഷണസമിതി പറയുന്നു. പ്രതിഷ്ഠയുടെ സ്വഭാവമെന്നത് മതത്തിന്റെ ആഭ്യന്തര കാര്യമാണെന്നും തീരുമാനമെടുക്കേണ്ടത് മതത്തിലുള്ളവരാണെന്നുമാണ് അവരുടെ നിലപാട്.
നൈഷ്ഠിക ബ്രഹ്മചാരിയെന്ന സങ്കല്‍പ്പം എല്ലാ ദിവസവും പൂജയിലൂടെ ആവര്‍ത്തിച്ചു സ്ഥാപിക്കപ്പെടുന്ന സംഗതിയാണെന്ന് തന്ത്രി കണ്ഠര് രാജീവര് ഭരണഘടനാ ബെഞ്ചിനെ ബോധിപ്പിച്ചു. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചാരി സ്വഭാവവും വിശ്വാസിയുടെ ഭരണഘടനാപരമായ മൗലികാവകാശത്തിന്റെ ഭാഗമാണ്. വിശ്വാസകാര്യങ്ങള്‍ തന്ത്രിയുടേതാണ് അവസാന വാക്കെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.