സാഹസികമായി പമ്പ നീന്തി കടന്നു, തന്ത്രിയില്ലാതെ നട തുറന്ന് നിറപുത്തിരി, മലചവിട്ടാനാകാതെ അയ്യപ്പന്‍മാര്‍…

0

പമ്പ: നദിക്കു കുറുകെ കെട്ടിയ വടത്തില്‍ പിടിച്ച് നീന്തി രണ്ടു തൊഴിലാളികള്‍ സാഹസികമായി നെല്‍കതിര്‍ അക്കരെയെത്തിച്ചു. അവിടെ നിന്നും ട്രാക്ടറില്‍ സന്നിധാനത്തേക്ക്…

ഈ നെല്‍കതിര്‍ ഉപയോഗിച്ച് കൃത്യ സമയത്തുതന്നെ നിറപുത്തിരി ചടങ്ങുകള്‍ ശബരിമലയില്‍ നടത്തി. തന്ത്രിക്ക് എത്താനായില്ല. തന്ത്രിയുടെ അഭാവത്തില്‍ മേല്‍ശാന്തിയാണ് നിറപുത്തരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. പുലര്‍ച്ചെ നാലിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ നിറപുത്തിരി ചടങ്ങുകള്‍ തുടങ്ങി. ആറിന് നെല്‍കറ്റകള്‍ ശ്രീകോവിലിലെത്തിച്ച് ഭഗവാന് സമര്‍പ്പിച്ചു.

തന്ത്രിയില്ലാതെ നട തുറക്കേണ്ടി വരുകയും നിറപുത്തിരി നടത്തേണ്ടി വരുകയും ചെയ്യുന്ന സാഹചര്യം ചരിത്രത്തില്‍ അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. നിറപുത്തിരിക്ക് തന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കാനാണ് കാനന പാതയിലൂടെ കണ്ഠര് മഹേശ്വരരെയും സംഘത്തെയും എത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍, അതും നടക്കാത്ത സ്ഥിതിയാണ് ഉണ്ടായത്. പെരിയാര്‍ കടുവാ സങ്കേതം ക്യാമ്പില്‍ തങ്ങുന്ന തന്ത്രിയും സംഘവും കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് സന്നിധാനത്ത് എത്തിച്ചേരും. അയ്യപ്പന്‍മാര്‍ക്കും മല ചിവിട്ടാന്‍ സാധിച്ചിട്ടില്ല.

മേല്‍ശാന്തി അടക്കം നൂറോളം പേരാണ് നിലവില്‍ ശബരിമലയിലുള്ളത്. ഭക്തരെയാരെയും പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടക്കാന്‍ അനുവദിച്ചിട്ടില്ല. പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സ്ഥിതിയാണ്. ശബരിഗിരി പദ്ധതിയുടെ പമ്പ, ആനത്തോട് ഡാമുകള്‍ തുറന്നുവിട്ടതോടെ പമ്പ, ത്രിവേണി സംഗമം എന്നിവിടങ്ങള്‍ പൂര്‍ണ്ണായി തന്നെ വെള്ളത്തിനടിയിലാണ്. നടപന്തല്‍ വരെ വെള്ളം കയറിയ സ്ഥിതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here