ചൂടുപിടിച്ച് ശബരിമല, അജണ്ട് സെറ്റ് ചെയ്ത് മോദി, പിന്നാലെ ഓടി കോണ്‍ഗ്രസും സി.പി.എമ്മും

0

തെരഞ്ഞെടുപ്പില്‍ ശബരിമല ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി.ജെ.പി നീക്കത്തെ പ്രതിരോധിക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും കളത്തിലിറങ്ങി. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി- ആര്‍.എസ്.എസ്. നേതാക്കള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്‍ ആരോപിച്ചു. വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.

സുപ്രീം കോടതി വിധി വന്നപ്പോള്‍ ബി.ജെ.പിയോ കേന്ദ്രസര്‍ക്കാരോ പുന:പരിശോധനാ ഹര്‍ജി നല്‍കിയില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. സുപ്രീം കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന ബി.ജെ.പി വാദം പുന:പരിശോധന ഹര്‍ജിയിലെ വാദം പൂര്‍ത്തിയായ സ്ഥിതിക്ക് നടക്കില്ലെന്നും കോടിയേരി പറഞ്ഞു. സന്നിധാനത്തു കലാപമുണ്ടാക്കിയും പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞുനിന്നും ആചാരങ്ങള്‍ ലംഘിച്ചവര്‍ക്ക് ഇപ്പോള്‍ വിശ്വാസത്തിന്റെ പേരില്‍ വോട്ടു ചോദിക്കാന്‍ അവകാശമില്ല. കര്‍മസിമിതി നേതാവ് സ്വാമി ചിദാനന്ദപുരി സന്യാസി വേഷം കെട്ടിയ ആര്‍.എസ്.എസുകാരനാണെന്നും കോടിയേരി ആരോപിച്ചു.

അയ്യപ്പന്റെ പേരില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രധാനമന്ത്രിക്കു അവകാശമില്ലെന്ന് മുഖ്യമന്ത്രി കൊല്ലത്തു എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. അയ്യപ്പന്റെ പേര് പറഞ്ഞാല്‍ അറസ്റ്റ് എന്നു പറയുന്നതു പച്ചക്കള്ളമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ശബരിമല വിധിക്കെതിരെ നിയമനിര്‍മ്മാണം വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടപ്പോള്‍ ഒളിച്ചോടിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ നടത്തുന്ന നാടകം വിജയിക്കില്ലെന്ന്് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സി. വേണുഗോപാലും പ്രതികരിച്ചു.

രണ്ടു പാര്‍ട്ടികളും ബി.ജെ.പിക്കു പ്രതിരോധം തീര്‍ത്ത് രംഗത്തെത്തുകയും കര്‍മ്മസമിതി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ ശബരിമല വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. അതിനാല്‍, തന്നെ ദിവസങ്ങള്‍ക്കപ്പുറം പോളിംഗ് ബൂത്തിലെത്തേണ്ട് കേരള ജനതയെ വിഷയം സ്വാധീനിക്കുമെന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here